‘കൂടെ നിന്നവര്‍ക്ക് അഭിവാദ്യങ്ങള്‍, നേരില്‍ കാണാം’; ജാമ്യം ലഭിച്ചതിന് പിന്നാലെ പി വി അന്‍വര്‍

0
1140

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് പി വി അന്‍വര്‍ എംഎല്‍എ. ജാമ്യം ലഭിച്ചുവെന്നും കൂടെ നിന്നവര്‍ക്ക് അഭിവാദ്യങ്ങളെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരില്‍ കാണാമെന്നും അന്‍വര്‍ കുറിപ്പില്‍ പറഞ്ഞു.

കേസില്‍ അല്‍പസമയം മുന്‍പായിരുന്നു അന്‍വറിന് ജാമ്യം ലഭിച്ചത്. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് പിന്നില്‍ ഭരണകൂട ഭീകരതയെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. അന്‍വറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു.