നാളുകളായി മലയാളി മനസ്സിനെ നൊമ്പരപ്പെടുത്തുന്ന നാമമാണ് നിമിഷ പ്രിയ…
രണ്ട് ദിവസങ്ങളായി അതൊരു ദുരന്തമായി പര്യവസാനിക്കുമോ എന്ന ആധിയിലാണ് മലയാളി മനസ്സ്. ബിസിനസ്സ് പങ്കാളിയായ യമന്‍ പൗരനെ വധിച്ച കേസില്‍ 2017 മുതല്‍ യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് ശരിവച്ചതോടെയാണ് ഈ ഉല്‍ക്കണ്ഠ വര്‍ധിച്ചത്. ഒരു പക്ഷേ, ഒരു മാസത്തിനകം നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കാം. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബം ദിയാധനം (ബ്ലഡ്മണി) വാങ്ങി മാപ്പ് കൊടുക്കാന്‍ തയ്യാറാവുകയും അദ്ദേഹത്തിന്റെ ഗോത്രം അതിനെ അംഗീകരിക്കുകയും ചെയ്താല്‍ നിമിഷ പ്രിയ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയും അസ്തമിച്ചിട്ടില്ല. അങ്ങിനെ സംഭവിക്കട്ടേയെന്ന പ്രാര്‍ഥനയിലാണ് മലയാളി മണ്ണും മനസ്സും…
നിമിഷ പ്രിയക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാട്ടര്‍ ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍
തലാല്‍ അബ്ദുമെഹ്ദിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യമനില്‍ ക്ലിനിക്ക് നടത്തിവരികയായിരുന്നു നഴ്‌സ് കൂടിയായ നിമിഷ പ്രിയ. ഇവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന നാട്ടുകാരുടെ പരാതിയില്‍ പൊലിസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകമറിയുന്നത്. നൂറുകണക്കിന് കഷണങ്ങളാക്കി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് മൃതദേഹം ജലസംഭരണിയില്‍ നിന്ന് പൊലിസ് കണ്ടെടുത്തത്. തലാലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലിസ് മാധ്യമങ്ങളിലൂടെ നിമിഷപ്രിയയുടെ ഫോട്ടോ പുറത്തുവിട്ടിരുന്നു. ഇതിനിടെ 580 കിലോമീറ്റര്‍ അകലെ ഹദര്‍മൗത്തില്‍ വച്ചാണ് നിമിഷ പ്രിയ അറസ്റ്റിലായത്.
നിമിഷയുടെ പാലക്കാട്ടെ വീട്ടിലെ മുറി
പിന്നാലെ, കൃത്യത്തിന് നിമിഷ പ്രിയക്ക് സഹായം ചെയ്ത സുഹൃത്തും യമന്‍കാരിയുമായ നഴ്‌സ് ഹനാനെയും പൊലിസിന്റെ പിടിയിലായി. തുടര്‍ന്ന് നടന്ന വിചാരണ നടപടികള്‍ക്കൊടുവില്‍ നിമിഷ പ്രിയക്ക് കീഴ് കോടതി വധശിക്ഷയും ഹനാന് ജീവപര്യന്തം തടവും വിധിച്ചു. നിമിഷ പ്രിയ സുഹൃത്ത് ഹനാനൊപ്പം ചേര്‍ന്ന് തലാലിന് അനസ്‌തേഷ്യ നല്‍കിയശേഷം കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.
