ദുബൈ: എമിറേറ്റ്സിലെ റസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കുന്ന ബുർഖ ധരിച്ച അറബ് മുസ്‌ലിം സ്ത്രീയുടെ ദൃശ്യം അവർ അറിയാതെ എടുത്തു രണ്ട് വിദേശ വനിതകൾ പരിഹസിക്കുന്ന വീഡിയോ പുറത്ത് വന്നതിനു പിന്നാലെ സംഭവത്തിൽ അന്വേഷണം തുടങ്ങി ദുബൈ പോലിസ്. സ്വകാര്യത ഹനിക്കുകയും വംശീയ പരാമർശം നടത്തുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതോടെ ആണ് പോലിസ് അന്വേഷണം തുടങ്ങിയത്.
പുതുവർഷ ദിനമായ ജനുവരി 1 ന് ആണ് വിഡിയോ എടുത്തു പ്രചരിപ്പിച്ചത്. ഒരു പുരുഷനൊപ്പം ബുർഖ ധരിച്ച സ്ത്രീ ദുബായ് റെസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കുന്നത് ആണ് വിദേശ വനിതകൾ ചിത്രീകരിച്ച ദൃശ്യത്തിൽ ഉളളത്. മുസ്‌ലിം സ്ത്രീയുടെ സ്വകാര്യത ലംഘിച്ചുകൊണ്ട് വിദേശ വനിതകൾ പരിഹാസത്തിൽ ഏർപ്പെടുകയായിരുന്നു.
വിഡിയോ പ്രചരിച്ചതോടെ പൊതുജന രോഷം ശക്തമായി. എല്ലാ വിധ സംസ്കാരം പിന്തുടരുന്നവരും സന്ദർശിക്കുന്ന ദുബായിൽ സ്വകാര്യത ലംഘിച്ചുള്ള ട്രോളുകൾ അനുവദിക്കാൻ പാടില്ലെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. എമിറേറ്റ്‌സ് യാത്ര ചെയ്യുന്നവർ രാജ്യത്തിൻ്റെ സംസ്‌കാരത്തെ ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യവും ചിലർ ചൂണ്ടിക്കാട്ടി. ബുർവ ധരിച്ചതിനെ ട്രോളുന്നത് ഇസ്‌ലാംഭീതിയുടെ ഭാഗം ആണെന്ന് ചിലർ അഭിപ്രായപ്പെട്ടു.
“ഒട്ടും മര്യാദയില്ലാത്ത പെരുമാറ്റം നോക്കൂ! വിദേശ വനിതകൾ ദുബായിലെ ഒരു റെസ്റ്റോറൻ്റിൽ വെച്ച് പർദ്ദ ധരിച്ച മുസ്ലീം സ്ത്രീയുടെ ചിത്രമെടുത്ത് അവളെ ട്രോളുന്ന വീഡിയോ! ഈ പെരുമാറ്റം അസ്വീകാര്യമാണ് ”- വിഡിയോ പങ്കുവച്ചു വിദേശ സന്ദർശകൻ ട്വീറ്റ് ചെയ്തു. “.. എന്തുകൊണ്ടാണ് മുസ്‌ലിം സ്ത്രീ ആ സ്ത്രീകൾക്ക് ഒരു പ്രശ്നം എന്നു മനസ്സിലാകുന്നില്ല. മറ്റൊരു സ്ത്രീയുടെ വസ്ത്രം വിദേശ വനിതകളുടെ കാര്യം ആകേണ്ടതില്ല. മുസ്ലീം സ്ത്രീ അവിടെ ഇരുന്നു ചിരിക്കുകയും നിങ്ങളെ അളക്കുകയും ചെയ്യുന്നില്ല.”- മറ്റൊരു ഉപയോക്താവ് എഴുതി.
സംഭവത്തോട് പ്രതികരിച്ച ദുബായ് പോലിസ്, അനുചിതമായ പെരുമാറ്റം സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. “ദുബൈ പോലീസ് ജനറൽ കമാൻഡുമായി ബന്ധപ്പെട്ടതിന് നന്ദി. ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ വിഷയം യോഗ്യതയുള്ള അതോറിറ്റിക്ക് കൈമാറി- പോലിസ് ട്വീറ്റ് ചെയ്തു.
