സമസ്തയിലെ തര്‍ക്കംതീര്‍ക്കാനുള്ള സമവായനീക്കത്തിന് തിരിച്ചടി, അനിശ്ചിതത്വം: ഒരു വിഭാഗം പിന്‍വാങ്ങി

0
1732

മലപ്പുറം: സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ അനുരഞ്ജന നീക്കത്തിനുള്ള മുസ്‌ലിംലീഗ് നീക്കത്തിന് തിരിച്ചടി. ഇന്ന് നടത്താനിരുന്ന സമവായ ചര്‍ച്ചയില്‍നിന്ന് ലീഗ് വിരുദ്ധ വിഭാഗം പിന്മാറിയെന്നാണ് സൂചന. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മലപ്പുറത്തായിരുന്നു ഇരുവിഭാഗങ്ങളേയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നത്. ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ ലീഗ് വിരുദ്ധ വിഭാഗം ആലോചിക്കുന്നുവെന്നാണ് സൂചന.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നേതൃത്വം ചർച്ച ചെയ്ത് തീരുമാനം എടുക്കട്ടെയെന്ന നിലപാടിലാണ് സമസ്തയിലെ ലീഗ് വിരുദ്ധ ചേരി. ചർച്ച പ്രഹസനമാണെന്നും ചർച്ചയിലേയ്ക്ക് ക്ഷണം ലഭിച്ചില്ലെന്നും സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന് പരാതിയുണ്ട്. ചർച്ചയിൽ പങ്കെടുക്കുമെന്നാണ് ലീഗ് അനുകൂല വിഭാഗത്തിൻ്റെ നിലപാട്. 11ന് നടക്കുന്ന സമസ്ത മുശാവറയ്ക്ക് ശേഷം മതി രാഷ്ട്രീയ നേതൃത്വവുമായുള്ള ചര്‍ച്ച എന്നാണ് ഇവരുടെ വാദം.


ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തിയാവും ചർച്ച നടത്താനായിരുന്നു തീരുമാനം. സുപ്രഭാതം, സിഐസി വിഷയങ്ങൾ യോഗത്തിൽ ചർച്ചയാവുമെന്നായിരുന്നു വിവരം. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം എന്നിവരുടെ പ്രസ്താവനകളും ചർച്ച ചെയ്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
ഇന്നത്തെ ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങളില്‍നിന്നും പത്തുപേരെ വീതം പങ്കെടുപ്പിക്കാമെന്നായിരുന്നു നിര്‍ദേശം. ലീഗ് അനുകൂല വിഭാഗത്തില്‍നിന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, യു. മുഹമ്മദ് ശാഫി ഹാജി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനിരുന്നത്.

മറുവിഭാഗത്തില്‍നിന്ന് ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി തുടങ്ങിയവരും പങ്കെടുക്കുമെന്നായിരുന്നു വിവരം. സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പങ്കെടുത്തേക്കില്ലെന്നും അറിയിച്ചിരുന്നു.

സമസ്തയില്‍ കുറച്ചുവര്‍ഷമായി തുടരുന്ന അസ്വാരസ്യങ്ങള്‍ കൂടുതല്‍ മറനീക്കിയത് സാദിഖലി തങ്ങളുടെ ഖാസി സ്ഥാനത്തെ ഉമര്‍ ഫൈസി മുക്കം ചോദ്യംചെയ്തതോടെയാണ്. ഉമര്‍ ഫൈസിക്കെതിരേ നടപടിയാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തുവന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തില്‍ വന്ന എല്‍.ഡി.എഫ്. പരസ്യം ഭിന്നത രൂക്ഷമാക്കി. പത്രത്തില്‍ നയത്തിനു വിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നു കാണിച്ച് 18 ഡയറക്ടര്‍മാര്‍ ജിഫ്രി തങ്ങള്‍ക്ക് കത്തും കൈമാറി.

പാണക്കാട് കുടുംബത്തെയും ലീഗിനെയും സംഘടനയിലെ ചിലര്‍ തുടര്‍ച്ചയായി ആക്രമിക്കുന്നത് പ്രതിരോധിക്കാന്‍ ലീഗ് അനുകൂലവിഭാഗം സമസ്ത ആദര്‍ശ സംരക്ഷണസമിതിയുണ്ടാക്കി. ഇവര്‍ വ്യാഴാഴ്ച മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. അടുത്ത മുശാവറ യോഗം ചേരുന്നതിനു മുന്‍പ് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ ഉറപ്പ്. ഇതിന്റെ ഭാഗമായിരുന്നു ഇന്നത്തെ സമവായ ചര്‍ച്ച.

ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കുമെന്നും അറിയിച്ചിരുന്നു.

സമസ്തയിൽ ലീഗ് അനുകൂല-വിരുദ്ധ ചേരികളുടെ പരസ്യ ത‍ർക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സമവായ ച‍ർച്ചയ്ക്ക് സമസ്ത-ലീഗ് നേതൃത്വം മുൻകൈ എടുത്തത്. പ്രശ്നപരിഹാരത്തിനായി ഇരുവിഭാഗത്തെയും സമസ്ത നേതൃത്വം ച‍ർച്ചയ്ക്ക് വിളിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. അടുത്ത മുശാവറ യോഗത്തിന് മുമ്പായി ച‍ർച്ച നടത്താനായിരുന്നു നേതൃത്വത്തിൻ്റെ നീക്കം. നിലവിലെ വിഷയങ്ങൾ ‍ച‍ർച്ച ചെയ്ത് പരിഹരിക്കുമെന്നും നേതൃത്വം ഉറപ്പ് നൽകിയിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക