അപകടത്തിൽ മരിച്ച വിദ്യാർഥികൾക്ക് വിടചൊല്ലി മെഡിക്കൽ കോളേജ്; വിങ്ങിപ്പൊട്ടി സഹപാഠികൾ | VIDEO

0
1805

കളിചിരികൾക്കു പകരം കരച്ചിൽ, ചലനമറ്റ് 5 കൂട്ടുകാർ; അന്ത്യയാത്ര ആരംഭിച്ചു

ആലപ്പുഴ: രണ്ടു മാസം മുൻപ് വണ്ടാനം ഗവ.മെഡിക്കൽ കോളജിലെ പഠനത്തിനായി കളിയും ചിരിയുമായി എത്തിയ 5 കൂട്ടുകാര്‍ കോളജിലെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിനു മുന്നിൽ ചലനമറ്റു കിടന്നു, സഹപാഠികൾ കണ്ണീരോടെ അവരെ അവസാനമായി കണ്ടു. ആശുപത്രി പരിസരത്ത് ദുഃഖം തളം കെട്ടി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 5 വിദ്യാർഥികളെ കാണാൻ നാട് ഒഴുകിയെത്തി. രാവിലെ 9 മണിയോടെ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മരിച്ചവരുടെ ബന്ധുക്കൾ രാവിലെ തന്നെ ആശുപത്രിയിലെത്തി. ഇന്നലെയും സംസാരിച്ചവർ വേർപിരിഞ്ഞു പോയതിന്റെ വേദനയിലായിരുന്നു ബന്ധുക്കൾ. ഇന്നലെ രാത്രി 9.20ന് അപകടം നടന്നയുടനെ മെഡിക്കൽ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്ത പരന്നു. അതിനു സ്ഥിരീകരണം ഉണ്ടായതോടെ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളും നാട്ടുകാരും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഓടിയെത്തി.

ആർക്കാണ് അപകടം പറ്റിയതെന്ന് അപ്പോഴും വ്യക്തതയുണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞതോടെയാണ് രാത്രി ഹോസ്റ്റലിൽ നിന്ന് ആലപ്പുഴ നഗരത്തിലേക്കു സിനിമ കാണാൻ പോയ സംഘമാണെന്ന സംശയമുണ്ടായത്. ഹോസ്റ്റലിലെ സഹപാഠികളായ വിദ്യാർഥികൾ മോർച്ചറിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. രാവിലെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുന്നതിനു മുന്‍പ് കലക്ടർ അലക്സ് വർഗീസ് ആശുപത്രിയിലെത്തി. പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ്, സംസ്കാരിക മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി.പ്രസാദ് എന്നിവരും മറ്റ് ജനപ്രതിനിധികളുമെത്തി. ആശുപത്രിയിലെത്തിയ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും പൊട്ടിക്കരഞ്ഞു.

‘‘അവരെല്ലാവരും നല്ല ആക്ടീവായിരുന്നു. പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല’’– സഹപാഠി വിങ്ങലോടെ പറഞ്ഞു. 98% മാർക്കുമായി ആദ്യ അവസരത്തിൽ തന്നെ എൻട്രൻസ് പരീക്ഷ പാസായി എത്തിയതാണ് ലക്ഷദ്വീപ് സ്വദേശിയായ പി.പി.മുഹമ്മദ് ഇബ്രാഹിം. ഇബ്രാഹിമിന്റെ മരണത്തിൽ മാതാപിതാക്കളും ബന്ധുക്കളും മാത്രമല്ല, ആ ദ്വീപ് ഒന്നാകെ വേദനയിലാണ്. ഒരു നാടിന്റെ മുഴുവൻ പ്രതീക്ഷയായിരുന്നു അവൻ.  ‘‘എല്ലാവരും വലിയ ഷോക്കിലാണ്. ഒരു മാസമേയായുള്ളൂ അവൻ പഠിക്കാനെത്തിയിട്ട്.’’– ഇബ്രാഹിമിന്റെ കുടുംബസുഹൃത്ത് പറഞ്ഞു. സ്വന്തം മണ്ണിലേക്ക് തിരിച്ചു പോകാൻ മുഹമ്മദ് ഇബ്രാഹിമിന് കഴിഞ്ഞില്ല. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലാണ് ഖബറടക്കം. 

പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോർട്ടത്തിനുശേഷം ആദ്യം പുറത്തിറക്കിയത്. മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദന്റെ മൃതദേഹമാണ് അവസാനം പുറത്തിറക്കിയത്. ആശുപത്രിയിലെത്തിയ ദേവനന്ദന്റെ അമ്മ പൊട്ടിക്കരഞ്ഞു. 

ദേവനന്ദ് ഇന്നലെ സിനിമയ്ക്കായി പോകുന്നതിനു മുൻപ് അമ്മയെ വിളിച്ചിരുന്നു. നല്ല മഴയായതിനാൽ പിന്നീട് പോകാമെന്ന് അമ്മ പറഞ്ഞിരുന്നു. കൂട്ടുകാർ പോകുന്നതിനാൽ കൂടെ പോകുന്നു എന്നാണ് ദേവനന്ദൻ പറഞ്ഞത്. സിനിമ കാണാൻ കൂട്ടുകാരുമായുള്ള കാർ യാത്ര അവസാന യാത്രയായി. ഇക്കാര്യം പറഞ്ഞ് കൂട്ടുകാർ പൊട്ടിക്കരഞ്ഞു. 12 മണിക്ക് പൊതുദർശനം ആരംഭിച്ചു. മൃതദേഹങ്ങൾ കൊണ്ടുപോകാൻ 5 ആംബുലൻസുകൾ സജ്ജമാക്കിയിരുന്നു. പൊതു ദർശനത്തിനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് സുഹൃത്തുക്കൾ അന്ത്യയാത്ര ആരംഭിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക