റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, സഊദിയിലെ പുതു സംരംഭകങ്ങൾ ആരംഭിക്കാനുദ്ദേശിക്കുന്ന മലയാളി എൻജിനീയർമാർക്ക് മാർഗനിർദ്ദേശം നൽകാൻ സ്റ്റാർട്ട്ആപ്പ് ബ്ലൂ പ്രിന്റ് പരിപാടി സംഘടിപ്പിച്ചു. മലാസിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടിയിൽ മേഖലയിൽ കഴിവ് തെളിയിച്ച വിവിധ സംരഭകരുടെ സാന്നിധ്യം ശ്രദ്ധേയമായി. കെ ഇ എഫ് റിയാദ് ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ നിസാർ അധ്യക്ഷത വഹിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഫോറത്തിന്റെ നാൾവഴികളും വരാനിരിക്കുന്ന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. പ്രഗൽഭരായ സംരംഭകരെ ഉൾപ്പെടുത്തി നടത്തിയ പാനൽ ചർച്ച ഏവർക്കും ഉപകാരമായിരുന്നു. 150 ഓളം ഫോറം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ കെ ഇ എഫ് അംഗവും സർട്ടിഫൈഡ് ട്രെയ്നറുമായ അമ്മാർ മലയിൽ നടത്തിയ പ്രസന്റേഷൻ ഏതൊരു സംരംഭകനും പ്രചോദനമാവാനുതകുന്നതായിരുന്നു. സംരംഭത്വത്തിന്റെ ശാസ്ത്രീയ വശങ്ങൾ, ബ്രാൻഡ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു. ഒരു സംരംഭകന് വേണ്ട ദീർഘ വീക്ഷണം, സമർപ്പണ മനോഭാവം എന്നിവ അദ്ദേഹം എടുത്തു പറഞ്ഞു.
പരിപാടിയിലെ മുഖ്യ ആകർഷണമായ പാനൽ ചർച്ച സുഹാസ് ചെപ്പള്ളി നിയന്ത്രിച്ചു. താസ് ആൻഡ് ഹംജിത് കമ്പനി ഡയറക്ടർ സിഎംഎ മുഹമ്മദ് സലാം, ബിസ്ജെറ്റ് ഇന്റർനാഷനൽ സി ഇ ഒ അമീൻ അക്ബർ, സ്ത്രീ സംരഭകയും വഹാബ് ഖത്തർ സ്ഥാപകയും എം ഡി യുമായ വർധ മാമുക്കോയ, റവാബി & സൾഫെക്സ് ഗ്രൂപ്പ് എം ഡി മുഹമ്മദ് കുഞ്ഞി, ക്യൂനേട്സ് സി ഇ ഒ മുഹമ്മദ് റിഷാൻ എന്നിവർ പങ്കെടുത്തു. എഞ്ചിനീയറിംഗ് മേഖലയിലെ സംരംഭക സാധ്യതകൾ വിശദീകരിച്ചതോടൊപ്പം അനുഭവത്തിന്റെ വെളിച്ചത്തിലുളള ഉപദേശങ്ങൾ പുതു സംരംഭക സ്വപ്നങ്ങൾക്ക് വെളിച്ചം പകരുന്നതായിരുന്നു.
ഖത്തറിൽ ബിസിനസ്സ് ആരംഭിച്ചപ്പോൾ അനുഭവിച്ച വെല്ലുവിളികളും ഒരു സംരംഭത്തിന് വേണ്ടുന്ന ടീം വർക്കും വർദ്ദ എടുത്തു പറഞ്ഞു. ഒരു ജീവനക്കാരൻ ആവുന്നതിലുപരി എപ്പോഴും ഒരു സംരഭകനാവാനുള്ള സ്വപ്നമാണ് തന്നെ വലിയ ഒരു ബിസിനസ്ക്കാരനിലേക്ക് എത്തിച്ചതെന്ന് തന്റെ 19 ആം വയസ്സിൽ ആദ്യ സംരഭം ആരംഭിച്ച അമീർ അക്ബർ സദസ്സിന് വിശദീകരിച്ചു. സഊദിയിൽ വരാനിരിക്കുന്ന വിഷൻ 2030, ഫുട്ബോൾ വേൾഡ്കപ്പ് എന്നിവയുടെ വീക്ഷണത്തിൽ നിലവിൽ ഏറ്റവും കൂടുതൽ സംരംഭക സാധ്യതയുള്ള രാജ്യം സഊദി തന്നെയാണെന്ന് താസ് & ഹംജിത്ത് ഡയറക്ടർ സിഎംഎ മുഹമ്മദ് സലാം പറഞ്ഞു.
ബിസിനസ് സംരംഭകങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ പരിപാടിയിലെ യുവ പാനലിസ്റ്റ് മുഹമ്മദ് റിഷാൻ എടുത്തു പറഞ്ഞു. ഒരു സംരഭകനു വേണ്ട വൈദഗ്ദ്ധ്യവും എല്ലാ മേഖലയിലെയും അറിവുകളും ബിസിനസ്സിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് റവാബി & സൾഫെക്സ് എം ഡി അദ്ദേഹത്തിന്റെ നീണ്ട ഒരുപാട് വർഷത്തെ അനുഭവങ്ങളിലൂടെ വിശദീകരിച്ചു.
പാനൽ ചർച്ചയിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾക്ക് കെ ഇ എഫ് ന്റെ മൊമന്റോ കൈമാറി ആദരിച്ചു.. കെ ഇ എഫ് റിയാദിന്റെ മുതിർന്ന അംഗവും വിഷൻ 2030 പ്രോജക്റ്റുകളുടെ നേതൃത്വ സ്ഥാനം വഹിക്കുന്ന നൗഷാദലി, റിയാദ്, അബുദാബി, സ്വീഡൻ മരത്തോണുകളിൽ പങ്കെടുത്ത അജീഷ് ഹബീബ് എന്നിവർക്ക് പ്രത്യേക മൊമന്റോയും നൽകി ആദരിച്ചു. 2025 വർഷത്തേക്കുള്ള കെ ഇ എഫ് അംഗത്വ ക്യാംപെയ്നും ചടങ്ങിനോടൊപ്പം നടന്നു. ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൺ ഷഹനാസ് അബ്ദുൽ ജലീൽ, എഞ്ചിനീയറിംഗ് മേഖലയിൽ കഴിവ് തെളിയിച്ച അമീർ ഖാൻ (സൈബർ സെക്യൂരിറ്റി എഞ്ചിനീയർ-ട്രെന്റ് മൈക്രോ), റയീസ് തൂമ്പത്ത് (പ്രോജക്ട് കണ്ട്രോൾ എൻജിനീയർ-മതാർത്ത ഹോൾഡിങ്) എന്നിവർക്ക് എക്സിക്യൂട്ടീവ് അംഗം ജോജി ജോസഫ് മെംബർഷിപ്പ് ഡിജിറ്റൽ ഐ ഡി കൈമാറി ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു.
ഈ വർഷം അംഗത്വം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കെ ഇ എഫ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ലെ ആദ്യ പരിപാടി ആയിരുന്നു സ്റ്റാർട്ട്അപ്പ് ബ്ലൂ പ്രിന്റ്. പരിപാടി ആദ്യാവസാനം വരെ എക്സിക്യൂട്ടീവ് അംഗം ജിയ ജോസ് നിയന്ത്രിച്ചു. സെക്രട്ടറി മുഹമ്മദ് ഹഫീസ്, വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല, ട്രഷറർ മുഹമ്മദ് ഷെബിൻ, നിഹാദ് അൻവർ കൂടാതെ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും സജീവമായി പങ്കെടുത്തു.
ചടങ്ങിൽ വൈസ് പ്രഡിഡന്റ് ഷഫാന മെഹ്റു മൻസിൽ നന്ദി അറിയിച്ചു. വനിത അംഗങ്ങളുടെയും വനിത വിശിഷ്ടാതിഥികളുടെയും സാന്നിധ്യം സ്ത്രീ സംരംഭകർക്കും ആവേശം പകരുമെന്ന് നന്ദി പ്രസംഗത്തിൽ സൂചിപ്പിച്ചു.
കെ ഇ എഫ് അംഗങ്ങളുടെ കായികാഭിനിവേശങ്ങൾക്ക് ഉണർവേകിക്കൊണ്ട് ഫുട്ബോൾ ടീം ജേഴ്സി അവതരിപ്പിച്ചു. സംഘടനയിലെ മികച്ച കാൽപന്ത് കളിക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകിയാണ് ടീം ഉടലെടുത്തതെന്ന് സ്പോർട്സ് കമ്മിറ്റി ഭാരവാഹികൾ സൂചിപിച്ചു. ടീം മാനേജർ നവാസ് എൻ പി, ക്യാപ്റ്റൻ റമീസ് നൂർമഹൽ എന്നിവരും സന്നിഹിതരായിരുന്നു. റിയാദിലെ മികച്ച ഫുട്ബോൾ ടീമായി കെ ഇ എഫ് ടീമിനെ വളർത്തിയെടുക്കുമെന്ന പരിശീലകന്റെ വാക്കുകൾ കളിക്കാർക്ക് ആത്മവിശ്വാസം നൽകി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക