ജമാഅത്തെ ഇസ്ലാമിയുമായി ലീഗിന്റെ ബന്ധം നേരത്തെ തന്നെ ഉള്ളത്, കാന്തപുരം ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നവരാണ്, പാർലമെന്ററി പദവികളേക്കാളെല്ലാം മുകളിലാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് ചുമതലയുളള പദവി…… തങ്ങൾ മനസ്സ് തുറക്കുന്നു
മുസ്‌ലിംകൾ പുറത്തുനിന്ന് വന്നവരാണ്, അകറ്റപ്പെടേണ്ടവരാണ് എന്നൊക്കെ പ്രചാരണം നടക്കുമ്പോള്‍ ഞങ്ങള്‍ ഇവിടെത്തന്നെ ഉള്ളവരാണെന്നും രാജ്യം കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നവരാണ് എന്നും കാലഘട്ടത്തെ ബോധ്യപ്പെടുത്തണമെന്ന് ലീഗിന്റെ ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിങ്ങളെ സംബന്ധിച്ച് സ്വന്തം ദേശത്തെ സ്‌നേഹിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ഞാന്‍ ഇന്ത്യക്കാരനാണ്, ഇന്ത്യയെ തള്ളിപ്പറഞ്ഞാല്‍ ഞാന്‍ മുസ്ലിമാകില്ല. സമ്പൂര്‍ണ മുസ്ലിമാകണമെങ്കില്‍ ഞാന്‍ ഇന്ത്യക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് മാതൃഭൂമി പത്രപ്രവര്‍ത്തകരായ കെ.എ ജോണി, എം.പി. സൂര്യദാസ്, ആര്‍. ഗിരീഷ്‌കുമാര്‍, സി.പി.ബിജു, ഫഹ്‌മി റഹ്‌മാനി എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംവാദത്തിന്റെ രണ്ടാം ഭാഗം വായിക്കാം…👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ദേശീയ രാഷ്ട്രീയം അതിവേഗം മാറുകയാണല്ലോ. ബംഗാളില്‍ വരെ കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചു മത്സരിക്കേണ്ട സാഹചര്യമായി. കേരളത്തില്‍ ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി. വോട്ട് വര്‍ധിപ്പിക്കുന്നു. പലയിടത്തും രണ്ടാം സ്ഥാനത്തേക്ക് വന്നു. ഭാവിയില്‍ എല്‍.ഡി.എഫ്. – യു.ഡി.എഫ്. ഘടകകക്ഷികള്‍ക്കിടയില്‍, സി.പി.എമ്മിനും കോണ്‍ഗ്രസിനുമിടയില്‍ പുനര്‍വിചിന്തനം ആവശ്യമായി വരുമോ ?
ദേശീയ തലത്തിലുള്ള ഇന്ത്യ മുന്നണി സംവിധാനം കേരളത്തിലേക്കുകൂടി വ്യാപിപ്പിക്കേണ്ടി വരുമോ എന്നാണല്ലോ ഉദ്ദേശിച്ചത്. അതൊക്കെ കാലത്തിന്റെ പോക്കിനനുസരിച്ച് ചെയ്യാവുന്നത്. പക്ഷേ, ഒറ്റയടിക്ക് കോണ്‍ഗ്രസും ലീഗും സി.പി.എമ്മുമെല്ലാം ഒറ്റക്കെട്ടാണെന്ന് പറഞ്ഞൂടല്ലോ. ഭാവിയില്‍ അങ്ങനെയൊരു സ്ഥിതിഗതികള്‍ വരുമ്പോള്‍ തീര്‍ച്ചയായും ഇവിടെയും അതുതന്നെ പരീക്ഷിക്കേണ്ടിവരും.
ദേശീയ തലത്തില്‍ മുസ്ലിം സമുദായം തന്നെ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി.ക്ക് ഒരൊറ്റ മുസ്ലിം എം.പിയില്ല. പ്രധാനപ്പെട്ട ഭരണകക്ഷിയില്‍ മുസ്ലിങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാകുന്നു. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളിലടക്കം പ്രത്യേകമായി ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു. ദേശീയ തലത്തില്‍ മുസ്ലിങ്ങള്‍ നേരിടുന്ന ഈ പ്രതിസന്ധിയെ എങ്ങനെയാണ് ലീഗ് കാണുന്നത് ?
ഇന്ത്യ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് ലീഗ് അത്തരത്തിലൊരു രാഷ്ട്രീയ സ്ട്രാറ്റജിയാണ് കാണുന്നത്. കേരളത്തിലേതുപോലെ നമുക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്നുചെല്ലാന്‍ പറ്റില്ലല്ലോ. തമിഴ്‌നാട്ടില്‍ ഡി.എം.കെ.യുമായി സഹകരിച്ച് നന്നായി മുന്നേറാന്‍ കഴിയുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലും ഇതുപോലുള്ള രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കി, ഇന്ത്യാ മുന്നണിയുടെ ഭാഗമായി നിന്ന് മത്സരിക്കാനും പാര്‍ട്ടി കെട്ടിപ്പടുക്കാനും പറ്റും.
അതില്‍ പ്രധാനമായും ലീഗ് നേരിടേണ്ടി വരുന്നത് കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം എടുക്കുന്നു എന്ന വിമര്‍ശനമാണ്. ബി.ജെ.പി.യുടെ കടുത്ത ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ടാണ് കോണ്‍ഗ്രസ് നേരിടുന്നതെന്ന് വിമര്‍ശനം. ഈ വിമര്‍ശനത്തെ എങ്ങനെ കാണുന്നു ?
കുറെക്കാലമായി ഉയരുന്ന വിമര്‍ശനമാണത്. മൃദുഹിന്ദുത്വം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ത്തന്നെ തുടരുമായിരുന്നല്ലോ. കര്‍ണാടകയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വം മാറ്റിവെച്ചു. അവിടെ സംഘപരിവാറിനെ ശക്തമായി എതിര്‍ത്തു. ഭൂരിപക്ഷ വര്‍ഗീയതയെ ശക്തമായി എതിര്‍ക്കാന്‍ മുന്നോട്ടുവന്നപ്പോള്‍ അവര്‍ക്കവിടെ അധികാരത്തില്‍ വരാന്‍ കഴിഞ്ഞു. അതായിരിക്കണം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയവും ശൈലിയുമെന്ന് അവര്‍ക്കുതന്നെ ഇപ്പോള്‍ മനസ്സിലായി.
ചില വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍, മുസ്ലിം ലീഗിനല്ല മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം എന്ന് സി.പി.എം. നേതാക്കള്‍ വിമര്‍ശിക്കാറുണ്ട്. വാസ്തവത്തില്‍ ലീഗിന് അങ്ങനെയൊരു അട്ടിപ്പേറവകാശമുണ്ടോ ?
ലീഗ് അങ്ങനെയൊരു അവകാശ വാദവും ഉന്നയിക്കുന്നില്ല. അതേസമയം, യാഥാര്‍ത്ഥ്യബോധത്തോടെ, മതേതര സ്വഭാവത്തോടെയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നത്. ലീഗ് ഒരിക്കലും മറ്റു സമുദായങ്ങളുടെ അവകാശങ്ങള്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയല്ല. ഞങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കും, അതോടൊപ്പം മറ്റുള്ളവരുടെ അവകാശത്തില്‍ കോട്ടം തട്ടാന്‍ ഒരിക്കലും അനുവദിക്കുകയില്ലെന്നാണ് സി.എച്ച്. തന്നെ പറഞ്ഞത്. അതാണ് ലീഗിന്റെ നയം. അട്ടിപ്പേറവകാശം എന്നൊക്കെ അസൂയയുടെ ഫലമായി പറയുന്നതാണ്. ലീഗ് എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ്. അഹങ്കാരത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല.
ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ. തുടങ്ങിയ സംഘടനകളോട് ലീഗിന്റെ സമീപനമെന്താണ്. ഈ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയത്തെ എങ്ങനെയാണ് കാണുന്നത് ?
ജമാഅത്തെ ഇസ്ലാമിയുമായി ലീഗിന്റെ ബന്ധം ഇപ്പോള്‍ തുടങ്ങിയതല്ല. ശിഹാബ് തങ്ങളുടെ കാലത്ത് കോഴിക്കോട് കേന്ദ്രീകരിച്ച് മുസ്ലിം സൗഹൃദ വേദി രൂപവത്കരിച്ചിരുന്നു. അത് മുസ്ലിങ്ങളിലെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുള്ള മുന്നേറ്റമാണ്. അത് മുസ്ലിങ്ങളുടെ വിദ്യാഭ്യാസം, സാമൂഹികം, മാസപ്പിറവി തുടങ്ങിയ പൊതുവായ കാര്യങ്ങളിലുള്ള യോജിച്ചുള്ള നീക്കം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള സൗഹൃദ വേദിയാണ്. അത് തുടര്‍ന്നുവരുന്നുണ്ട്. അടുത്തകാലത്തായി ജമാഅത്തെ ഇസ്ലാമി ജനാധിപത്യ മുന്നണിക്ക് വോട്ടുചെയ്യാന്‍ തയ്യാറാകുന്നുണ്ട്. അത് നിഷേധിക്കേണ്ട കാര്യമില്ലല്ലോ.
