‘തീപിടിച്ച്’ ഡോളർ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് പവന് 880 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്നവിലയാണിത്. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.
‘തീപിടിച്ച്’ ഡോളർ
അനുകൂല സാഹചര്യങ്ങളുടെ കരുത്തിൽ യുഎസ് ഡോളർ ഇൻഡെക്സ് (യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ ഡോളർ സൂചിക) നിലവിൽ 106.67ൽ എത്തി. കഴിഞ്ഞ ഒരുവർഷത്തെ ഏറ്റവും മികച്ച മൂല്യമാണിത്. യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡും 4.482 ശതമാനത്തിലേക്കു കുതിച്ചുകയറി. ഡോളറും ബോണ്ടും ഓഹരികളും ക്രിപ്റ്റോകറൻസികളും മികച്ച നേട്ടം നൽകിത്തുടങ്ങിയതോടെ നിക്ഷേപകർ ഗോൾഡ് ഇടിഎഫ് അടക്കമുള്ള സ്വർണനിക്ഷേപ പദ്ധതികളിൽനിന്നു പിന്മാറിത്തുടങ്ങിയതാണു വിലയെ വീഴ്ത്തുന്നത്. പുറമേ, ഡോളർ ശക്തിപ്രാപിച്ചതിനാൽ ഡോളർ വാങ്ങുന്നത് ചെലവേറിയതായതും ഡിമാൻഡിനെ ബാധിക്കുകയും വിലക്കുറവിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു.
രാജ്യാന്തര സ്വർണവില ഔൺസിന് 2,559.11 ഡോളറിലേക്കാണ് ഇന്ന് കൂപ്പുകുത്തിയത്. ഇന്നുമാത്രം കുറഞ്ഞത് 50 ഡോളറിലധികം. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,561 ഡോളറിൽ. രാജ്യാന്തരവിലയിലെ ഇടിവ് കേരളത്തിലും ഇന്ന് വില കുറയാൻ ഇടയാക്കി. രാജ്യാന്തരവില 2,545 ഡോളറിന് താഴേക്കുവീണാൽ, വിലത്തകർച്ച ചെന്നുനിൽക്കുക 2,472 ഡോളറിലേക്ക് ആയിരിക്കുമെന്നു ചില നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 54,000 രൂപ നിലവാരത്തിലേക്കും താഴാം.
ജിഎസ്ടി ഉൾപ്പെടെ ഇന്നത്തെ വില
3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ സഹിതം ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 60,056 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,507 രൂപയും. ഒക്ടോബർ 31ന് പവന് വാങ്ങൽവില 64,555 രൂപയും ഗ്രാമിന് 8,069 രൂപയുമായിരുന്നു. അതായത് അന്ന് സ്വർണം വാങ്ങിയവർ നൽകിയതിനേക്കാൾ പവന് 4,449 രൂപയും ഗ്രാമിന് 562 രൂപയും കുറവാണ് ഇന്ന് വില.