ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കി. ശങ്കേഴ്‌സ്, മിഡാസ് എന്നീ ലാബുകൾക്കെതിരെയാണ് നടപടി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം രണ്ട് സ്‌കാനിംഗ് സെന്ററുകളും പൂട്ടി സീൽ ചെയ്തു. അന്വേഷണറിപ്പോർട്ട് ലഭിച്ചശേഷമാകും തുടർനടപടികൾ.
സംഭവത്തിൽ ലാബുകളുടെ ഭാഗത്താണ് വീഴ്ച എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമപ്രകാരം രണ്ട് വർഷത്തെ രേഖകൾ സൂക്ഷിക്കണം എന്നാണെങ്കിലും സ്ഥാപനങ്ങൾ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
സ്‌കാനിംഗ് റിപ്പോർട്ട് പ്രകാരമാണ് ഡോക്ടർമാരുടെ തുടർപരിശോധനകൾ എങ്കിലും ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നതും ആരോഗ്യവകുപ്പ് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ സസ്‌പെൻഷനോ സ്ഥലം മാറ്റമോ നൽകുന്നതിനും ആലോചനയുണ്ട്
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് ഗുരുതര വൈകല്യവുമായി ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമിയുടെ പ്രസവം. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിങിലും ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്‍റെ പിതാവ് പറയുന്നു. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.
സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തത്.