ഡൽഹി: വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു പ്രിയങ്ക ഗാന്ധി. താൻ മത്സരിക്കുന്ന മണ്ഡലത്തിലെ മുക്കിലും മൂലയിലും യാത്ര ചെയ്ത പ്രിയങ്കയ്ക്ക് ശുദ്ധവായുവുള്ള വയനാട് ഏറെ ഇഷ്ടമായി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം പച്ചപ്പും തണുത്ത കാറ്റുമുള്ള വയനാടിനെ വിട്ട് ഡൽഹിയിലേക്ക് പോയ വിഷമം പങ്കുവെക്കുകയാണ് കോൺഗ്രസ് സ്ഥാനാർഥി. താൻ ഒരു ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു ഡൽഹിയിലെത്തിയപ്പോൾ എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക രാജ്യതലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ദുഃഖം കുറിച്ചത്. ‘എയർ ക്വോളിറ്റി ഇൻഡെക്‌സിൽ 35 ഉണ്ടായിരുന്ന വയനാടിൽ നിന്ന് ഡൽഹിയിലേക്കെത്തുമ്പോൾ ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു. വിമാനത്തിൽ നിന്ന് ഡൽഹിയെ നോക്കുമ്പോൾ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്’ എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.
‘ഡൽഹിയിലെ അന്തരീക്ഷ ഓരോ വർഷം പിന്നിടുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേർന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ആർക്കും ശ്വസിക്കാനാവുന്നില്ല കുട്ടികൾക്കും പ്രായമായവർക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങൾ വന്നുതുടങ്ങി. നമ്മൾ ഉടൻ ഇതിന് പരിഹാരമായി ചെയ്‌തേ പറ്റൂ.’ പ്രിയങ്ക കൂട്ടിച്ചേർത്തു.