തലാലുമായി പരിചയവും കൊലപാതകവും
2009ലാണു നിമിഷപ്രിയ നഴ്‌സായി യമനിലെത്തിയത്. 2012ല്‍ കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ചു. യമനില്‍ തിരിച്ചെത്തിയ നിമിഷപ്രിയ ക്ലിനിക്കിലും ടോമി സ്വകാര്യ സ്ഥാപനത്തിലും ജോലിനേടി. ഇതിനിടെയാണ് യമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ പരിചയപ്പെടുന്നത്. പിന്നാലെ തലാലിനൊപ്പം ചേര്‍ന്ന് പങ്കാളിത്തവ്യവസ്ഥയില്‍ അവിടെ ക്ലിനിക്ക് തുടങ്ങാനും പദ്ധതിയിട്ടു. ഇതിനിടെ യമനില്‍ വച്ച് പിറന്ന മകള്‍ മിഷേലിന്റെ മാമോദീസാച്ചടങ്ങുകള്‍ക്കായി 2014ല്‍ നിമിഷപ്രിയയും ടോമിയും നാട്ടിലേക്ക് തിരിച്ചു. തലാല്‍ അബ്ദുമഹ്ദിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞ് നിമിഷയും തലാലും യമനിലേക്കു മടങ്ങി. ടോമിയും മകളും ഇവര്‍ക്കൊപ്പം പോയിരുന്നില്ല. 2015ല്‍ സന്‍ആയില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷ ക്ലിനിക് ആരംഭിച്ചു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്ന തരത്തിലാണ് യമനിലെ രേഖകള്‍. ഇതു ക്ലിനിക്കിന് ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷ പറയുന്നത്. പിന്നീട് ക്ലിനിക് നല്ലരീതിയില്‍ നടന്നുപോകുന്നതിനിടെ ലാഭം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കമാണ് ഇരുവരും തമ്മില്‍ അകല്‍ച്ചയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ഭാര്യയും കുഞ്ഞുമുള്ള തലാല്‍ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാള്‍ക്കും കൂട്ടുകാര്‍ക്കും വഴങ്ങാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നുമാണ് നിമിഷ പറയുന്നത്. തലാല്‍ തന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് നാട്ടില്‍ പോകാനനുവദിക്കാതെ പീഡിപ്പിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. തന്റെ ലക്ഷക്കണക്കിന് രൂപ തലാല്‍ തട്ടിയെടുത്തെന്നും നിമിഷ പറയുന്നു. സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമനി യുവതിയും തലാലിന്റെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. ജീവിക്കാന്‍ അനുവദിക്കാത്ത ഘട്ടം വരികയും ജീവന്‍ അപകടത്തിലാകുമെന്ന് തോന്നുകയും ചെയ്തതോടെ ഒരു ദിവസം തലാലിന് അമിത ഡോസില്‍ മരുന്നു കുത്തിവച്ചു. ബോധം പോയതോടെ പാസ്‌പോര്‍ട്ട് കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വച്ച് പിടിയിലാവുകയായിരുന്നുവെന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, തലാലിന്റെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ നൂറോളം കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയക്ക് വിനയായത്.
കുറ്റപത്രത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിച്ചു
കൊലപാതകക്കുറ്റം മാത്രമായിരുന്നെങ്കില്‍ ഒരു പക്ഷേ, ജീവപര്യന്തത്തില്‍ ഒതുങ്ങുമായിരുന്ന കേസ് മൃതദേഹം കഷ്ണങ്ങളാക്കിയ കുറ്റം കൂടി ചാര്‍ത്തപ്പെട്ടതോടെ കൂടുതല്‍ കഠനിമായതായി മാറുകയും വധശിക്ഷ വിധക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്തു. എന്നാല്‍, മയക്കുമരുന്ന് കുത്തിവച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ പറയുന്നത്. ഇക്കാര്യം കോടതിയിലും അവര്‍ പറഞ്ഞിരുന്നു. അറബിയില്‍ തയാറാക്കിയ കുറ്റപത്രത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയില്‍ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടുവെന്നും നിമിഷ പ്രിയക്ക് പരാതിയുണ്ട്. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ലെന്നും മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവച്ചതെന്നും നിമിഷ പ്രിയ പറയുന്നു. എന്നാല്‍, നിമിഷ പ്രിയയുടെ ഈ വാദങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും 2020ല്‍ യമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ ശരിവെച്ചു. തലാല്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും കോടതിയെ അറിയിച്ചെങ്കിലും ഹരജി കോടതി തള്ളുകയായിരുന്നു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമരി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യമന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല.

നിമിഷപ്രിയക്കെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്നാണ് കുടുംബം പറയുന്നത്. തൊഴില്‍ സ്ഥലത്തെ ശാരീരികവും മാനസികവുമായ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു നിമിഷപ്രിയയുടെ ശ്രമം. പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തുന്നതടക്കമുള്ള ക്രൂരതകളാണ് യമന്‍ പൗരന്‍ തലാലിന്റെ ഭാഗത്തുനിന്നുണ്ടായത്. രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അനസ്‌തേഷ്യ കുത്തിവച്ചത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തിയില്‍വെച്ച് നിമിഷപ്രിയ പിടിക്കപ്പെട്ടു. പിന്നീട് യുവാവിന്റെ മൃതദേഹം പല തുണ്ടുകളായാണ് കണ്ടെത്തിയത്. കുറ്റകൃത്യം നിമിഷപ്രിയ ചെയ്തിട്ടില്ലെന്നും അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും കുടുംബം പറയുന്നു.

മകള്‍ ജയിലിലായ ശേഷം കിടപ്പാടം വരെ വില്‍ക്കേണ്ടിവന്ന അമ്മ
ഇതിനിടെ, നിമിഷപ്രിയ യമനിലെ സുപ്രിംകോടതിയെ സമീപിച്ചു. 2023ല്‍ യമന്‍ സുപ്രിംകോടതിയും ഹരജി തള്ളി. ”എന്റെ മകളവിടെ തീ തിന്നുകയാണ്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് മാപ്പിരക്കണം. മാപ്പപേക്ഷിച്ചാല്‍ അവര്‍ പൊറുക്കും” അപ്പീല്‍ തള്ളിയ വാര്‍ത്തയറിഞ്ഞപ്പോള്‍ അമ്മ പ്രേമകുമാരിയുടെ പ്രതികരണം ഇതായിരുന്നു. കേസ് ഉണ്ടായ ഉടന്‍ ഒരു അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ 50,000 ഇന്ത്യന്‍ രൂപ മകള്‍ ആവശ്യപ്പെട്ടിരുന്നു. അന്നത് കൊടുക്കാന്‍ നിവൃത്തിയില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു. ‘അന്നത് കൊടുക്കാത്തതിന്റെ വിഷമം എന്നെ മരണംവരെ വേട്ടയാടും. മകള്‍ ജയിലിലായതിനു ശേഷം കിടപ്പാടം വരെ വില്‍ക്കേണ്ടിവന്നുവെന്നു’ അമ്മ പറഞ്ഞു. ഇതിനിടയില്‍ 70 ലക്ഷം രൂപ നല്‍കിയാല്‍ കേസില്‍ നിന്നു പിന്മാറാന്‍ തയാറാണെന്ന് തലാലിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും തലാലിന്റെ നാട്ടുകാരുടെയും ഗോത്രക്കാരുടെയും എതിര്‍പ്പുമൂലം ഇത് നടന്നില്ല.
നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യയില്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 2021 ഓഗസ്റ്റില്‍ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. യമനിലെ മേല്‍ക്കോടതികള്‍ വിചാരണ തുടങ്ങിയപ്പോള്‍ തന്നെ ആക്ഷന്‍ കൗണ്‍സില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തിലും എംബസി തലത്തിലും കോടതി തലത്തിലും ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യമനിലെ തന്നെ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം നിമിഷപ്രിയക്കായി ലഭ്യമാക്കി. നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി സുപ്രിം കോടതി അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. നിമിഷപ്രിയയുടെ കേസില്‍ നേരിട്ട് ഇടപെടാനാവില്ലെന്നും എന്നാല്‍ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കാന്‍ സന്നദ്ധമാണെന്നുമായിരുന്നു അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാ ഇടപെടലുകളും നടത്തുമെന്ന് സംസ്ഥാനസര്‍ക്കാരും ഉറപ്പുനല്‍കിയിരുന്നു. ദിയാധനം നല്‍കിയാല്‍ മോചനം സാധ്യമാണെങ്കില്‍ അത് നല്‍കാന്‍ സന്നദ്ധനാണെന്ന് മലയാളി വ്യവസായി യൂസഫലിയും വാക്ക് നല്‍കിയിരുന്നു.

പിന്നാലെയാണ് കേസിലെ വധശിക്ഷയ്‌ക്കെതിരേ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യമന്‍ സുപ്രീം കോടതി തള്ളിയ കാര്യം കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. വധശിക്ഷയ്‌ക്കെതിരേ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13ന് യമനിലെ സുപ്രികോടതി തള്ളിയെന്നാണ് തങ്ങള്‍ക്കു ലഭിച്ച വിവരമെന്നായിരുന്നു കേന്ദ്രം വാക്കാല്‍ ഡല്‍ഹി ഹൈക്കോടതിക്ക് നല്‍കിയ വിവരം. വധശിക്ഷ ഒഴിവാക്കാന്‍ ഇനി യമന്‍ പ്രസിഡന്റിന് മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്രം അറിയിച്ചിരുന്നു. പിന്നാലെയാണ് നിമിഷ പ്രിയ യമന്‍ പ്രസിഡന്റിന് ദയാഹരജി നല്‍കുന്നത്. എന്നാല്‍, പ്രസിഡന്റ് റഷാദ് അല്‍ അലിമിയും ദയാഹരജി തള്ളുകയായിരുന്നു.
ഇനിയുള്ള പ്രതീക്ഷ
നിമിഷപ്രിയയുടെ അമ്മ ഇപ്പോള്‍ യമനിലാണുള്ളത്. കഴിഞ്ഞ ഏപ്രില്‍ 20ന് അവിടെയെത്തിയ അമ്മയ്ക്ക് രണ്ട് തവണ നിമിഷപ്രിയയെ കാണാനായിട്ടുണ്ട്. ദിയാദനം നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഇതിനായി രണ്ടാം ഘട്ട തുക സമാഹരിച്ച് നല്‍കാതിരുന്നതാണ് തിരിച്ചടിയായതെന്നാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരിലൊരാളായ സാമൂഹിക പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറയുന്നത്. ദിയാദനം സ്വീകരിച്ചു നിമിഷയോടു ക്ഷമിച്ചതായി കുടുംബം അറിയിച്ചാല്‍ ശിക്ഷ ഒഴിവാകുമായിരുന്നുവെന്നും അദ്ദേഹം പറയന്നു. തലാലിന്റെ കുടുംബവുമായും അവരുടെ ഗോത്രസമൂഹത്തിന്റെ പ്രതിനിധികളുമായും ചര്‍ച്ചനടത്താന്‍ 40,000 യുഎസ് ഡോളറാണ് സാമുവല്‍ ജെറോമും യമനിലെ അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ടമായി നല്‍കേണ്ട 20,000 ഡോളറില്‍ 19,871 ഡോളര്‍ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു 2024 ജൂലൈയില്‍ എംബസി വഴി കൈമാറിയിരുന്നു. എന്നാല്‍, രണ്ടാം ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെന്നാണ് ആരോപണം. തുകയുടെ വിനിയോഗം സംബന്ധിച്ചു കൃത്യമായ വിവരം വേണമെന്നു കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടതാണ് ഈ ശ്രമങ്ങള്‍ നിലക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഏതായാലും മാപ്പപേക്ഷ ചര്‍ച്ചകളുടെ രണ്ടാംഗഡുവായി നല്‍കേണ്ട പണം കമ്മിറ്റി യഥാസമയം കൈമാറാതിരുന്നതിനാല്‍ കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ചര്‍ച്ചകളില്‍ വിശ്വാസം നഷ്ടമായെന്നാണ് ജെറോം പറയുന്നത്. അവസരമുള്ളപ്പോള്‍ ഉപയോഗിക്കാനായില്ല, ഇപ്പോള്‍ അവസരം നഷ്ടമായെന്നും അദ്ദേഹം പറയുന്നു. വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചത് നേരിയൊരു പ്രതീക്ഷയ്ക്ക് വകനല്‍കിയിട്ടുണ്ട്. അമ്മയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും യമനില്‍ തുടര്‍ന്ന് ദിയാദനം വഴി രക്ഷാശ്രമങ്ങള്‍ നടത്തുന്നതിനിടെ, കേന്ദ്ര സര്‍ക്കാരിന്റെ കൂടി ഇടപെടലുണ്ടായാല്‍ ഒരു പക്ഷേ, ആ മലയാളിപ്പെണ്‍കൊടിക്ക് നഷ്ടപ്പെട്ടുപോയെന്ന് ഉറപ്പിച്ച ജീവിതം തിരിച്ചുപിടിക്കാനായേക്കും. അതുകൊണ്ട് തന്നെ പ്രാര്‍ഥനകളും പ്രതീക്ഷകളും കൈവിടാനായിട്ടില്ലെന്ന് തന്നെയാണ് യമനില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക