ദമസ്കസ്: സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ വിമത സേനയായ ഹയാത് തഹ്‍രീർ അൽ ശാമിന്റെ (എച്ച്ടിഎസ്) തലവൻ അബു മുഹമ്മദ് അൽ ജുലാനി. സിറിയയിൽ ഇനി വ്യോമാക്രമണം നടത്താൻ ഇസ്രായേലിന് ന്യായീകരണമൊന്നുമില്ലെന്ന് അദ്ദേഹം സിറിയൻ ടിവി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഈയിടെ നടത്തിയ ആക്രമണങ്ങൾ എല്ലാവിധ അതിർവരമ്പുകളും ലംഘിക്കുന്നതാണ്. ആക്രമണം ഇല്ലാതാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സിറിയൻ പരമാധികാരത്തെ മാനിക്കണമെന്നും ജുലാനി ആവശ്യപ്പെട്ടു.
സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ നയതന്ത്ര പരിഹാരങ്ങളാണ് വേണ്ടത്. സിറിയൻ മണ്ണിലേക്കുള്ള ഇസ്രായേൽ സൈനികാധിനിവേശം അപകടകരമാണ്. ഇസ്രായേലുമായുള്ള ദീർഘകാല സംഘർഷം രാജ്യത്തെ വീർപ്പുമുട്ടിച്ചിരിക്കെ, പുതിയ ഏറ്റുമുട്ടലിന് താൽപര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ശനിയാഴ്ചയും ഇസ്രായേൽ ദമസ്കസിലടക്കം ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങൾക്ക് നേരെയായിരുനു ആക്രമണം. പർവതത്തിന് അടിയിലായുള്ള റോക്കറ്റ് സംഭരണ കേന്ദ്രത്തിലടക്കം ആക്രമണം നടത്തിയതായി സിറിയൻ വാർ മോണിറ്റർ വ്യക്തമാക്കി. നേരത്തെ സിറിയയുടെ ആയുധ ശേഷിയുടെ 80 ശതമാനവും തകർത്തതായി ഇസ്രായേൽ അറിയിച്ചിരുന്നു.
അതേസമയം, സിറിയയിൽ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ ഇടപെടില്ലെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു. സിറിയൻ ഗോലാൻ കുന്നുകളിൽ നിലയുറപ്പിച്ച ഇസ്രായേലി സൈനികരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സിറിയയിൽ ഭരണം നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇസ്രായേലി ജനതക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇവിടെ ഒരു ശത്രു രാജ്യമുണ്ടായിരുന്നു. അതിെൻറ സൈന്യം തകർന്നിരിക്കുന്നു. തീവ്രവാദ സംഘങ്ങൾ ഇവിടേക്ക് വരുമെന്ന് ആശങ്കയുണ്ട്. അതിനാലാണ് ആക്രമണം നടത്തിയതെന്നും ഹെർസി വ്യക്തമാക്കി.





