അഷ്റഫ് സഖാഫിയുടെ വോയ്‌സുകൾ പുറത്ത്
ദമാം: മലയാളികൾ ഉൾപ്പെടെയുള്ള ഉംറ തീർത്ഥാടകരെ സഊദിയിൽ ഉപേക്ഷിച്ച ഏജന്റിന്റെ വെല്ലുവിളി വോയ്‌സുകൾ പുറത്ത്. കഴിഞ്ഞ ദിവസം തീർത്ഥാടകരെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സംഭവം വലിയ വാർത്തയായിരുന്നു. ഇതിന്റെ ചൂടാറും മുൻപാണ് ഏജന്റ് മുഹമ്മദിയ ഹജ്ജ് ഉംറ സർവ്വീസ് ഉടമ കർണാടക പുത്തൂർ സ്വദേശി അഷ്‌റഫ് സഖാഫിയുടെ വെല്ലുവിളി വോയ്‌സ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ആര് എതിർത്താലും ഇനിയും സർവ്വീസിൽ ആളുകളെ കൊണ്ട് പോകുമെന്ന വെല്ലു വിളി സ്വരത്തിലാണ് സഖാഫിയുടെ മറുപടി. തീർത്ഥാടകാരുടെ പ്രശ്നങ്ങൾ ഉന്നയിച്ചു ബന്ധപ്പെട്ട സാമൂഹ്യ പ്രവർത്തകരോടാണ് അഷ്‌റഫ് സഖാഫിയുടെ വെല്ലുവിളി. ‘നീ എഴുതിവച്ചോ മോനേ… നീ എഴുതി വെച്ചോ ജനുവരി 24 നും 21 നും ഞാൻ ബാച്ച് കൊണ്ട് പോകും, എഴുതി വെച്ചോ, എഴുതി വെച്ചോ, ആ സമയത്ത് വിളികാം, നിന്റെ പേരും അഡ്രസും ഞാൻ എഴുതി വെക്കുന്നുണ്ട്. ആ സമയത്ത് വീഡിയോ എടുത്തു അയച്ചു തരാം. നിന്റെ പേരും അഡ്രസും താ. ഈ നമ്പർ ഞാൻ സേവ് ചെയ്ത് വെക്കാം. ചാലഞ്ച്, എന്നാണ് അഷ്‌റഫ് സഖാഫി വോയ്‌സിൽ പറയുന്നത്.
പെരുവഴിയിലാക്കി ഏജന്റ് മുങ്ങിയതോടെ നാട്ടിലേക്ക് തിരിച്ചുപോകാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങി ഉംറ തീർത്ഥാടകർ കുടുങ്ങിയത് കഴിഞ്ഞ ദിവസം വൻ വാർത്തയായിരുന്നു. മംഗലാപുരം പുത്തൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദിയ ഉംറ സർവീസിന് കീഴിൽ എത്തിയ മലയാളികളടക്കമുള്ള 150 ലധികം വരുന്ന ഉംറ തീർത്ഥാടകരാണ് വഴിയാധാരമായത്. 65000രൂപ ഫീസ് നൽകി 15 ദിവസത്തെ സർവ്വീസിനായി എത്തിയ ഇവർ മദീനയിൽ വെച്ചാണ് തങ്ങൾ പെട്ടു പോയതായി അറിയുന്നത്. ഉംറ നിർവഹിച്ച ശേഷം ഡിസംബർ 26, 27 തീയതികളിൽ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ ഉംറ സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് വിമാന ടിക്കറ്റും ഹോട്ടൽ ബില്ലുകളും നൽകാതെ അമീർ കൂടിയായ അഷ്റഫ് സഖാഫി കഴിഞ്ഞ 26ന് നാട്ടിലേക്ക് മുങ്ങിയെന്നാണ് യാത്രക്കാർ പരാതിപ്പെട്ടത്.
ഉംറ സർവീസിന് കീഴിൽ ഡിസംബർ 15 നാണ് ഇവർ വിശുദ്ധ ഉംറക്കായി എത്തിയത്. ജിദ്ദയിൽ എത്തിയ ഇവരെ പരിശുദ്ധ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് വേണ്ടി എത്തിച്ചു. ഇതിനിടെ, ഇവരുടെ പരിചരണത്തിനും ഉംറ നിർവഹണത്തിനും നേതൃത്വം നൽകിയ അമീർ മദീനയിൽ ഇവർക്ക് വിവിധ ഹോട്ടലുകളിൽ താമസത്തിനു സജ്ജമാക്കി അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് ഉംറ സംഘത്തിലുള്ളവർ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് ഇവർക്ക് വിസ ഇഷ്യൂ ചെയ്ത സഊദിയിലെ സ്ഥാപനം (മുത്വവിഫ്) ഇടപെട്ട് തീർഥാടകർക്ക് രണ്ടു ദിവസത്തെ ഭക്ഷണവും താമസവും ക്രമീകരിക്കുകയും വിമാനടിക്കറ്റ് കൈമാറുകയും ചെയ്തു. എന്നാൽ, കിഴക്കൻ സഊദിയിലെ ദമാം വഴിയുള്ള ടിക്കറ്റ് ആണ് ലഭിച്ചത്. ഇതിനിടെ അമീറുമായി അടുപ്പമുള്ള ഒരു സംഘടനയുടെ നേതാക്കൾ വിഷയത്തിൽ ഇടപെടുകയും സഹായങ്ങൾ ഇവർ മുഖേന ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തുകയും ചെയ്തത് മുത്വവ്വിഫ് ശ്രദ്ധയിൽ പെട്ടത് തീർതാടകർക്ക് വിനയായി. 1200 ഓളം കിലോമീറ്ററുകൾ 15 മണിക്കൂർ താണ്ടി ദമാമിൽ എത്തിയ ഇവർക്ക് പിന്നീട് ദമാമിലെ സംഘടനകൾ ആണ് ഭക്ഷണം ഒരുക്കിയത്. ഇതിനിടെ സംഘം ദമാമിൽ എത്തിയപ്പോഴേക്കും അവർക്കുള്ള വിമാനം ഇവിടെ നിന്ന് പോയിരുന്നു. ഇതോടെ തീർഥാടകർ വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്തു.
ഏജന്റിന്റെയും അവരുടെ സംഘടനയുടെയും നിരുത്തരവാദപരമായ സമീപനമാണ് തങ്ങളെ ദുരിതത്തിലാക്കിയതെന്നാണ് തീർഥാടകർ ആരോപിക്കുന്നത്. യാത്രക്ക് നേതൃത്വം നൽകിയ മുഖ്യ അമീറിനെ കുറിച്ച് നേരത്തെയും സമാനമായ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിരുന്നതായും ആക്ഷേപമുണ്ട്. ഉംറയുടെ പേരിൽ പോലും നടത്തുന്ന ഇത്തരം കപട ഏജൻസികളെ തിരിച്ചറിയുകയും ഉംറക്ക് യാത്ര തിരിക്കും മുമ്പ് തിരിച്ചു പോകാനുള്ള ടിക്കറ്റ് കൂടി ഉറപ്പു വരുത്തണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു. നാട്ടിലെത്തിയാൽ ഈ ഏജൻസിയുടെ തട്ടിപ്പിനെ കുറിച്ച് പരാതി നൽകുമെന്നും യാത്രക്കാർ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക