ലഖ്‌നൗ: സംഘ്പരിവാര്‍ അവകാശവാദമുന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദില്‍ നടത്തുന്ന സര്‍വേക്കെതിരേ പ്രതിഷേധിച്ച അഞ്ചുപേരെ വെടിവച്ചുകൊന്ന പ്രദേശത്തേക്ക് സന്ദര്‍ശനത്തിന് പുറപ്പെട്ട ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെ എം.പിമാരടങ്ങുന്ന സംഘത്തെ തടഞ്ഞു. ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, ഹാരിസ് ബീരാന്‍, കെ. നവാസ് കനി എന്നിവരടങ്ങുന് സംഘമാണ് സംഭലിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍വച്ച് ഇവരെ തടയുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് സംഭവം.
ഉത്തര്‍പ്രദേശിലേക്ക് പുറപ്പെടും മുമ്പ് ഇ.ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ യാത്രാവിവരം ഉള്‍പ്പെടെ പങ്കുവച്ചിരുന്നു.
‘മുസ്‌ലിം ലീഗിന്റെ അഞ്ച് എംപിമാര്‍ അടങ്ങുന്ന സംഘം ഡല്‍ഹിയില്‍നിന്നും ഉത്തര്‍പ്രദേശിലെ സംഭലിലേക്ക് പുറപ്പെടുകയാണ്. ഷാഹി മസ്ജിദ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാനാണ് യാത്ര. യോഗി ആദിത്യനാഥിന്റെ പൊലിസ് ആ പ്രദേശത്തേക്ക് ജനപ്രതിനിധികള്‍ അടക്കമുള്ള ആരെയും കടത്തിവിടാതെ അവരുടെ ക്രൂരതകള്‍ മറച്ചുവെക്കാനുള്ള ശ്രമിത്തിലാണ്. അങ്ങോട്ട് കടന്നുചെല്ലാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’- എന്നായിരുന്നു പോസ്റ്റ്.
യു.പി പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ച ശേഷമായിരുന്നു യാത്ര. സംഘര്‍ഷ മേഖലയാണെന്നും അവിടേക്ക് പോകാന്‍ സാധ്യമല്ലെന്നും മുസ്ലിം ലീഗ് എം.പിമാരെ യു.പി പൊലീസ് അറിയിച്ചു. എന്നാല്‍, യാത്ര തുടരുകയാണെങ്കില്‍ തടങ്കലിലിടുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി എം.പിമാര്‍ പറഞ്ഞു.