ശബരിമല ദർശന വിവാദം; ദിലീപിന് സഹായം നൽകിയിട്ടില്ലെന്ന് പോലീസ്

0
611

കൊച്ചി: ശബരിമല ദർശന വിവാദത്തിൽ ദിലീപിന് സഹായം നൽകിയിട്ടില്ലെന്ന് പൊലീസ്. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ അവസരമൊരുക്കിയതെന്ന് ശബരിമല സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

ദിലീപിന്‍റെ വിഐപി സന്ദർശനത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.ദിലീപ് സോപാനത്ത് തുടർന്നത് ഭക്തർക്ക് തടസമുണ്ടാക്കി. ശ്രീകോവിലിനു മുന്നിൽ നിന്നാൽ മറ്റുള്ളവരുടെ ദർശനം തടസപ്പെടുമെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നു ദേവസ്വം ബോർഡിന് താക്കീതും നൽകിയിരുന്നു.

എത്രസമയം ദീലീപ് സോപാനത്തിൽ തുടർന്നെന്ന് കോടതി ചോദിച്ചിരുന്നു. ദിലീപ് അവിടെ നിന്നതുകൊണ്ട് ആർക്കും മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ്.

ഹരിവരാസനം സമയത്ത് പരമാവധി ഭക്തർക്ക് ദർശനം നൽകാനാണ് ശ്രമിക്കേണ്ടത്. കുട്ടികൾക്കും സ്ത്രീകൾക്കും ദർശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പെൻഡ്രൈവിൽ ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണുയര്‍ന്നത്.