രാജ്യത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ അധിക നടപടികളൊന്നും വേണ്ടെന്നും വിഖായ
റിയാദ്: എച്ച്.എം.പി.വി വൈറസ് വാർത്തകൾക്കിടെ വൈറസുമായി ബന്ധപ്പെട്ട ആശ്വാസ വാർത്തയുമായി സഊദി പബ്ലിക് ഹെൽത് അതോറിറ്റി (വിഖായ). രാജ്യത്ത് എച്ച്.എം.പി.വി വൈറസ് വ്യാപനം തടയാന്‍ അധിക നടപടികള്‍ ആവശ്യമില്ലെന്നും അടുത്തിടെ ചൈനയിലും ലോകത്തെ പല രാജ്യങ്ങളിലും വ്യാപകമായി പടര്‍ന്നുപിടിച്ച എച്ച്.എം.പി.വി വൈറസ് ഉള്‍പ്പെടെയുള്ള എല്ലാ ശ്വാസകോശ വൈറസുകളും പരിശോധിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ലബോറട്ടറികളിലുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) പറഞ്ഞു.
നിലവിലെ നിരീക്ഷണത്തിൽ വൈറസിൽ ഒരു വ്യത്യാസവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ രാജ്യത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ അധിക നടപടികളൊന്നും സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും അതോറിറ്റി വിശദീകരിച്ചു.
അതേസമയം, ചിലയാളുകളിൽ വൈറസ് ബാധ സങ്കീർണ്ണത വരുത്തുമെന്ന് ഇന്റേണല്‍ മെഡിസിന്‍, സാംക്രമികരോഗ കണ്‍സള്‍ട്ടന്റും ദക്ഷിണ സൗദിയിലെ സായുധ സേനാ ആശുപത്രിയിലെ അണുബാധ നിയന്ത്രണ വിഭാഗം മേധാവിയുമായ ഡോ. അലി അല്‍ശഹ്രി പറഞ്ഞു. അറുപതു വയസ്സിനു മുകളില്‍ പ്രായമായവരും കുട്ടികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കുന്നവരും ശ്വാസകോശ, ഹൃദയ രോഗങ്ങള്‍ ബാധിച്ചവരും അടക്കമുള്ള ചില വിഭാഗം ആളുകള്‍ക്ക് ഈ വൈറസ്ബാധ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കിയേക്കുമെന്നും ആശുപത്രിവാസത്തിനും തീവ്രപരിചരണത്തില്‍ പ്രവേശിപ്പിക്കപ്പെടാനും ഒരുപക്ഷേ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്നുമാണ് ഇദ്ദേഹം വിശദീകരിക്കുന്നത്.
ആര്‍.എന്‍.എ വൈറസുകള്‍ അടക്കം മറ്റ് പല വൈറസുകളെയും പോലെ ഈ വൈറസിനും വാക്‌സിനോ ചികിത്സയോ ഇല്ല. ഇത്തരം വൈറസുകള്‍ക്ക് ഫലപ്രദമായ വാക്‌സിനുകളോ മരുന്നുകളോ കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ചില മരുന്നുകള്‍ പരീക്ഷിക്കുന്നുണ്ട്. അവ ഇതുവരെ കാര്യമായ ഫലപ്രാപ്തി തെളിയിച്ചിട്ടില്ല. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരേയൊരു പരിഹാരം പ്രതിരോധമാണ്. ചികിത്സയേക്കാള്‍ പ്രതിരോധമാണ് നല്ലത്.
കുട്ടികളില്‍ ഗുരുതരമാകാന്‍ സാധ്യത; റിപ്പോര്‍ട്ട്
സെപ്റ്റംബര്‍ അവസാനമോ ഒക്‌ടോബര്‍ ആദ്യമോ മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്താണ് ഈ വൈറസിന്റെ പ്രവര്‍ത്തനം പ്രത്യക്ഷപ്പെടുന്നത്. റെസ്പിറേറ്ററി സിന്‍സീഷ്യല്‍ വൈറസ് ബാധിച്ച് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞ് എച്ച്.എം.പി.വി വൈറസ് സജീവമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തിരക്കേറിയ പ്രദേശങ്ങള്‍ ഒഴിവാക്കല്‍, ആശുപത്രികള്‍, ഇരു ഹറമുകള്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍, പതിവായി കൈ കഴുകല്‍, വ്യക്തിശുചിത്വത്തില്‍ ശ്രദ്ധിക്കല്‍ എന്നീ മുന്‍കരുതല്‍ നടപടികളാണ് മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളെ പോലെ എച്ച്.എം.പി.വി വൈറസ് വ്യാപനം തടയാനും സ്വീകരിക്കേണ്ടതെന്ന് ഡോ. അലി അല്‍ശഹ്രി പറഞ്ഞു.
തണുപ്പുകാലത്ത് പടര്‍ന്നു പിടിക്കുന്ന എച്ച്എംപിവി ശ്വാസകോശത്തെയാണ് കാര്യമായി ബാധിക്കുന്നത്. സാധാരണ പനിപോലെയാണ് വൈറസ് ബാധിച്ചാല്‍ അനുഭവപ്പെടുക. അഞ്ച് വയസിന് മുന്‍പ് പലര്‍ക്കും എച്ച്എംപിവി രോഗബാധ ഉണ്ടാകാറുണ്ടെന്നാണ് യുഎസ് ആസ്ഥാനമായ അക്കാദമിക് മെഡിക്കല്‍ സെന്‍ററായ ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്‍റെ റിപ്പോര്‍ട്ട്. ഒരിക്കല്‍ രോഗബാധ വന്നു കഴിഞ്ഞാല്‍ വീണ്ടും വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആദ്യത്തെ അപേക്ഷിച്ച് രോഗലക്ഷണങ്ങള്‍ കാര്യമായി കാണാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവി വൈറസിന്‍റേതും. എന്നാല്‍ ചിലര്‍ക്ക് രോഗം ഗുരുതരമാകാം. ആദ്യം ബാധിക്കുന്ന സമയത്താണ് രോഗം ഗുരുതരമാകുന്നത്. അതിനാലാണ് കുഞ്ഞുങ്ങളില്‍ രോഗം ഗുരുതരമാകുള്ള സാധ്യത ഉയരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ചുമ, പനി, മൂക്കൊലിപ്പ് അല്ലെങ്കില്‍ മൂക്ക് അടയല്‍, തൊണ്ടവേദന, ശ്വാസം മുട്ടൽ, ശരീരത്തില്‍ ചുണങ്ങ് എന്നിവയാണ് രോഗലക്ഷണമെന്നും ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.
കോവിഡിന് കാരണമാകുന്ന സാര്‍സ്–കോവ്–2 വൈറസും എച്ച്എംപിവിയും വ്യത്യസ്ത വൈറല്‍ ഫാമിലിയില്‍ നിന്നുള്ളതാണെങ്കിലും ചില ബന്ധം ഇവ തമ്മിലുണ്ട്. രണ്ട് വൈറസും ശ്വാസകോശ അണുബാധയ്ക്കാണ് കാരണമാകുന്നത്. രോഗലക്ഷണങ്ങളും സമാനമാണ്. കുട്ടികളിലും പ്രായമായവരെയും പ്രതിരോധശേഷി കുറഞ്ഞവരുമാണ് രണ്ട് വൈറസുകളിലും ഉയര്‍ന്ന റിസ്കുള്ളവര്‍.
എച്ച്എംപിവിയും കൊവിഡും തമ്മിലുള്ള പ്രധാന വ്യത്യാസം വാക്സിനേഷനിലാണ്. കോവിഡിന് വാക്സിനുകൾ നിലവിലുണ്ടെങ്കിലും എച്ച്എംപിവിക്ക് വാക്സിനൊന്നും ലഭ്യമല്ല. മാസ്ക്, സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവയാണ് രോഗം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവയില്‍ പ്രധാന കാര്യങ്ങള്‍.