ലഖ്നൗ: സംഭല്‍ ഷാഹി മസ്ജിദില്‍ പുതിയ കടന്നു കയറ്റവുമായി ജില്ലാ ഭരണകൂടം. മസ്ജിദിലെ പുരാതന കിണര്‍ പിടിച്ചെടുത്തു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നടപടി. മസ്ജിദിന്റെ കിഴക്കേ മതിലിനോട് ചേര്‍ന്ന കിണറാണ് പിടിച്ചെടുത്തിരിക്കുന്നത്. വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി അംഗശുദ്ധി വരുത്താനുള്ള വെള്ളമെടുത്തിരുന്ന കിണറാണിത്.
കിണറില്‍ ജില്ലാ ഭരണകൂടം മോട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല കിണറിന് ചുറ്റും പൊലിസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സമീപത്തെ കിണറില്‍നിന്ന് വിഗ്രഹങ്ങള്‍ ലഭിച്ചെന്ന് പൊലിസ് അവകാശപ്പെട്ടതിന് പിന്നാലെയാണ് നടപടി. കിണറില്‍ പൊലിസ് പരിശോധന നടത്തിയേക്കും.
അതേസമയം, അധികൃതരുടെ നീക്കത്തെ എതിര്‍ത്ത് ജില്ലാ കലക്ടര്‍ക്ക് മസ്ജിദ് കമ്മിറ്റി വക്കീല്‍ നോട്ടിസ് അയച്ചു. തലമുറകളായി മസ്ജിദ് പരിസരത്തിന്റെ അവിഭാജ്യ ഘടകമാണ് കിണര്‍ എന്നും അത് പിടിച്ചെടുക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ തനിക്ക് ഇതുവരെ മസ്ജിദ് കമ്മിറ്റിയുടെ വക്കീല്‍ നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. കമ്മിറ്റിയുടെ നിയമസാധുതയെയും അദ്ദേഹം ചോദ്യം ചെയ്തു. ‘ആരാണ് അവര്‍. രജിസ്റ്റര്‍ ചെയ്തതാണോ ന്നെ് പോലും ഉറപ്പില്ലാത്ത കമ്മിറ്റി’ എന്നായിരുന്നു ജില്ലാ മജിസ്ട്രേറ്റിന്റെ പ്രതികരണം.
സംഭല്‍ ഷാഹി മസ്ജിദ് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ സര്‍വേ നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി സംഭലില്‍ അധികൃതര്‍ കയ്യേറ്റ നടപടി തുടരുകയാണ്.
കഴിഞ്ഞ നവംബര്‍ 24ന് ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന സര്‍വേ നടപടികളില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.





