വയനാട്: തിരുനെല്ലിയിൽ ആദിവാസികളോട് കൊടും ക്രൂരത, ഒരു മുന്നറിയിപ്പുമില്ലാതെ കുടിലുകൾ പൊളിച്ചു മാറ്റി വനംവകുപ്പ്. വയനാട് വന്യജീവി സങ്കേതത്തിൽ പെട്ട കൊല്ലിമൂല പണിയ ഊരിലാണ് വനം വകുപ്പിന്റെ പൊളിച്ചു മാറ്റൽ നടപടി.
അനധികൃതമെന്ന് ആരോപിച്ച് 16 വർഷമായി മൂന്ന് കുടുംബങ്ങൾ കഴിയുന്ന കുടിലുകൾ പൊളിച്ചു മാറ്റുകയായിരുന്നു. മറ്റൊരു താമസസ്ഥലം ഏർപ്പെടുത്താതെയാണ് കുടിലുകൾ പൊളിച്ചതെന്ന് ആദിവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന് പിന്നാലെ ഭക്ഷണം പോലും കഴിക്കാനാകാതെ കുഞ്ഞുങ്ങടക്കം രാത്രി കഴിച്ചുകൂട്ടിയത് ആനയിറങ്ങുന്ന മേഖലയിലായിരുന്നു.
പഞ്ചായത്തിൽ വീട് ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ് വനം വകുപ്പിന്റെ നടപടി. സംഭവത്തിന് പിന്നാലെ ഗർഭിണിയും കുട്ടികളും അടക്കം ആദിവാസികൾ വനം വകുപ്പ് ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷനടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി വനംമന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് സംഭവത്തിൽ മന്ത്രി വിശദീകരണമാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.