ഫ്ലൈറ്റ് യാത്രയിൽ ഏറെ മടുപ്പുണ്ടാക്കുന്ന ഒരു കാര്യമാണ് ഫ്ലൈറ്റ് വൈകുന്നത്. പലപ്പോഴും മിനിറ്റുകൾ കഴിഞ്ഞ് മണിക്കൂറുകളോളം ഫ്ലൈറ്റ് വൈകാറുണ്ട്. ഈ സമയത്ത് യാത്രക്കാർ അസ്വസ്ഥരാകാറാണ് പതിവ്. എന്നാൽ ഇനി ഫ്ലൈറ്റ് വൈകിയാൽ വിശന്നിരിക്കേണ്ട. ഫ്ലെെറ്റ് കാലതാമസം ഉണ്ടായാൽ റിഫ്രഷ്‌മെൻ്റുകൾ നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനുകളോട് നിർദേശിച്ചിട്ടുണ്ട്.
അതിനാൽ ഇനി മുതൽ വിമാനം 2-4 മണിക്കൂർ വൈകിയാൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് പാനീയങ്ങളും ലഘുഭക്ഷണങ്ങളും നൽകേണ്ടതുണ്ട്. വിമാനങ്ങൾ നാല് മണിക്കൂറിലധികം വൈകിയാൽ യാത്രക്കാർക്ക് ഭക്ഷണം നൽകണം. വിമാനം വൈകുമ്പോൾ യാത്രക്കാർക്ക് സൗകര്യമൊരുകണം എന്ന നിർദേശം എയർലൈനുകൾക്ക് നൽകിയിട്ടുണ്ട്. അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാരുടെ സൗകര്യത്തിന് മുൻഗണന നൽകുന്നതിനാണ് ഈ നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാത്തിരിപ്പ് സമയങ്ങളിൽ യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ മാറ്റം കൊണ്ടുവരുന്നത്.
എൻസിആർ മേഖലകളിൽ വിമാനങ്ങൾ ദീര്‍ഘവീക്ഷണത്തോടെ പെരുമാറുന്നില്ല എന്ന പ്രശ്നത്തിന് പരിഹാരമായാണ് ഇത്തരത്തിൽ നിര്‍ദേശം നൽകിയത്. നീണ്ട കാത്തിരിപ്പിനിടയിൽ യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി അവരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. ഇത് അംഗീകരിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി കൂടുതൽ യാത്രാ സൗഹൃദ മുൻകരുതൽ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.