നിലമ്പൂര്‍: വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയും ഒപ്പം ഭരണഘടന സംരക്ഷിക്കാനുമുള്ള ദ്വിതല പോരാട്ടമാണ് തനിക്കെന്ന് പ്രിയങ്കഗാന്ധി എം.പി. എന്നെ നിങ്ങളുടെ കുടുംബാഗമായി ഏറ്റെടുത്തിന് ആഴത്തിലുള്ള നന്ദിയും കടപ്പാടുമുണ്ടെന്നും വ്യക്തമാക്കി. റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിപ്പിച്ചതിന് നന്ദിപറയാനെത്തിയ പ്രിയങ്കഗാന്ധി കരുളായിയിലെ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു.
നിങ്ങളോട് നന്ദി പറയാന്‍വേണ്ടി മാത്രമാണ് രണ്ട് ദിവസത്തേക്ക് ഞാനെത്തിയത്. നിങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടി കഠിനാധ്വാനം ചെയ്യും. എന്റെ സഹോദരന് നിങ്ങള്‍ കരുത്തും ധൈര്യവും നല്‍കി. അദ്ദേഹം നിങ്ങളെ ബഹുമാനിച്ചപോലെ ഞാനും നിങ്ങളെ ആഴത്തില്‍ ബഹുമാനിക്കും. നിങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടി പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യമേഖലയിലും കൂടുതല്‍ വികസനം വേണം. കാര്‍ഷിക വിളകള്‍ക്ക് വിപണിയും മാന്യമായ വിലയും ലഭിക്കണം. നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് കാലത്ത് നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. ടൂറിസം വികസനം, രാത്രിയാത്രാ നിരോധനം, മനുഷ്യ വന്യജീവി സംഘര്‍ഷം അടക്കം ഒട്ടനവധി പ്രശനങ്ങളുണ്ട് അവ പരിഹരിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും.
പാര്‍ലമെന്റിലെ ചര്‍ച്ചയെ പോലും ബി.ജെ.പി ഭയക്കുകയാണ്. ചര്‍ച്ച പോലും അനുവദിക്കാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി പാര്‍ലമെന്റ് സ്തംഭിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് നാം. ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നാശോന്‍മുഖമായ കാര്യപരിപാടികളുമായാണ് അവര്‍ മുന്നോട്ടുപോകുന്നത്. അവര്‍ വിഭജനത്തെ പറ്റി സംസാരിക്കുമ്പോള്‍ നമ്മള്‍ ഐക്യത്തെ പറ്റിയാണ് പറയുന്നത്. അവര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നാം ശക്തിപ്പെടുത്താനാണ് നോക്കുന്നത്. ഭരണാധികാരികളെ നിര്‍ഭയമായി വിമര്‍ശിക്കുന്ന മാധ്യമങ്ങളാണ് നമുക്കാവശ്യം. നിഷ്പക്ഷമായ ജുഡീഷ്യല്‍ സംവിധാനം നമുക്കുണ്ടാകണമെന്നും പ്രിയങ്ക പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി, എന്‍.എ കരീം, ടി. സുരേഷ്ബാബു, കക്കോടന്‍ അബ്ദുല്‍നാസര്‍ പ്രസംഗിച്ചു.