‘മുബാറക് അല്‍ കബീര്‍’ മോഡി; പരമോന്നത ബഹുമതി നൽകി കുവൈത്

0
750

മോഡിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര അവാര്‍ഡാണിത്. മുമ്പ് ബില്‍ ക്ലിന്‍റണ്‍, ജോരര്‍ജ് ബുഷ് എന്നീ നേതാക്കള്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിരുന്നു

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുവൈത്ത് പരമോന്നത ബഹുമതി നല്‍കി ആദരിച്ചു. മുബാറക് അല്‍ കബീര്‍ മെഡല്‍ കുവൈത്ത് ഭരണാധികാരി ശൈഖ് മിശ്അല്‍ അല്‍ അഹ്‌മദ് ജാബിര്‍ അല്‍ സബാഹ് പ്രധാനമന്ത്രി മോഡിക്ക് സമ്മാനിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ക്കാണ് ഈ അംഗീകാരം. ഞായറാഴ്ച രാവിലെ കുവൈത്ത് അമീറിന്റെ ഔദ്യോഗിക വസതിയായ ബയാന്‍ പാലസിലായിരുന്നു ചടങ്ങ്.

പ്രധാനമന്ത്രി മോഡിയേയും ഇന്ത്യന്‍ പ്രതിനിധി സംഘത്തേയും അമീര്‍ കൊട്ടാരത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രിയും അമീറും തമ്മില്‍ കൂടിക്കാഴ്ചയും നടന്നു. ഉഭയകക്ഷി ബന്ധങ്ങള്‍ക്കു പുറമെ മേഖലയിലേയും രാജ്യാന്തര സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അല്‍ അഹ്‌മദ് അല്‍ സബാഹ്, ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ്, ഉന്നത ഉദ്യോഗസ്ഥരും എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

മോഡിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര അവാര്‍ഡാണിത്. മുമ്പ് ബില്‍ ക്ലിന്‍റണ്‍, ജോരര്‍ജ് ബുഷ് എന്നീ നേതാക്കള്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിരുന്നു. കുവൈത്ത് സന്ദര്‍ശിക്കാനെത്തിയ മോദിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ബയാന്‍ പാലസില്‍ അദ്ദേഹത്തിന് ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ കുവൈത്ത് അമീറും പങ്കെടുത്തു.

അറേബ്യന്‍ മേഖലയിലെ ഫുട്ബോള്‍ ജേതാക്കളെ തീരുമാനിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന്‍റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി മോദി പങ്കെടുത്തിരുന്നു. ഇന്നലെ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് മോദി സംസാരിച്ചു. മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമർശിച്ച മോദി കുവൈത്തിനെ നന്ദി അറിയിച്ചു. അനേകം ഇന്ത്യക്കാർ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കി. കുവൈത്ത് സർക്കാർ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്തിന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മംഗഫ് തീപ്പിടുത്തത്തിൽ മരിച്ചതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതിൽ 24 പേർ മലയാളികളും ആയിരുന്നു.

ലോകത്തിന്‍റെ വളർച്ചയുടെ എഞ്ചിനായി ഇന്ത്യ മാറുമെന്ന് കുവൈത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിനുൾപ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിഐ പേമെന്‍റ് കുവൈത്തിൽ നടപ്പാക്കുന്ന കാര്യത്തിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കിങ്, ഐ.ടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ കുവൈത്തുമായി കൂടുതൽ സഹകരണമാണ് കുവൈത്ത് സന്ദര്‍ശനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.