കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാര്‍ഡ് വിഭജനം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി
കൊച്ചി: സർക്കാർ പുറപ്പെടുവിച്ച വാർഡ് വിഭജന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. എട്ട് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധയിടങ്ങളിൽ വാർഡ് വിഭജനം പൂർത്തിയാക്കി വരികയാണ് സർക്കാർ. ഇതിനിടെയാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
മട്ടന്നൂർ, ശ്രീകണ്‌ഠാപുരം, പാനൂർ, കൊടുവള്ളി,പയ്യോളി,മുക്കം, ഫറൂക്ക്, പട്ടാമ്പി എന്നീ നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനവുമാണ് കോടതി റദ്ദാക്കിയത്. മുസ്‌ലിം ലീഗിന്റെ കൗൺസിലർമാരാണ് പ്രധാനമായും കോടതിയിൽ വാർഡ് വിഭജനത്തിനെതിരെ ഹർജി നൽകിയത്. ഇവർ പറയുന്നതനുസരിച്ച് 2011ലെ സെൻസസ് പ്രകാരം 2015ൽ വാർഡ് വിഭജനം നടന്നതാണ്. പുതിയ സെൻസസ് വരാതെ വീണ്ടും വാർഡ് വിഭജനത്തിന് സാദ്ധ്യതയില്ല എന്നാണ് കൗൺസിലർമാർ വാദിച്ചത്.
ഈ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടെ സർക്കാർ ഡീലിമിറ്റേഷൻ കമ്മിഷൻ ഉത്തരവ് പ്രകാരം നടത്തിയ വാർഡ് വിഭജനം നിയമവിരുദ്ധമാണെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി കണ്ടെത്തുകയായിരുന്നു.
2015ൽ തന്നെ പഞ്ചായത്തുകളുടെ എണ്ണം കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നെങ്കിലും അത് എങ്ങുമെത്തിയിരുന്നില്ല. അതിനിടെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് അധികമാക്കുക എന്ന നിലയിലുള്ള വാർഡ് വിഭജനരീതിയുമായി സർക്കാർ മുന്നോട്ടുപോയത്. ഇത് അന്തിമ ഘട്ടത്തിലെത്താനിരിക്കവെയാണ് നിയമക്കുരുക്കിൽപ്പെട്ടത്. വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുൻപ് വാർഡ് വിഭജനം പൂർത്തിയാക്കുക എന്ന സർക്കാർ ലക്ഷ്യത്തിനേറ്റ തിരിച്ചടിയാണ് ഇന്നത്തെ വിധി.





