കോഴിക്കോട്: സമസ്തയുടെ ആശയങ്ങൾക്ക് വേണ്ടി നിരന്തരം പ്രവർത്തിക്കുന്ന ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്ത മുശാവറക്ക് പരാതി. സഊദി കേന്ദ്രമായി പ്രവർത്തിക്കുന്ന സമസ്തയുടെ പോഷക ഘടകമായ പ്രവാസി സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്ററാണ് (എസ്‌ഐസി) മുശാവറയ്ക്കു കത്തുനൽകിയത്. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ പതിമൂന്നാം ഘടകമാണ് സമസ്ത ഇസ്‌ലാമിക് സെന്റർ.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഹമീദ് ഫൈസി സഊദിയിൽ സമാന്തര സംഘടനയുണ്ടാക്കിയെന്നാണു പരാതിയിൽ പറയുന്നതെന്ന് മലയാളം ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് എസ് ഐ സി നേതാക്കൾ ശരി വെക്കുകയും ചെയ്തിട്ടുണ്ട്. സഊദിയിലെത്തി എസ്‌ഐസി അറിയാതെ രഹസ്യയോഗങ്ങൾ വിളിച്ചുകൂട്ടിയെന്നു പരാതിയിൽ പറയുന്നു. സമാന്തരമായി ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും ആരോപണമുണ്ട്.
ഇതിൽ നടപടി ആവശ്യപ്പെട്ടിരിക്കുകയാണു സംഘടനാ ഭാരവാഹികൾ. പ്രസിഡന്റ്, സിക്രട്ടറി ഉൾപ്പെടെ പ്രധാന കമ്മിറ്റി ഭാരവാഹികളാണ് കത്ത് നൽകിയതെന്നാണ് വിവരം. എന്നാൽ, കമ്മിറ്റിയിലെ മറ്റു അംഗങ്ങളോ മറ്റോ ഇത്തരമൊരു സമാന്തര സംഘടന ഉണ്ടാക്കിയതായോ ഹമീദ് ഫൈസി സഊദിയിൽ വിഭാഗ്ഗീയ പ്രവർത്തനം നടത്തിയെന്നോ അവകാശപ്പെടുന്നില്ല.
അതേസമയം, തർക്കവിഷയങ്ങൾ ചർച്ച ചെയ്യാൻ സമസ്ത മുശാവറ ഇന്ന് കോഴിക്കോട്ട് ചേരുന്നുണ്ട്. ഇതിനിടെയാണ് ഇത്തരമൊരു വാർത്ത പുറത്ത് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഉമർ ഫൈസി മുക്കത്തിനും സുപ്രഭാതം പത്രത്തിനുമെതിരായ പരാതികൾ ഉൾപ്പെടെ മുശാവറ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സമസ്ത ആദർശ സംരക്ഷണ സമിതി രൂപീകരിച്ചവർക്കെതിരായ പരാതിയും പണ്ഡിതസഭയുടെ മുന്നിലുണ്ട്. ലീഗ് അനുകൂലികളുടെയും വിരുദ്ധരുടെയും പരാതികൾ പരിഗണിച്ച് ഇരുവിഭാഗത്തെയും ഉൾക്കൊള്ളുന്ന നടപടിയിലേക്ക് നേതൃത്വം പോകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക