ജയ്പൂരിൽ പെട്രോൾ പമ്പിനുള്ളിൽ വാഹനത്തിന് തീപിടിച്ചു; നിരവധി മരണം

0
1344

പെട്രോൾ പമ്പിൽ നിന്ന് വലിയ തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്, മരണ സംഖ്യ ഉയരാമെന്ന് അധികൃതര്‍ സൂചന നല്‍കി

ജയ്പൂർ: ജയ്പൂരിൽ പെട്രോൾ പമ്പിനുള്ളിൽ വാഹനത്തിന് തീപിടിച്ച് നാല് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലേയാണ് സംഭവമുണ്ടായത്. പെട്രോൾ പമ്പിൽ പാർക്ക് ചെയ്ത സി.എൻ.ജി ട്രക്കിനാണ് തീപിടിച്ചത്. അജ്മീർ റോഡിൽ ബാൻക്രോട്ട മേഖലയിലാണ് സംഭവമുണ്ടായത്.

സി.എൻ.ജി ട്രക്കിലേക്ക് മറ്റൊരു ലോറിയിടിച്ചാണ് തീപിടത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. സി.എൻ.ജി ട്രക്കിന് തീപിടിച്ചതിന് പിന്നാലെ പമ്പിലെ മറ്റ് ഭാഗങ്ങളിലേക്കും തീപടരുകയായിരുന്നു. പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളും തീപിടിത്തത്തിൽ നശിച്ചു. തീയണക്കാനായി 20 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പമ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സിഎന്‍ജി ടാങ്കറില്‍ ലോറി ഇടിച്ചുകയറിയതാണ് തീപിടിത്തതിന് കാരണം. രാസവസ്തുക്കള്‍ കയറ്റിവന്ന ലോറിയാണ് സിഎന്‍ജിടാങ്കറില്‍ ഇടിച്ചത്. രാവിലെ 5.30നായിരുന്നു സംഭവം. പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായി ഭാന്‍ക്രോട്ട എസ്എച്ച്ഒ മനീഷ് ഗുപ്ത പറഞ്ഞു. പൊള്ളലേറ്റവരെ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

പെട്രോൾ പമ്പിൽ നിന്ന് വലിയ തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എത്ര ട്രക്കുകൾ കൂട്ടിയിടിച്ചുവെന്നത് വ്യക്തമല്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ മനീഷ് ഗുപ്ത പറഞ്ഞു.