2034 ലോകകപ്പ്; പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്ന് സൗദി കിരീടാവകാശി

0
708

റിയാദ്: 2034 ലോകകപ്പ് നടത്തുന്നത് അതിനായി രൂപവത്കരിക്കുന്ന സുപ്രീം അതോറിറ്റി ആയിരിക്കുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ കിരീടാവകാശിയായിരിക്കും.

അമീറുമാർ, മന്ത്രിമാർ, അതോറിറ്റി മേധാവികൾ, ഗവർണർമാർ, റോയൽകോർട്ട് ഉപദേഷ്ടാക്കൾ തുടങ്ങിയവർ ഡയറക്ടർ ബോൾഡിലുണ്ടാവും.

48 ടീമുകൾ പങ്കെടുക്കുന്ന വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഏകരാജ്യമെന്ന നിലയിൽ അസാധാരണമായ ലോകകപ്പ് അവതരിപ്പിക്കാനുള്ള സൗദി അറേബ്യയുടെ ദൃഢനിശ്ചയത്തിെൻറ ഫലമാണ് അതിനായി പ്രത്യേകം അതോറിറ്റി സ്ഥാപിക്കാനുള്ള തീരുമാനമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൽമാൻ രാജാവും കിരീടാവകാശിയും കായിക മേഖലയ്ക്ക് ലഭിക്കുന്ന അഭൂതപൂർവമായ പിന്തുണയുടെയും താൽപ്പര്യത്തിെൻറയും മൂർത്തീഭാവമാണിത്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് സൗദി കായിക രംഗത്തിെൻറ പരിവർത്തന പ്രക്രിയയെ നേരിട്ട് മെച്ചപ്പെടുത്തും. ജീവിത നിലവാരം ഉയർത്തുന്നതിനുള്ള ഗുണപരമായ ചുവടുവെപ്പായിരിക്കും. കായികരംഗത്ത് സ്വദേശികളുടെയും വിദേശികളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നതിനും അത്ലറ്റുകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും എല്ലാ കായികയിനങ്ങളിലും കായിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും ശ്രമിക്കുന്ന ‘സൗദി വിഷൻ 2030’െൻറ ഏറ്റവും പ്രധാനപ്പെട്ട എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലൊന്നായി ഇത് കണക്കാക്കപ്പെടും.

സാമ്പത്തികം, നിക്ഷേപം, കായികം, വിനോദസഞ്ചാരം, സാമ്പത്തിക ലക്ഷ്യസ്ഥാനം എന്നീ നിലകളിൽ ആതിഥേയത്വം വഹിക്കുന്നതിലൂടെ രാജ്യം സ്വയം ഉയർത്തിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കി.