രാസായുധം പ്രയോഗിച്ചെന്ന കുറ്റംചുമത്തി, പിന്നാലെ വധം; ഉത്തരവാദിത്വം ഏറ്റെടുത്ത് യുക്രൈന്‍

0
1595

കീവ് (യുക്രൈന്‍): റഷ്യയുടെ ഉന്നത സൈനിക ജനറലിന്റെ വധത്തിന് പിന്നില്‍ തങ്ങളാണെന്ന് യുക്രൈന്‍. റഷ്യന്‍ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമാണ് യുക്രൈന്‍ ഏറ്റെടുത്തത്. പ്രത്യേക ദൗത്യത്തിലൂടെ യുക്രൈന്‍ സെക്യൂരിറ്റി സര്‍വീസാണ് (എസ്.ബി.യു) കിറില്ലോവിനെ വധിച്ചതെന്ന് യുക്രൈനിന്റെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ ഇഗോര്‍ കിറില്ലോവിനൊപ്പം സഹായി റിസാന്‍സ്‌കി പ്രോസ്‌പെക്ടും കൊല്ലപ്പെട്ടിരുന്നു.

യുക്രൈനെതിരെ നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ പ്രയോഗിച്ചു എന്ന കുറ്റം ചുമത്തിയതിന് പിന്നാലെയാണ് കിറില്ലോവ് കൊല്ലപ്പെടുന്നത്. യുക്രൈനിയന്‍ പ്രോസിക്യൂട്ടര്‍മാരാണ് തിങ്കളാഴ്ച കിറില്ലോവിനെതിരെ കുറ്റം ചുമത്തിയത്. കിറില്ലോവ് യുദ്ധക്കുറ്റവാളിയാണെന്നും കിറില്ലോവിന്റെ കൊലപാതകം ‘തീര്‍ത്തും നിയമാനുസൃത’മാണെന്നും യുക്രൈനിലെ ഉന്നതന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിനിടെ 2022 ഫെബ്രുവരിയിലാണ് യുക്രൈനില്‍ റഷ്യ നിരോധിത രാസായുധം പ്രയോഗിച്ചത് എന്നാണ് യുക്രൈനിന്റെ ആരോപണം.

മോസ്‌കോയിലെ റിയാസന്‍സ്‌കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് പുറത്ത് നടന്ന സ്‌ഫോടനത്തിലാണ് കിറില്ലോവ് കൊല്ലപ്പെട്ടത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിയത്. ഇഗോര്‍ കിറില്ലോവിനെ കൂടാതെ അദ്ദേഹത്തിന്റെ സഹായിയായ സൈനികനും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ടു ചെയ്തു. സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

2017 ഏപ്രിലിലാണ് സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷന്‍, കെമിക്കല്‍, ബയോളജിക്കല്‍, ഡിഫന്‍സ് ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.