കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് മാറ്റത്തിൽ വിമർശനവുമായി ഇരുവിഭാഗം സുന്നികളുടെയും മുഖപത്രങ്ങൾ. സമസ്ത ഇകെ വിഭാഗത്തിൻ്റെ മുഖപത്രമായ സുപ്രഭാതത്തിൻ്റെയും എപി വിഭാഗത്തിൻ്റെ മുഖപത്രമായ സിറാജിൻ്റെയും എഡിറ്റോറിയൽ പേജിൽ ഇടംപിടിച്ച ലേഖനങ്ങളിലാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുന്നത്.
നേരത്തെ ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ മൗദൂദിയെ സംഘടനയുടെ കേരള അമീർ തള്ളിപ്പറഞ്ഞത്. ഇതിൻ്റെ ചുവട് പിടിച്ചാണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനം ഉയരുന്നത്.
സുപ്രഭാതം പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ മുസ്തഫ മുണ്ടുപാറ എഴുതിയ ‘കറുത്ത പാട് മായ്ക്കാൻ കഴിയാതെ ജമാഅത്തെ ഇസ്ലാമി’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മൗദൂദിയെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമി അമീറിൻ്റെ നിലപാട് ഗതികേടാണെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു.
ഒടിയന്മാരെപ്പോലെ നിമിഷനേരം കൊണ്ട് രൂപവും ഭാവവും മാറാൻ അസാമാന്യ സിദ്ധിയുള്ള മൗദൂദി സാഹിബിൻ്റെ പ്രസ്ഥാനം ഇനി വരുംകാലങ്ങളിൽ എങ്ങനെയായിരിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്ന് ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്. മൗദൂദിയെ ഉപേക്ഷിക്കാനുള്ളതിൻ്റെ കാരണം ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളിലെ വൈരുധ്യങ്ങളും നിരർത്ഥകതയും ആണെന്നും എഡിറ്റോറിയൽ പേജിലെ ലേഖനം വിമർശിക്കുന്നുണ്ട്.
ഉള്ളതിനപ്പുറം പെരുപ്പിച്ചു കാണിച്ചും ഇഹത്തിലെ ഏതെല്ലാം കാര്യങ്ങളുണ്ടോ അതിലൊക്കെ തലയിട്ടും സാന്നിധ്യമറിയിക്കാൻ കാണിക്കുന്ന ഗിമ്മിക്കുകൾ കാണുമ്പോൾ ഇതെന്തോ വലിയ സംഭവമാണെന്ന് ചിലരെയെങ്കിലും തെറ്റുദ്ധരിപ്പിക്കാൻ ജമാഅത്തിന് കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യമെന്നും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്.
ജമാഅത്തെ ഇസ്ലാമി വൈരുധ്യങ്ങളുടെ കലവറയെന്നും ലേഖനം വിശേഷിപ്പിക്കുന്നുണ്ട്. ഒരേ സമയം എക്സ്പ്രസ് ഹൈവെയും പ്ലാച്ചിമടയും ആർഎസ്എസുമായി ഡീലും മതരാഷ്ട്രം വിരിയിച്ചെടുക്കാനുള്ള ഇൻക്യുബേറ്ററുമായുള്ള പരക്കംപാച്ചിലും ഒന്നിച്ച് കൈകാര്യം ചെയ്യുന്നതിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ മെയ്‌വഴക്കം അസാമാന്യം തന്നെയെന്നും ലേഖനം പരിഹസിക്കുന്നുണ്ട്.
‘മൗദൂദിയില്ലാത്ത ജമാഅത്തോ?’ എന്ന തലക്കെട്ടിൽ മുഹമ്മദലി കിനാലൂർ സിറാജിൻ്റെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിലും ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. മൗദൂദിയുടെ ആശയമില്ലാതെ ജമാഅത്തെ ഇസ്ലാമിക്ക് അസ്ഥിത്വമില്ലെന്നാണ് ലേഖനം വ്യക്തമാക്കുന്നത്.
ജനാധിപത്യത്തെ ജമാഅത്തെ ഇസ്ലാമി അതിൻ്റെ തുടക്കത്തിൽ തന്നെ എതിർത്തിരുന്നു, ഇന്നലെ എതിർത്തു, ഇന്ന് എതിർത്തു, നാളെ എതിർക്കും, ഖിയാമത്ത് നാള് വരെ എതിർക്കും എന്ന് ജമാഅത്തെ നേതാവായ ശൈഖ് മുഹമ്മദ് കാരക്കുന്ന് കാസർക്കോട് പ്രസംഗിച്ചത് ലേഖനം അനുസ്മരിക്കുന്നുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നതും അതിൻ്റെ ഭാഗമായുള്ള ജോലി ഉൾപ്പെടെ സ്വീകരിക്കുന്നതും നിഷിദ്ധവും ദൈവത്തിൻ്റെ പങ്ക് ചേർക്കലുമാണ് എന്നായിരുന്നല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ഒരിക്കൽ നിഷിദ്ധവും ശിർക്കുമായി കണ്ട ഒരുകാര്യം പിൽക്കാലത്ത് അനുവദനീയവും ഇസ്ലാമികലുമായി മാറുന്നതിൻ്റെ മാനദണ്ഡം എന്താണെന്നും ലേഖനം ചോദിക്കുന്നു.
മൗദൂദിയുടെ പുസ്തകങ്ങൾ വിപണിയിൽ നിന്നും പിൻവലിച്ചാൽ ഐപിഎച്ചിൻ്റെ ഔട്ട്ലെറ്റുകൾ പൂട്ടേണ്ടി വരില്ലെ എന്ന് ചോദിക്കുന്ന ലേഖനം മൗദൂദിയെ തള്ളുന്നവർ ആദ്യം ചെയ്യേണ്ടത് സംഘടനയുടെ പേര് ഉപേക്ഷിക്കുകയാണെന്നും പറയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി എന്ന പേര് തന്നെയും സ്ഥാപക നേതാവിൻ്റെ സംഭാവനയാണ്. മുസ്ലിം ജീവിതത്തെ അങ്ങേയറ്റം പരിഹാസ്യമാക്കിയ 83 വർഷങ്ങളാണ് ജമാഅത്തിൻ്റെ ഇതഃപര്യന്ത ചരിത്രമെന്നും ലേഖനം വിമർശിക്കുന്നു.