തെൽ അവീവ്: തെൽ അവീവിനെയും ഹൈഫയെയും വിറപ്പിച്ച ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണ പരമ്പരക്ക് തിരിച്ചടിയായി ബെയ്റൂത്തിൽ ഇസ്രായേലിന്‍റെ വ്യാപക വ്യോമാക്രമണം. തുടർച്ചയായി ഏഴ് തവണ നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇരുപക്ഷവും ആക്രമണം അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂനിയനും അമേരിക്കയും ആവശ്യപ്പെട്ടു.
ഇസ്രായേലിനു നേർക്ക് 340 മിസൈലുകളും റോക്കറ്റുകളും അയച്ചായിരുന്നു ഹിസ്ബുല്ലയുടെ തിരിച്ചടി. തലസ്ഥാന നഗരിയായ തെൽ അവീവ് ഉൾപ്പെടെ ഇസ്രായേൽ പ്രദേശങ്ങളിൽ ആക്രമണത്തിൽ വൻ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ട്. ഇന്നലെ പകൽ 40 ലക്ഷത്തോളം ഇസ്രായേലികൾ പൂർണമായും ബങ്കറുകളിൽ കഴിച്ചുകൂട്ടേണ്ടി വന്നതായി ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. ഒരുഡസനിലേറെ പേർക്ക് പരിക്കുണ്ട്.
ഹൈഫയിലെ നാവിക ആസ്ഥാനത്തിനു നേരെയും വിജയകരമായ മിസൈൽ ആക്രമണം നടന്നതായി ഹിസ്ബുല്ല അറിയിച്ചു. ഹിസ്ബുല്ലയുടെ 80 ശതമാനം മിസൈൽ ശേഷിയും തകർത്തുവെന്ന ഇസ്രായേൽ വാദം ഇതോടെ ദുർബലമായി. ഹിസ്ബുല്ലയുടെ കനത്ത പ്രതിരോധത്തെ തുടർന്ന് ദക്ഷിണ ലബനാനില തന്ത്രപ്രധാന കേന്ദ്രത്തിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങിയതായും റിപ്പോർട്ടുണ്ട്.
ഇതിനു പിന്നാലെയാണ് രാത്രിയിൽ ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിനു നേർക്ക് ഇസ്രായേൽ വ്യാപക വ്യോമാക്രമണം നടത്തിയത്. ബെയ്റൂത്തിലെ കൂടുതൽ കെട്ടിടങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാനും ഇസ്രായേൽ ആവശ്യപ്പെട്ടു. ആക്രമണം രൂക്ഷമായതോടെ അമേരിക്കൻ പ്രതിനിധി ഹമോസ് ഹോച്സ്റ്റിന്റെ നേതൃത്വത്തിൽ നടന്ന വെടിനിർത്തൽ നീക്കവും വഴിമുട്ടി.
നിശ്ചിത സമയത്തിനുള്ളിൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ മധ്യസ്ഥനീക്കം ഉപേക്ഷിക്കുമെന്ന് അമേരിക്കൻ പ്രതിനിധി മുന്നറിയിപ്പ് നൽകിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തലിന് ഉടൻ തയാറാകണമെന്ന് ഹിസ്ബുല്ലയോടും ഇസ്രായേലിനോടും യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു.
അതിനിടെ ഗസ്സയിലും ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. വടക്കൻ ഗസ്സയിലും മറ്റുമായി 46പേർ കൂടി കൊല്ലപ്പെട്ടു. ഗസ്സയിൽ ഒരു വർഷത്തിലേറെയായി തുടരുന്ന വംശഹത്യയെ വിമർശിക്കുന്ന ഫലസ്തീൻ പൗരന്മാരെ ഇസ്രായേൽ തടവിലിട്ട് പീഡിപ്പിക്കുന്നതായി അസോസിയേറ്റഡ് പ്രസ് തയാറാക്കിയ റിപ്പോർട്ട് പറയുന്നു.