അഹ്മദാബാദ്: ഗുജറാത്തിലെ ഇന്ത്യ-പാക് സമുദ്രാതിർത്തിയിൽ സംഘർഷാവസ്ഥ. പാകിസ്താൻ മാരിടൈം ഏജൻസി ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. പിന്നാലെ ഇന്ത്യൻ കോസ്റ്റ്ഗാർഡ് പാക് കപ്പലിനെ പിന്തുടർന്നു പിടികൂടുകയും മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയും ചെയ്തു. സമുദ്രാതിർത്തിയിലെ നോ ഫിഷിങ് സോണിലാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്കാണു സംഭവം. സമുദ്രാതിര്‍ത്തിയില്‍നിന്ന് ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക് മാരിടൈം കപ്പൽ പിഎംഎസ് നുസ്രത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പാക് കപ്പലിനെ പിന്തുടര്‍ന്നു. രണ്ടു മണിക്കൂറോളം സമയമെടുത്ത് കപ്പല്‍ തടഞ്ഞുനിർത്തുകയായിരുന്നു.
മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാതെ വിടില്ലെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. ഒടുവിൽ തൊഴിലാളികളെ പാക് സംഘം വിട്ടുനൽകുകയായിരുന്നു.