Tuesday, 21 January - 2025

കൈവെട്ട് കേസ്; മൂന്നാം പ്രതി എം കെ നാസറിൻ്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പി വി ബാലകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് നടപടി. കേസിന്റെ വിചാരണ കാലത്തും ശിക്ഷാവിധിക്ക് ശേഷവും ഒന്‍പത് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ.

പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. എന്‍ഐഎ അപ്പീല്‍ സമീപഭാവിയിലൊന്നും പരിഗണിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ട് പോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം നല്‍കിയത്.

ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു.

2010 മാര്‍ച്ചിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രൊഫസര്‍ ടി ജെ ജോസഫിനെ ആക്രമിക്കുന്നത്. ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎയും കുറ്റകൃത്യത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു.

Most Popular

error: