കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങളെ കുറിച്ച് ചിലർ പറയുന്നത് സാധാരണക്കാർക്ക് സഹിക്കില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. അത് സമസ്തക്കെതിരായ വികാരമായി വന്നേക്കാമെന്നും അതിനെ ചെറുക്കേണ്ടത് ആവശ്യമാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. കോഴിക്കോട് ചേർന്ന ലീഗ് അനുകൂല വിഭാഗത്തിന്റെ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ സമസ്തക്കൊപ്പം നിർത്തണം. ചിന്നഭിന്നമാകുന്ന സാഹചര്യം ഒഴിവാക്കുക എന്ന സദുദ്ദേശമാണുള്ളത്. സമസ്തയിലെ ഉത്തരവാദപ്പെട്ട ഭാരവാഹികളായ ഞങ്ങൾ സമാന്തര വിഭാഗം ഉണ്ടാക്കിയാൽ മുശാവറ നടപടി സ്വീകരിക്കുമെന്ന് നല്ലതുപോലെ അറിയാം – അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
സി.ഐ.സി വിഷയത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ചർച്ച തുടരുകയാണ്. ചർച്ചക്ക് തടസപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തരുത്. സമസ്തയുടെ തീരുമാനത്തിനൊപ്പം ഉറച്ചുനിൽക്കും. പാർട്ടി ഏതാണെങ്കിലും വ്യക്തിപരമായി സമസ്തയെ സഹായിക്കുന്ന നിരവധി പേരുണ്ട്. സംഘടനാപരമായി സമസ്തക്ക് സഹായം ചെയ്തിട്ടുള്ളത് മുസ് ലിം ലീഗ് ആണ്.
ലീഗും സമസ്തയും തമ്മിൽ വൈകാരിക ബന്ധം നിലനിൽക്കുന്നുണ്ട്. അതിന് കാരണം രാഷ്ട്രീയമായ അടിമത്തമോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് സമസ്തയെ അടിയറവ് വെച്ചതോ അല്ല. ലീഗിലും സമസ്തയിലുമുള്ള ഭൂരിപക്ഷം പേരും ഒരേ ചിന്താഗതിക്കാരാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വിമർശനമുയർത്തിയ സമസ്ത സെക്രട്ടറി ഉമർ ഫൈസിക്കെതിരെ സംഘടന നടപടിയെടുക്കാത്തതിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സുപ്രഭാതം പത്രം യു.ഡി.എഫ് വിരുദ്ധ പരസ്യം പ്രസിദ്ധീകരിച്ച വിഷയത്തിലും വിട്ടുവീഴ്ചക്ക് ഒരുക്കമല്ലെന്നാണ് ലീഗ് അനുകൂല വിഭാഗത്തിന്റെ നിലപാട്.
ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കാൻ ലീഗ് അനുകൂല സ്ഥാപനങ്ങളുടെയും പ്രധാന മഹല്ലുകളുടെയും ഭാരവാഹികളുടെ യോഗമാണ് ഇന്ന് കോഴിക്കോട് ചേർന്നത്. ലീഗ് അനുകൂലികളുടെ വിപുലമായ പൊതുസമ്മേളനം നടത്താനും ആലോചനയുണ്ട്. ലീഗിന്റെ മേൽനോട്ടത്തിലല്ലെങ്കിലും നേതൃത്വത്തിന്റെ ആശീർവാദം പുതിയ നീക്കത്തിനുണ്ട്.
സാദിഖലി തങ്ങൾക്കെതിരെ വിമർശനമുയർത്താൻ മുക്കം ഉമർ ഫൈസിയെ സി.പി.എം ഉപകരണമാക്കുകയാണെന്ന് ലീഗ് അനുകൂല വിഭാഗം കരുതുന്നു. ഇദ്ദേഹത്തിന്റെ വിമർശനമാണ് പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും തുടർന്ന് ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനും ഏറ്റെടുത്തത്. സമസ്തയിലെ ലീഗ് വിരുദ്ധരിലൂടെ കളമൊരുക്കിയത് പാലക്കാട് തെരഞ്ഞെടുപ്പിൽ വിഷയമാക്കാനാണെന്ന് പ്രചാരണങ്ങളിൽ വ്യക്തമാവുകയും ചെയ്തു.