കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ അവസാന ഘട്ടമായ അന്തിമവാദം നാളെ ആരംഭിക്കും. അന്തിമ വാദത്തിന്‍റെ നടപടിക്രമങ്ങള്‍ ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കും. പ്രതിഭാഗത്തിന്‍റെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയത് അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിലെ വിചാരണ നടപടികള്‍ നടക്കുന്നത്.
അതേസമയം നീതി തേടി അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചു. കോടതിയുടെ പരിഗണനയിലിരിക്കെ ചട്ടവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ നടപടിയെടുത്തില്ലെന്ന് കത്തിൽ പറയുന്നു. കോടതികളെ സമീപിപ്പിച്ചിട്ടും നീതി ലഭ്യമാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത പറയുന്നു.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി നേരത്തെ തളളിയിരുന്നു. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിതയുടെ ഉപഹരജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.
മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഇതാണ് കോടതി തള്ളിയത്. കേസിൽ പൊലീസ് അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
