തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തിന് കളമൊരുങ്ങുന്നു. ഈ വിഷയം അടക്കം ചർച്ച ചെയ്യാൻ കെപിസിസി അടിയന്തര യോഗം ഈ മാസം 12 ന് ഇന്ദിരാഭവനില്‍ ചേരും. രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ കത്ത് ലഭിച്ചു.
എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശം. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും ഇതോടെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം.
പി വി അന്‍വറിന് പിന്തുണയറിച്ച് ഇതിനകം യുഡിഎഫ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്. തൊട്ട് പിന്നാലെയാണ് അന്‍വറിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമായത്. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഫോണില്‍ സംസാരിച്ചു. പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചുണ്ടായിരുന്നു ആശയക്കുഴപ്പം പരിഹരിപ്പക്കപ്പെട്ടുവെന്നാണ് മനസ്സിലാക്കുന്നത്. 12 ന് ചേരുന്ന രാഷ്ട്രീയകാര്യസമിതിക്ക് ശേഷമായിരിക്കും യുഡിഎഫിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുക.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ ഐക്യം യുഡിഎഫില്‍ രൂപപ്പെടുകയായിരുന്നു.





