ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വീഡിയോ ചിത്രീകരിച്ച് ഡല്‍ഹിയിലെ കഫേ ഉടമ പുനീത് ഖുറാന. ഭാര്യ മനിക പഹ്‌വയുമായുള്ള വിവാഹമോചന തര്‍ക്കത്തിനിടെയായിരുന്നു പുനീതിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹം ഷൂട്ട് ചെയ്ത വീഡിയോയും പുറത്തുവന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ പിന്നീട് അത് ഭാര്യയുമായും ഭാര്യയുടെ മാതാപിതാക്കളുമായുള്ള വലിയ വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയത് എങ്ങനെയാണെന്ന് വീഡിയോയില്‍ പുനീത് പറയുന്നു. തനിക്ക് ഒരിക്കലും താങ്ങാന്‍ കഴിയാത്ത സാമ്പത്തിക ഭാരമാണ് ഭാര്യയും മാതാപിതാക്കളും തന്റേ മേല്‍ ഏല്‍പിച്ചതെന്നും വിവാഹമോചനത്തിനായി 10 ലക്ഷം രൂപ കൂടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടെന്നും പുനീത് വീഡിയോയില്‍ പറയുന്നു.
‘എന്റെ ഭാര്യയുടേയും അവരുടെ മാതാപിതാക്കളുടേയും കടുത്ത പീഡനം കാരണം ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്. ഞങ്ങളുടെ വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമായതിനാല്‍ ഞങ്ങള്‍ കോടതിയില്‍ ചില വ്യവസ്ഥകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. 180 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ആ നിബന്ധനകള്‍ നിറവേറ്റണം. എന്നാല്‍ ഇപ്പോള്‍ അതിലില്ലാത്ത ഒരു പുതിയ നിബന്ധനയുടെ പേരില്‍ എന്റെ ഭാര്യയും അവരുടെ മാതാപിതാക്കളും എന്നെ സമ്മര്‍ദത്തിലാക്കുകയാണ്. ഒരു പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് അവര്‍ പറയുന്നു. അത്രയും പണം കൊടുക്കാനുള്ള സാമ്പത്തികശേഷി എനിക്കില്ല. എനിക്ക് എന്റെ മാതാപിതാക്കളോടും ചോദിക്കാന്‍ പറ്റില്ല. കാരണം അവര്‍ ഇപ്പോള്‍തന്നെ കുറച്ചധികം പണം ചെലവാക്കിയിട്ടുണ്ട്.’-വീഡിയോയില്‍ പുനീത് വിശദീകരിക്കുന്നു.
നേരത്തെ പുനീതിന്റെ മരണത്തിന് ആറ് ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യ മനിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയായിരുന്നു. ആരുടേയും പേരെടുത്ത് പറയാതെ പങ്കുവെച്ച കുറിപ്പില്‍ ദാമ്പത്യത്തിലെ ടോക്‌സിസിറ്റിയെ കുറിച്ചും മാനസിക പീഡനങ്ങളെ കുറിച്ചുമാണ് പരാമര്‍ശിക്കുന്നത്.
മാനസിക പീഡനങ്ങള്‍ക്ക് ശേഷം താന്‍ സുഖം പ്രാപിക്കുകയാണെന്നും മികവ് പുലര്‍ത്താനും നിസ്സംഗയായിരിക്കുവാനും ശ്രമിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. പീഡകര്‍ എന്നെങ്കിലും കണ്ണാടിയില്‍ നോക്കണമെന്നും ദയ, സ്‌നേഹം, വിവേകം, വിശ്വാസം, വിവേകം, വാത്സല്യം, കരുതല്‍ എന്നിവയാണ് യഥാര്‍ത്ഥ പുണ്യങ്ങളെന്നും അവ പണം, സ്വത്ത്, സ്വര്‍ണം എന്നിവയേക്കാള്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് മനസ്സിലാക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും കുറിപ്പിലുണ്ട്. ആദര്‍ശപരമായ മൂല്യങ്ങളാണ് തന്റേതെന്നും അതിനാല്‍ ഫെമിനിസം തനിക്ക് അനുയോജ്യമാണെന്നും പരസ്പരം ആദരവ് നല്‍കുകയും നേടുകയും ചെയ്യുക എന്നതാണ് ഫെമിനിസം കൊണ്ട ഉദ്ദേശിക്കുന്നതെന്നും മനികയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പിലുണ്ട്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മനികയുമായി ഫോണില്‍ സംസാരിച്ച പുനീത് ആ കോള്‍ റെക്കോഡും ചെയ്തിരുന്നു. കഫേയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കിക്കുന്നതാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ കോളിലുള്ളത്. താനിപ്പോഴും ബിസിനസ് പാര്‍ട്ണര്‍ ആണെന്നും തരാനുള്ളത് തന്ന് തീര്‍ക്കണമെന്നും മനിക പുനീതിനോട് പറയുന്നുണ്ട്. തന്റെ ജീവിതം നശിക്കാന്‍ കാരണം പുനീതാണെന്ന് പറയുന്ന മനിക ഭര്‍ത്താവിനെതിരോ മോശം വാക്കുകളും ഉപയോഗിക്കുന്നുണ്ട്.
‘എനിക്ക് നിങ്ങളുടെ മുഖം കാണാന്‍ താത്പര്യമില്ല. എന്റെ മുന്നില്‍ വന്ന് നിന്നാല്‍ ഞാന്‍ നിങ്ങളെ തല്ലും. വിവാഹമോചനം നടക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ ബിസിനസില്‍നിന്ന് മാറ്റുമോ? എന്നിട്ട് നിങ്ങള്‍ പറയും ‘നിങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തിയാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും’ എന്ന്.’- മനിക ഫോണില്‍ പറയുന്നു. ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും നിനക്ക് വേണ്ടത് എന്താണെന്ന് പറയൂ എന്നുമാണ് ഇതിന് പുനീത് മറുപടി നല്‍കുന്നത്.
ചൊവ്വാഴ്ചയാണ് പുനീത് ഖുറാനയെ മോഡല്‍ ടൗണിലെ കല്യാണ്‍ വിഹാര്‍ ഏരിയയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാനുള്ള ശ്രമത്തിലായിരുന്നുവെന്നും ഇരുവര്‍ക്കുമിടയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പുനീതിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഭാര്യയും അവരുടെ മാതാപിതാക്കളും സഹോദരിയുമാണ് മരണത്തിന് ഉത്തരവാദികളെന്ന് പുനീതിന്റെ കുടുംബം ആരോപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക: 1056, 04712552056)
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക