ലഖ്‌നോ: മുസ്‌ലിംകൾ തങ്ങളുടെ സംസ്‌കാരം പിന്തുടരണമെന്ന് ഹിന്ദുക്കൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അനാദരവ് കാണിക്കരുതെന്നും അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ്. യുണിഫോം സിവിൽ കോഡ് സംബന്ധിച്ച് വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുഭാരത്വം, മുത്തലാഖ്, നികാഹ് ഹലാല എന്നിവയിൽ ഒരു ഇളവും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സഹിഷ്ണുതയും ദയയും നമ്മുടെ കുട്ടികളെ ജനനം മുതൽ പഠിപ്പിക്കണം. പ്രകൃതിയെയും മൃഗങ്ങളേയും സ്‌നേഹിക്കാൻ നമ്മൾ അവരെ പഠിപ്പിക്കണം. മറ്റുള്ളവരുടെ വേദനയും ദുഃഖവും നമ്മൾ മനസ്സിലാക്കണം. പക്ഷെ അങ്ങനെയുണ്ടാവുന്നില്ല.
മക്കളുടെ മുന്നിൽവെച്ച് മൃഗങ്ങളെ അറുക്കുന്ന നിങ്ങൾ എങ്ങനെ കുട്ടികളെ ദയയും സഹിഷ്ണുതയും പഠിപ്പിക്കുമെന്നും ജസ്റ്റിസ് ശേഖർ കുമാർ യാദവ് ചോദിച്ചു. ഇത് ഇന്ത്യയാണെന്നും ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുകയെന്ന് പറയാൻ തനിക്ക് ഒരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ഹിന്ദുവായതിനാൽ ഞാൻ എന്റെ മതത്തെ ബഹുമാനിക്കുന്നു. എന്നാൽ എനിക്ക് മറ്റു മതങ്ങളോടോ വിശ്വാസങ്ങളോടോ വിദ്വേഷ ചിന്തയില്ല. വിവാഹിതരാകുമ്പോൾ നിങ്ങൾ അഗ്നിക്ക് ചുറ്റും ഏഴ് റൗണ്ട് ചുറ്റണമെന്ന് ഞങ്ങൾ പറയുന്നില്ല. ഗംഗയിൽ സ്‌നാനം ചെയ്യണമെന്നും ആവശ്യപ്പെടുന്നില്ല. പക്ഷേ രാജ്യത്തിന്റെ സംസ്‌കാരത്തെയും ദൈവങ്ങളെയും മഹാൻമാരായ നേതാക്കളെയും നിങ്ങൾ അനാദരിക്കരുതെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
ഹിന്ദു ശാസ്ത്രങ്ങളിലും വേദങ്ങളിൽ സ്ത്രീയെ ദേവതകളായാണ് വിശേഷിപ്പിക്കുന്നത്. അവരോട് മോശമായി പെരുമാറരുത്. മുത്തലാഖും നികാഹ് ഹലാലയും അനുവദിക്കില്ല. ഷാബാനു കേസിൽ വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം കൊടുക്കണമെന്നായിരുന്നു സുപ്രിംകോടതി വിധിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ ഒരു വിഭാഗം ജനങ്ങൾക്ക് മുന്നിൽ തല കുനിച്ചു. ഒടുവിൽ സുപ്രിംകോടതി വിധിയെ മറികടക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നു. ആർഎസ്എസും വിഎച്ച്പിയും ഹിന്ദുക്കളും മാത്രമല്ല ഏക സിവിൽകോഡിനായി വാദിക്കുന്നത്. സുപ്രിംകോടതിയും ഏക സിവിൽകോഡിനെ പിന്തുണച്ചുവെന്നും ജസ്റ്റിസ് ശേഖർ കുമാർ യാദവ് പറഞ്ഞു.