ലീഗ് മുസ്ലിം സമുദായത്തിന്റെ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് സി.പി.എം. ഭീഷണിയായി കാണുന്നുവെന്ന നിരീക്ഷണങ്ങള്‍ വരുന്നുണ്ട് ?
മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളുടെ സുതാര്യത മറ്റുള്ളവര്‍ മനസ്സിലാക്കുമ്പോള്‍ അവര്‍ ലീഗിന് വോട്ടുചെയ്യാന്‍ തയ്യാറാകുന്നുണ്ട്. അതിന് ഞങ്ങളെ കുറ്റപ്പെടുത്താന്‍ പറ്റില്ലല്ലോ. ഞങ്ങളുടെ നല്ല നയങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിക്കുന്നുവെന്നേ ഉള്ളൂ.
എ.പി. വിഭാഗവുമായുള്ള ലീഗിന്റെ ബന്ധം ഇപ്പോള്‍ എങ്ങനെയാണ് ?
അവര്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന വിഭാഗമാണ്.
അതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടോ ?
ലീഗിന് മുസ്ലിം സമുദായത്തിന്റെ ഐക്യം വളരെ പ്രധാനമാണ്. ഭിന്നതട്ടില്‍ നിന്ന് പരസ്പരം പഴിചാരി പേകുന്ന സമയമെല്ലാം കഴിഞ്ഞു. പ്രത്യേകിച്ച്, ഫാസിസം ശക്തിപ്പെടുമ്പോള്‍ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഓരൊറ്റ ശബ്ദത്തോടെ മുസ്ലിം മുന്നേറ്റം ആവശ്യമാണ്. അതിന് എല്ലാവരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ആരേയും അകറ്റി നിര്‍ത്തുന്നില്ല. കാന്തപുരവും മറ്റു വിഭാഗങ്ങളുമെല്ലാം ഞങ്ങളോടൊപ്പം വരണം.
കാന്തുപുരം വിഭാഗവുമായി ആ രീതിയിലുള്ള ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുന്നുണ്ടോ. സുന്നി ഐക്യം വേണമെന്ന ആവശ്യവും ഉയര്‍ന്നല്ലോ ?
ഔദ്യോഗികമായി ചര്‍ച്ചകള്‍ നടന്നിട്ടില്ല. മുന്‍പത്തേതിനെ അപേക്ഷിച്ച് ഞങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഒരുമിച്ച് ഇരിക്കുന്ന വേദികള്‍ കൂടിവരുന്നുണ്ട്. എ.പി. വിഭാഗത്തിന്റെ കേന്ദ്രമായ നോളിജ് സിറ്റിയില്‍ പല പരിപാടികളിലും പങ്കെടുത്തു.
ഒരു കുടുംബം രാജ്യത്തെ തകര്‍ത്തുവെന്നാണ് ഭരണാഘടനാ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ നെഹ്‌റു മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ള ഉദ്ദേശിച്ചായിരുന്നു അത്. പാണക്കാട് കുടുംബം നേതൃത്വം നല്‍കുന്ന ലീഗിനെക്കുറിച്ചും ഭാവിയില്‍ ഇങ്ങനെയൊരു ആരോപണം വരുമോ. അത് ലീഗിനെ അലട്ടാന്‍ സാധ്യതയുണ്ടോ ?
അത് ജനങ്ങളല്ലേ തീരുമാനിക്കേണ്ടത്. അവരുടെ പാര്‍ട്ടിയെ ആരാണ് നയിക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഇതില്‍ കുടുംബപരമായ ഇടപാടുകളൊന്നും നടക്കാറില്ല.
ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ ലീഗില്‍ ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പുകള്‍ നടക്കാറുണ്ടോ ?
അതൊക്കെ സ്വാഭാവികമാണ്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ലീഗിലുണ്ടല്ലോ. സംഘടനാപരമായ തിരഞ്ഞെടുപ്പുകള്‍ അതിന്റെ സമയത്ത് നടക്കും. ഓരോ കമ്മിറ്റിക്കും നിശ്ചിത വര്‍ഷമാണ് കാലാവധി. അതിനുള്ളില്‍ അംഗത്വ വിതരണം പൂര്‍ത്തിയാക്കി പുതുക്കിത്തന്നെയാണ് മുന്നോട്ടുപോകുന്നത്.
പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരില്ല എന്നത് പാണക്കാട് കുടുംബത്തിന്റെ നിലപാടാണോ ?
ഞങ്ങളുടെ പിതാവുള്ള കാലംമുതലേ ആ പാരമ്പര്യമാണുള്ളത്. അത് അങ്ങനെത്തന്നെ മൂന്നോട്ടുപോകണമെന്നാണ്.
പക്ഷേ, അധികാരം വല്ലാത്തൊരു പ്രലോഭനവും ലഹരിയുമാണല്ലോ. എപ്പോഴെങ്കിലും അങ്ങനെയൊരു ആഗ്രഹം തോന്നിയിട്ടുണ്ടോ, മുഖ്യമന്ത്രി സ്ഥാനം പോലെ വലിയൊരു കസേര കിട്ടുകയാണെങ്കില്‍ ഒരു കൈ നോക്കാമെന്ന് ?
ഞാന്‍ അഹങ്കാരം പറയുകയാണെന്ന് വിചാരിക്കരുത്. അത്തരം പദവികളേക്കാളെല്ലാം മുകളിലാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് ചുമതലയുളള പദവിയെന്നാണ് വിശ്വാസം.
വ്യക്തിപരമായി ഫുട്‌ബോള്‍ ഇഷ്ടമുള്ളയാളാണ് താങ്കള്‍. ഫുട്‌ബോള്‍ തട്ടിയിട്ടുണ്ട്. ഓണപ്പാട്ട് പാടിയിട്ടുണ്ട്. അതിന്റെ പേരില്‍ വിമര്‍ശനം വന്നിട്ടുണ്ട്. തിരക്കുകള്‍ക്കപ്പുറം ആരാണ് സാദിഖലി തങ്ങള്‍. എന്തെല്ലാമാണ് ഇഷ്ടങ്ങള്‍ ?
മനുഷ്യസഹചമായ അത്തരം കാര്യങ്ങളെല്ലാമുണ്ട്. ഒറ്റക്കിരിക്കുമ്പോള്‍ ഇത്തരം ആലോചനകളിലേക്ക് പോകും. സ്‌കൂള്‍, കോളേജ് കാലം ആലോചിക്കും. പാട്ടുപാടുന്നത് മനുഷ്യന് സമാധാനം തരുന്ന കാര്യമാണല്ലോ. പാട്ട് പാടാറും കേള്‍ക്കാറുമുണ്ട്.
ഏറ്റവുമധികം ഇഷ്ടപ്പെട്ട ഗായകരുണ്ടോ ?
അങ്ങനെയല്ല. മനസ്സില്‍ തട്ടുന്ന നല്ല മെലഡി ഇഷ്ടമാണ്. മെലഡിയിലൂടെ സഞ്ചരിക്കുമ്പോള്‍ കുറെ സമാധാനവും ശാന്തിയുമുണ്ടാകും.
അമേരിക്കയില്‍ പോയപ്പോള്‍ യേശുദാസുമായി സംസാരിച്ചല്ലോ. അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടോ ?
അദ്ദേഹത്തിന്റെ പാട്ടുകള്‍ വലിയ ഇഷ്ടമാണ്. പരിപാടികളില്‍ വെച്ച് കാണുമ്പോഴെല്ലാം അദ്ദേഹം പിതൃതുല്യമായ പരിഗണന നല്‍കാറുണ്ട്. ജ്യേഷ്ഠന്‍ ശിഹാബ് തങ്ങളുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. അദ്ദേഹം താമസിച്ചിരുന്നത് ഫ്‌ലോറിഡയിലായിരുന്നു. കൊടുങ്കാറ്റിന്റെ പ്രശ്‌നം ഉള്ളതുകൊണ്ട് ഫ്‌ലോറിഡയിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് അനുമതി കിട്ടിയിരുന്നില്ല. ‘ഞാനിപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് എനിക്കുതന്നെ അറിയില്ല’ എന്നാണ് ദാസേട്ടന്‍ പറഞ്ഞത്. കാരണം, സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി അദ്ദേഹത്തെ മാറ്റിപ്പാര്‍പ്പിച്ചതായിരുന്നു. നമുക്കിവിടെ കൊടുങ്കാറ്റ് ഉണ്ടായ ശേഷമാണല്ലോ മാറ്റിപ്പാര്‍പ്പിക്കല്‍. അവിടെ ഒരുമാസം മുന്‍പുതന്നെ മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങി.
കേരളത്തിലെ പല തങ്ങള്‍ കുടുംബങ്ങളിലുള്ളവരും ബ്രിട്ടീഷുകാരുമായുള്ള എതിര്‍പ്പില്‍ പുറത്താക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരല്ലേ. ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന് വേണ്ടി രക്ഷസാക്ഷികളായവര്‍ ഒരുപക്ഷേ, മലപ്പുറത്തുള്ള അത്രയുംപേര്‍ വേറൊരു ജില്ലയിലും ഉണ്ടാകില്ല. ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവെച്ചുകൊന്നവരുടെ കബറുകള്‍ ഇവിടത്തെ പല വീടുകളിലുമുണ്ട്. അത്രയും വലിയ ധീരദേശാഭിമാനികളുടെ പ്രദേശവും സമുദായവുമായിട്ടും അത് എവിടെയും രേഖപ്പെടുത്തപ്പെടുന്നില്ല. ലീഗോ സാമുദായിക സംഘടനകളോ അതൊന്നും ഉന്നയിക്കാറുമില്ലല്ലോ ?
