Tuesday, 14 January - 2025

പിണറായിസത്തെ ഒറ്റക്കെട്ടായി എതിർക്കും, ഇതിനായി യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കും; പി.വി.അൻവർ

നിലമ്പൂർ: പിണറായിയുടെ ഭരണകൂട ഭീകരതയ്ക്കും ദുർഭരണത്തിനും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും എതിരെ യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് പി.വി.അൻവർ എംഎൽഎ. തവനൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻവർ.

ഇതുവരെ നടത്തിയത് ഒറ്റയാൾ പോരാട്ടമാണ്. ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിർക്കും. അതിനു വ്യക്തിപരമായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്. പൊതുസമൂഹവും മാധ്യമങ്ങളും പാണക്കാട് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങി മുഴുവൻ പേരും ഈ വിഷയത്തിൽ ധാർമിക പിന്തുണ നൽകിയെന്നതാണ് തനിക്ക് ആശ്വാസമായത്. താമരശേരി, ബത്തേരി ബിഷപ്പുമാർ, സി.പി.ജോൺ തുടങ്ങിയവരും പിന്തുണച്ചു. ജാമ്യം കിട്ടിയതിന് ദൈവത്തിന് നന്ദിയെന്നും അൻവർ പറഞ്ഞു.

‘‘വന്യജീവി ആക്രമണം അങ്ങേയറ്റം ഭീഷണിയാണെന്ന് അംഗീകരിക്കപ്പെടുന്നതാണ് ഈ പിന്തുണ കൊണ്ടു കാണുന്നത്. 100 ദിവസമായാലും ജയിലിൽ കിടക്കാൻ തയാറായി, വീട്ടുകാരോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിരുന്നു. അവിടെയെല്ലാം അത്താണിയായത് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജുഡീഷ്യൽ സംവിധാനമാണ്. അവിടെനിന്ന് നീതി കിട്ടി. സർക്കാരിന് തിരച്ചടി മാത്രമേയൂള്ളൂ. പിണറായി സ്വയം കുഴികുത്തുകയാണ്.

സിപിഎം ഇനി അധികാരത്തിൽ വരാതിരിക്കാനുള്ള കരാറാണ് പിണറായിയും കേന്ദ്രത്തിലെ ആർഎസുംഎസും തമ്മിൽ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്. കേരളത്തിലെ മുസ്‌ലിംകൾ മുഴുവൻ തീവ്രവാദികളാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നു. ന്യൂനപക്ഷത്തെ മനഃപൂർവം അകറ്റുന്ന നിലപാടാണ് പിണറായിയുടേത്. എൽഡിഎഫിനോട് ആഭിമുഖ്യമുണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ പാർട്ടിയിൽനിന്ന് അകലുകയാണ്. പിന്നീടുള്ളത് ക്രൈസ്തവ സമൂഹമാണ്. അവരും വനഭേദഗതി ബില്ലു കാരണം പാർട്ടിയിൽനിന്ന് അകലും. കേരളത്തിന്റെ നിയമത്തിലാണ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം കൊടുക്കുന്നത്.’’– അൻവർ പറഞ്ഞു.

Most Popular

error: