മലപ്പുറം: സമസ്തയിലെ വിമത വിഭാഗം രൂപീകരിച്ച ആദർശ സംരക്ഷണ സമിതി ഇന്ന് നടത്താനിരുന്ന പത്രസമ്മേളനം മാറ്റി വെച്ചു. പരസ്യമായ വിഭാഗീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇവർക്കെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം ശക്തമായതോടെയാണിത്. അടുത്ത മുശാവറ യോഗത്തിൽ ഇവർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെയും കെ സി മായിൻ ഹാജിയുടെയും നേതൃത്വത്തിൽ വിമത വിഭാഗം യോഗം ചേർന്ന് സമാന്തര സംഘടനക്ക് രൂപം നൽകിയിരുന്നു. അതോടെ ഇവരെ പിന്തുണച്ചിരുന്ന ആളുകൾ പോലും ഇവർക്ക് എതിരാകുന്ന അവസ്ഥയായി. ഇന്ന് പത്ര സമ്മേളനത്തിന് എത്താം എന്ന് അറിയിച്ചിരുന്ന ചില നേതാക്കളും അവസാനനിമിഷം നടപടി ഭയന്ന് കാലുമാറിയതോടെയാണ് പത്രസമ്മേളനം പിൻവലിച്ച് തടിയൂരിയതെന്നാണ് റിപ്പോർട്ട്.
ലീഗ് പ്രസിഡന്റ്സാദിഖലി തങ്ങളുടെയും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെയും നേതൃത്വത്തിൽ കഴിഞ്ഞ മാസം 27-ന് ചേരാൻ തീരുമാനിച്ചിരുന്ന യോഗത്തിന്റെ പേര് പറഞ്ഞാണ് ഇപ്പോൾ പത്രസമ്മേളനം മാറ്റിവെച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ റോമിൽ പോയതിനാലാണ് ആ ചർച്ച മാറ്റി വെച്ചത്. ആർക്കോ വഴങ്ങിയത് കൊണ്ടാണ് രണ്ട് വിഭാഗങ്ങളെയും ചർച്ചക്ക് വിളിക്കുന്നതെന്ന ചില മാധ്യമങ്ങളുടെ റിപ്പോർട്ട് ശരിയല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
കൂടാതെ വാഫി വഫിയ്യ പ്രശ്നത്തിൽ സമസ്തയെ നിരന്തരം വിമർശിച്ചു കൊണ്ടിരിക്കുന്ന ചില സമസ്ത വിരുദ്ധരുടെ യു ട്യൂബ് ചാനലിലൂടെ ഇവരുടെ സമ്മേളനങ്ങൾ നിരന്തരം പ്രക്ഷേപണം ചെയ്യുന്നതും ഇവർക്ക് തിരിച്ചടിയായി. സമസ്ത വിരുദ്ധ വിഭാഗത്തിന്റെ പിന്തുണയോടെ ആണ് ഇവർ പ്രവർത്തിക്കുന്നത് എന്ന ആരോപണം ഇതോടെ ശക്തമായി.
ന്തായാലും ഇവർക്കെതിരെ ശക്തമായ നടപടി നേതൃ തലത്തിൽ നിന്നു തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമസ്ത ഔദ്യോഗിക വിഭാഗം പ്രവർത്തകരും ഭാരവാഹികളും.