പി.വി. അൻവറിന്റെ അടുത്ത അനുയായി ഇ.എ. സുകുവിനെ പിടികൂടി പോലീസ്

0
1149

നിലമ്പൂർ: പി.വി. അൻവർ എം.എൽ.എ മോചതനാകുന്നതിന് പിന്നാലെ അടുത്ത അനുയായിയെ അറസ്റ്റ് ചെയ്ത് നിലമ്പൂർ പൊലീസ്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) നേതാവായ ഇ.എ. സുകുവിനെയാണ് ​മഫ്ത്തിയിൽ എത്തിയ പൊലീസ് വഴിക്കടവ് അങ്ങാടിയിൽ വെച്ച് പിടികൂടിയത്.

സി.പി.എം മരുത മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇ.എ. സുകു പി.വി. അന്‍വറിന്റെ അടുത്ത അനുയായിയാണ്. വഴിക്കടവ് പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. അൻവറിനെതി​രെ ചുമത്തിയ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചുവെന്ന അതേകേസ് തന്നെയാണ് സുകുവിനെതിരെയും പൊലീസ് രജിസ്റ്റർ ചെയ്തത്.

അന്‍വര്‍ എം.എല്‍.എക്ക് ജാമ്യം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ്‌ സുകുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പി.വി. അന്‍വര്‍ അടക്കം 11 പേരാണ് കേസിലെ പ്രതികള്‍. അതില്‍ എം.എല്‍.എയടക്കം അഞ്ചുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന മറ്റുള്ളവരിൽ ഉൾപ്പെടുത്തിയാണ് സുകുവി​നെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.