ദുബായ്: ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് വേദിയിൽ ഒരു യുഎഇ പ്രതിനിധി. ഒക്ടോബറിൽ സ്വകാര്യ ക്ലോസ്ഡ് ഡോർ ഓഡിഷനിൽ മിസ് യൂണിവേഴ്സ് യുഎഇ കിരീടം നേടിയ മോഡൽകൂടിയായ എമിലിയ ഡോബ്രെവയാണ് മെക്സിക്കോ സിറ്റിയിൽ നടന്ന ആഗോള ഇവന്‍റിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്.
ദശാബ്ദത്തിലേറെയായി യുഎഇയിൽ താമസിക്കുന്ന 27 വയസ്സുകാരിയായ എമിലിയയുടെ ഭർത്താവ് സ്വദേശിയാണ്. അറബിക് സംസാരിക്കുന്ന ഈ യുവതി മിസ് യൂണിവേഴ്സിന്‍റെ ഗ്രാൻഡ് ഫിനാലെയിൽ ലോകത്തെ 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾക്കൊപ്പമാണ് യുഎഇക്ക് വേണ്ടി മാറ്റുരച്ചത്. ഡെന്മാർക്ക് സുന്ദരി വിക്ടോറിയ കെജേറാണ് കിരീടം ചൂടിയതെങ്കിലും എമിലിയ ചരിത്രത്തിന്‍റെ ഭാഗമായി. ദേശീയ വേഷവിധാന റൗണ്ടിൽ എമിലിയ അബായ (പർദ്ദ) ധരിച്ചും ശ്രദ്ധേയയായി.
ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും രണ്ട് വയസുള്ള മകനെയും വിഷമത്തോടെ യുഎഇയിലെ വീട്ടിലാക്കിയാണ് എമിലിയ മൂന്നാഴ്ചത്തേക്ക് മെക്സിക്കോയിലേക്ക് പറന്നത്. പക്ഷേ അത് അവരുടെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയായിരുന്നു – 20 വർഷത്തിലേറെയായി കാത്തിരുന്ന നിമിഷങ്ങൾ.
2003-ൽ ആറാം വയസ്സിലാണ് എമിലിയ ആദ്യമായി ഒരു മത്സരത്തിൽ പങ്കെടുത്തത്– ലിറ്റിൽ മിസ് യൂണിവേഴ്സ്. എന്‍റെയുള്ളിൽ യഥാർഥ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനുള്ള സ്വപ്നം എപ്പോഴും ഉണ്ടായിരുന്നു. മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിക്കാൻ താൻ ആഗ്രഹിച്ചുവെങ്കിലും ആ സമയത്ത് അതിന് വിദൂര സാധ്യത പോലുമില്ലായിരുന്നുവെന്ന് എമിലിയ പറയുന്നു.
യഥാർഥത്തിൽ കൊസോവോയിൽ നിന്നുള്ള കുടുംബാംഗമാണ് എമിലിയ. ഇവരുടെ കുടുംബത്തിലെ മൂന്ന് തലമുറകൾ ഷാർജയുടെ പ്രാന്തപ്രദേശങ്ങളിലായി താമസിക്കുന്നു. സ്വദേശി കൂട്ടുകാരികൾക്കൊപ്പമാണ് എമിലിയ വളർന്നത്. ഞാൻ ഏക മകളായിരുന്നു. അയൽക്കാരായ സ്വദേശി പെൺകുട്ടികളായിരുന്നു കൂട്ടുകാർ. അവരുടെ കളികളിൽ എന്നെയും അവർ ഉൾപ്പെടുത്തി. അതുകൊണ്ട് തന്നെ അറബിക് ഭാഷ വളരെ പെട്ടെന്ന് സ്വായത്തമാക്കി – എമിലിയ പറഞ്ഞു.