ഇപ്പോള്‍ അതെല്ലാം ഉന്നയിക്കേണ്ട കാലമാണ്. ആ ചിരിത്രത്തെ കൂടുതല്‍ പുറത്തേക്ക് കൊണ്ടുവരേണ്ട കാലമാണിത്. മുസ്ലിങ്ങള്‍ പുറത്തുനിന്ന് വന്നവരാണ്, അകറ്റപ്പെടേണ്ടവരാണ് എന്നൊക്കെ പ്രചാരണം നടക്കുമ്പോള്‍ ഞങ്ങള്‍ ഇവിടെത്തന്നെ ഉള്ളവരാണെന്നും രാജ്യം കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നവരാണ് എന്നും കാലഘട്ടത്തെ ബോധ്യപ്പെടുത്തണം. ചരിത്രം കൂടുതല്‍ പഠിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
മമ്പുറം തങ്ങള്‍ ഇവിടെ വന്ന് തദ്ദേശീയ സമൂഹത്തോട് ചേര്‍ന്ന് ബ്രിട്ടീഷുകാരുടെ അക്രമങ്ങള്‍ക്കെതിരേ ദേശീയ നേതാക്കള്‍ക്കൊപ്പം നിലകൊണ്ടു. മലബാര്‍ കലാപത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നവരുണ്ട്. പക്ഷേ, മമ്പുറം പള്ളിയിലാണ് ബ്രഹ്‌മദത്തന്‍ നമ്പൂരിതിപ്പാടും നാരായണ മേനോനും തങ്ങളോടൊപ്പം ചര്‍ച്ച ചെയ്യാന്‍ വന്നത്. ഇവരൊക്കെ മമ്പുറം പള്ളിയില്‍ കൂടി ചര്‍ച്ച ചെയ്തിട്ടാണ് സമര രംഗത്തേക്ക് ഇറങ്ങിയിരുന്നുത്. അതൊരു സാമുദായിക സൗഹാര്‍ദ്ദത്തിന്റെകൂടി പ്രതീകമാണ്.
സാധാരണ മുസ്ലിങ്ങള്‍ മരിച്ചാല്‍ പള്ളിയിലേക്കാണ് കൊണ്ടുപോകുക. അന്ന് വീട്ടില്‍ത്തന്നെ കബറുണ്ടാക്കിയത് വേറെ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്. ആണുങ്ങള്‍ നാടുകടത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. സാധാരണ കബര്‍ വടക്ക് തെക്കായിട്ടാണ് ഉണ്ടാകുക. വീടുകളിലുള്ള കബറുകള്‍ പലപ്പോഴും ആ രീതിയിലൊന്നുമല്ല. കാരണം, സ്ത്രീകളാണ് അത് ചെയ്തത്. പല സ്ത്രീകള്‍ക്കും എങ്ങനെയാണ് കബറക്കേണ്ടതെന്ന് അറിയില്ലായിരുന്നു. അവര്‍ കഴിയുംപോലെ മറവുചെയ്യുകയായിരുന്നു.
മുസ്ലിങ്ങളെ സംബന്ധിച്ച് സ്വന്തം ദേശത്തെ സ്‌നേഹിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ഞാന്‍ ഇന്ത്യക്കാരനാണ്, ഇന്ത്യയെ തള്ളിപ്പറഞ്ഞാല്‍ ഞാന്‍ മുസ്ലിമാകില്ല. സമ്പൂര്‍ണ മുസ്ലിമാകണമെങ്കില്‍ ഞാന്‍ ഇന്ത്യക്കൊപ്പം നില്‍ക്കണം. നരേന്ദ്ര മോദി നമ്മുടെ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിയാണ്. മോദിയോട് നമുക്കെല്ലാം എതിര്‍പ്പുണ്ട്. എന്നാല്‍, ഇപ്പോള്‍ സൗദി അറേബ്യയാണ് ഇന്ത്യയെ ആക്രമിക്കാന്‍ വരുന്നതെങ്കിലും ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കും. ദേശസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ദേശത്തെ തള്ളിപ്പറഞ്ഞുകൊണ്ട് നമുക്ക് യഥാര്‍ഥ വിശ്വാസിയാകാന്‍ പറ്റില്ല.
ചില പ്രതിസന്ധികള്‍ വരുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്ന മുഹൂര്‍ത്തങ്ങളുണ്ടാകും. അപ്പോള്‍ ആശ്വാസം കിട്ടാന്‍ എങ്ങോട്ടാണ് തിരിയുന്നത് ?
നമ്മുടെ അവസാനത്തെ അത്താണി ദൈവമാണല്ലോ. വിശ്വാസത്തിന്റെ അവസാന വാക്ക് ദൈവത്തോട് സമര്‍പ്പിക്കുകയാണ്. പ്രയാസങ്ങളില്ലാത്തവരുണ്ടാകില്ല. രാഷ്ട്രീയ, സാമുദായിക, കുടുംബ, വ്യക്തിപരമായ പ്രയാസങ്ങളുണ്ടാകും. അപ്പോഴെല്ലാം ദൈവത്തില്‍ ഭരമേല്‍പ്പിക്കുക. അപ്പോള്‍ ആശ്വാസവും മറുപടിയും കിട്ടും.
ക്രിസ്ത്യന്‍ സമുദായവുമായി ഇടക്ക് ചില ഭിന്നതകളുണ്ടായല്ലോ. അതില്‍ ചിലര്‍ മുതലെടുക്കാനും ശ്രമിച്ചു. സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാന്‍ ആസൂത്രിത നീക്കങ്ങളുമുണ്ടായി. അതിനിടയില്‍ സാദിഖലി തങ്ങളുടെ ഹാഗിയ സോഫിയയുമായി ബന്ധപ്പെട്ട ലേഖനവും വന്നു. മ്യൂസിയം വീണ്ടും പള്ളിയായപ്പോള്‍ താങ്കള്‍ എഴുതിയ ലേഖനം പരക്കെ വിമര്‍ശിക്കപ്പെട്ടു. അത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിരുന്നു ?
ലേഖനം മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കിയെന്ന് ഞാന്‍ പിന്നെയാണ് മനസ്സിലാക്കിയത്. കുറെകാലം മ്യൂസിയമാക്കപ്പെട്ടതായിരുന്നു ആ പള്ളി. അധികാരമാറ്റത്തിനനുസരിച്ച് കുറച്ചുകാലം ചര്‍ച്ചാകും, കുറച്ചുകാലം പള്ളിയാകും എന്നതായിരുന്നു അതിന്റെ ചരിത്രം. മുസ്തഫാ അത്താതുര്‍ക്കിന്റെ കാലത്ത് മ്യൂസിയമായിരുന്നു. പിന്നെ കോടതി വിധിയിലൂടെ പള്ളിയായതാണ്. അവിടെ വീണ്ടും ജുമുഅയും നമസ്‌കാരവും തുടങ്ങി എന്ന രീതിയിലേ ഞാന്‍ ലേഖനത്തില്‍ പറഞ്ഞിട്ടുള്ളൂ. അതല്ലാതെ ആരെയും അതില്‍ കുറ്റപ്പെടുത്തിയിട്ടില്ല. ഞാന്‍ പിന്നീട് ആ പള്ളി സന്ദര്‍ശിച്ചിരുന്നു. അവിടെ വലിയ അത്ഭുതവും സന്തോഷവുമായി തോന്നിയത്, ആ പള്ളിയില്‍ ഇപ്പോഴും ക്രിസ്തുവിന്റെ യും കന്യാ മറിയത്തിന്റെയും രൂപമുണ്ട് എന്നതാണ്. അതിനൊന്നും കോട്ടം തട്ടിച്ചിട്ടില്ല. അതിനിപ്പുറം അല്ലാഹു, മുഹമ്മദ് എന്നൊക്കെയും എഴുതിയിട്ടുണ്ട്. വിശ്വാസപരമായ കാര്യങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും സമൂഹമെന്ന നിലയില്‍ അവിടെ അവരെല്ലാം ഒറ്റക്കെട്ടായിത്തന്നെയാണ് ജീവിക്കുന്നത്.
ഇപ്പോള്‍ ഇന്ത്യയില്‍ പലയിടത്തും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ ?
ഇന്ത്യയില്‍ എവിടെ എസ്‌കവേഷന്‍ നടത്തിയാലും ബുദ്ധ വിഗ്രഹങ്ങള്‍ കിട്ടുമെന്നാണ് പറയുന്നത്. ക്ഷേത്രത്തിലാണങ്കിലും പള്ളിയിലാണെങ്കിലും. അത് ഇന്ത്യയുടെ സ്വഭാവമാണ്. ഇന്ത്യോനേഷ്യയില്‍ എവിടെയും ക്ഷേത്രങ്ങളുടെ അവശിഷ്ടം കിട്ടും. അതൊക്കെ കഴിഞ്ഞുപോയ കാലമല്ലേ. അതിനെ തടയിടാനാണ്
ആരാധനാലയ സംരക്ഷണ നിയമം വന്നത്. അത് നടപ്പാക്കണം. ഇനി അതില്‍ വീഴ്ച വരുത്താന്‍ പാടില്ല.
ഹാഗിയ സോഫിയയുടെ വിഷയത്തില്‍ താങ്കള്‍ ഉദ്ദേശിച്ച കാര്യമല്ല ക്രിസ്തീയ സമൂഹ മനസ്സിലാക്കിയത്, തെറ്റിദ്ധാരണ വന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ താങ്കള്‍ സഭാ മേധാവികളുമായി നേരിട്ട് തിരുത്താനുള്ള ശ്രമം നടത്തിയിരുന്നോ ?
പിന്നീട് പല ക്രിസ്ത്യന്‍ നേതാക്കളെയും കണ്ടിരുന്നു. അവര്‍ക്കെല്ലാം സംഗതി മനസ്സിലായിട്ടുണ്ട്. അതിലും ചില തീവ്ര വിഭാഗങ്ങളുണ്ടല്ലോ. അവരാണ് ഇത് കുത്തിപ്പൊക്കിയത്. അതിപ്പോഴും നേരിടുന്നുണ്ട്. ഏറ്റവുമെടുവില്‍ ഞാന്‍ റോമില്‍ പോയപ്പോള്‍ മാര്‍പ്പാപ്പയെ കണ്ടു. നല്ല രീതിയിലാണ് അദ്ദേഹം ഇടപെട്ടത്. ഒന്നര മണിക്കൂറോളം അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. സാധാരണ മാര്‍പ്പാപ്പ അങ്ങനെ നില്‍ക്കില്ല. മട്ടുപ്പാവില്‍ വന്ന് ദര്‍ശനം കൊടുത്ത് പോകുകയാണ് രീതി. കേരളത്തിലെ ക്രിസ്തീയ സഭകളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. ഇപ്പോള്‍ കര്‍ദിനാളായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട് മാര്‍പ്പാപ്പയുടെ അരമനയില്‍ത്തന്നെയാണ് ജോലി. ഏറ്റവും നല്ല ബന്ധമാണ്. അതുകൊണ്ട് ഞങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ അങ്ങോട്ടുകയറിച്ചെല്ലാനും പറ്റി. ഇന്ത്യയുടെ ബഹുസ്വരതയും സാമുദായി സൗഹാര്‍ദ്ദവും മാര്‍പ്പാപ്പ എടുത്തുപറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം, ജനാധിപത്യ രീതിയില്‍ പോകണം എന്നെല്ലാം പറഞ്ഞു.
അവിടത്തെ മറ്റൊരു ആകര്‍ഷണം, വത്തിക്കാന്റെ തൊട്ടടുത്ത് തന്നെ ഒരു ഗ്രാന്റ് മോസ്‌ക് ഉണ്ട്. യൂറോപ്പിലെ വലിയ പള്ളികളില്‍ ഒന്നാണത്. ഞങ്ങള്‍ പോയപ്പോള്‍ ഗ്രാന്റ് മോസ്‌ക് പെയിന്റ് അടിച്ച് നന്നാക്കുകയാണ്. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും വത്തിക്കാനില്‍ ഉത്സവ പ്രതീതിയുള്ള സമ്മേളനം നടക്കാറുണ്ടെന്ന് ഗ്രാന്റ് മുഫ്തി പറഞ്ഞു. 2025-ല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് ആ പരിപാടി. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും അതിന് ആളുകള്‍ വരും. അതിന്റെ ഭാഗമായാണ് പള്ളിയും സൗന്ദര്യവത്കരിക്കുന്നത്. വത്തിക്കാന്റെ ആഘോഷത്തില്‍ പള്ളിയും ചേരുന്നത് വലിയ കാര്യമാണല്ലോ. വലിയ താല്‍പ്പര്യത്തോടെയാണ് മുഫ്തി അത് പറഞ്ഞത്. വിശ്വാസങ്ങള്‍ പലതാകാം, ജീവിതത്തില്‍ അവര്‍ ഒറ്റക്കെട്ടായി സൗഹാര്‍ദ്ദത്തോടെയും സമാധാനത്തോടെയുമാണ് പോകുന്നത്. പള്ളിയുടെ കാര്യത്തില്‍ വത്തിക്കാനും ശ്രദ്ധിക്കുന്നുണ്ട്. വത്തിക്കാന്റെ ആഘോഷത്തില്‍ മുസ്ലിങ്ങളും ഭാഗമാണ്. ഗ്രാന്റ് മുഫ്തി അതിന്റെ പ്രധാന ചുമതല വഹിക്കുന്നു. ഗുരുവായൂരിലേത് പോലെ വത്തിക്കാന്റെ ചുറ്റുമുള്ളത് മുസ്ലിം കച്ചവടക്കാരാണ്.
ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ കൂടുതല്‍ അടുപ്പമുള്ള രാഷ്ട്രീയക്കാര്‍ ആരെല്ലാമാണ് ?
എല്ലാ നേതാക്കളുമായും ബന്ധമുണ്ട്. വി.ഡി. സതീശന്‍, എ.എന്‍. ശംസീര്‍, മുഹമ്മദ് റിയാസ്, എം.വി. ഗോവിന്ദന്‍ തുടങ്ങി മുഖ്യമന്ത്രിയുമായി വരെ നല്ല ബന്ധമാണ്. പലപ്പോഴും തീവണ്ടിയിലാണ് കണ്ടുമുട്ടുക. നല്ല സൗഹൃദത്തോടെ, ഭക്ഷണമെല്ലാം പങ്കുവെക്കും.
മുഖ്യമന്ത്രിയുടെ വിമര്‍ശനം വ്യക്തിപരമായി പ്രയാസമുണ്ടാക്കിയോ ?
ഞാന്‍ അതിനെ അങ്ങനെ കണ്ടിട്ടില്ല. അത് പൊളിറ്റിക്‌സ് അല്ലേ. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലേ.
രണ്ട് ജേഷ്ടന്മാരുമായി പ്രശ്‌നമില്ല. ഇപ്പോഴത്തെ തങ്ങളുമായാണ് പ്രശ്‌നം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന്റെ പശ്ചാത്തലമെന്താണ് ?
ഞാന്‍ കുറച്ച് തുറന്നുപറയുന്ന ആളായതുകൊണ്ടാകാമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ജേഷ്ടമാരൊന്നും വല്ലാതെ രാഷ്ട്രീയം പറയാറില്ലായിരുന്നു. എനിക്കതില്‍ യാതൊരു വിഷമവുമില്ല. മുഖ്യമന്ത്രി ഇരുത്തംവന്ന നേതാവാണ്. അദ്ദേഹത്തെ വിമര്‍ശിക്കാനും മറുപടി പറയാനും തയ്യാറല്ലെന്നാണ് അക്കാര്യത്തില്‍ ഞാന്‍ പ്രതികരിച്ചത്.
പുതിയ സ്ത്രീ നേതാക്കള്‍ വരുന്നില്ലെന്ന് ലീഗ് എപ്പോഴും നേരിടുന്ന വിമര്‍ശനമാണ്. രണ്ടുതവണ മാത്രമാണ് നിയമസഭയിലേക്ക് വനിതകളെ സ്ഥാനാര്‍ഥിയാക്കിയത്. 1996-ല്‍ ഖമറുന്നീസ അന്‍വറും അവസാനം നൂര്‍ബിനാ റഷീദുമാണ് മത്സരിച്ചത്. എന്തുകൊണ്ടാണ് ലീഗ് സ്ത്രീകളെ അധികം വളര്‍ത്തിക്കൊണ്ടുവരാത്തത് ?
അത് തെറ്റായ ധാരണയാണ്. ആകെ ലീഗ് മത്സരിക്കുന്നത് കുറച്ചു സീറ്റുകളിലാണ്. നിയമസഭയില്‍ 140 അംഗങ്ങളില്‍ എത്ര വനിതകളുണ്ട് ? എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ചെയ്യുന്നത് അത്രത്തന്നെയാണ്. എം.എല്‍.എ.യുടെ കാര്യത്തില്‍ അങ്ങനെയായിരിക്കാം. അതേസമയം, തദ്ദേശത്തില്‍ ലീഗിന് ഒരുപാട് കഴിവുള്ള സ്ത്രീകളുണ്ട്. അവിടെ സംവരണമുണ്ട്. നിയമസഭയിലേക്കും സംവരണം വന്നാല്‍ തീര്‍ച്ചയായും പാലിക്കും. ഞങ്ങള്‍ ഒരാള്‍ക്കെങ്കിലും മത്സരിക്കാന്‍ അവസരം കൊടുക്കുന്നുണ്ട്. ജയിപ്പിക്കാത്തത് ഞങ്ങളുടെ കുറ്റമല്ല. നൂര്‍ബിനയെല്ലാം ജയിക്കേണ്ടതായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിലും പരിഗണന നല്‍കും. ഇത് സ്ത്രീ ശാക്തീകരണത്തിന്റെ കാലമാണ്. സ്ത്രീകളെ അധികാരത്തില്‍ നിന്നോ പൊതുവേദിയില്‍ നിന്നോ മാറ്റി നിര്‍ത്താന്‍ പറ്റില്ല. ലീഗ് ആരീതിയില്‍ത്തന്നെയാണ് ചിന്തിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ചത്