തലയോട്ടി ഉൾപ്പെടെ 16 കാരി സഫിയയുടെ ശേഷിപ്പുകൾ ചെറിയ ബോക്സിൽ ഏറ്റുവാങ്ങി, കണ്ണീരോടെ; ദൈവത്തെ വിളിച്ച് വിങ്ങിക്കരഞ്ഞ് അമ്മ

0
2993

സഫിയയെ കാണാതാകുന്നത് 2006 ൽ, മൃതദേഹം കണ്ടെത്തിയത് 2008 ൽ

കാസർകോട്: മകളെവിടെയെന്ന് ചോദിച്ച് മാസങ്ങളോളം സമരമിരുന്ന മാതാപിതാക്കൾക്ക് 16 വർഷത്തിനുശേഷം കിട്ടിയത് മകളുടെ ശരീരാവശിഷ്ടം. കുടക് അയ്യങ്കേരിയിൽനിന്ന്‌ കാസർകോട് മുളിയാർ മാസ്തിക്കുണ്ടിലെ കരാറുകാരന്റെ വീട്ടിൽ ജോലിക്കെത്തിയ സഫിയ എന്ന 16-കാരിയുടെ തിരോധാനത്തിനും കൊലചെയ്യപ്പെട്ടുവെന്ന വാർത്തകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ കോടതി തിങ്കളാഴ്ച ശരീരഭാഗം വീട്ടുകാർക്ക് കൈമാറുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചാണ് കോടതി ഇതിന് ഉത്തരവിട്ടത്. നൊന്തുപെറ്റ മകളെ അവസാനമായെങ്കിലും ഒരു നോക്കുകാണാൻ അതിയായി ആഗ്രഹിച്ചിരുന്നു മാതാപിതാക്കൾ. തിങ്കളാഴ്ച 10.30-ന് അഭിഭാഷകനായ സി.ഷുക്കൂറിനും കർമസമിതി ഭാരവാഹികൾക്കുമൊപ്പമാണ് സഫിയയുടെ മാതാവ് ആയിഷയും പിതാവ് മൊയ്തുവും ജില്ലാ സെഷൻസ് കോടതിയിലെത്തിയത്.

നടപടി പൂർത്തിയാക്കി സഫിയയുടെ ശരീരഭാഗം (തലയോട്ടി) പെട്ടിയിലാക്കി ഏറ്റുവാങ്ങുമ്പോൾ ആയിഷ ദൈവത്തെ വിളിച്ച് വിങ്ങിക്കരഞ്ഞു. രേഖയിൽ ഒപ്പുവെക്കുമ്പോൾ അവരുടെ കൈകൾ വിറച്ചു. സങ്കടം ഉള്ളിലൊതുക്കാൻ പാടുപെടുകയായിരുന്നു പിതാവ് മൊയ്തു. കർമസമിതി ഭാരവാഹികളുടെയും കോടതി ജീവനക്കാരുടെയും കണ്ണുനിറഞ്ഞു.

രാവിലെ കോടതിവളപ്പിലെത്തിയപ്പോൾ മുതൽ നിർത്താതെ കരയുകയായിരുന്നു ആയിഷ. ഇവരെ ആശ്വസിപ്പിക്കാനാകാതെ മകന്റെ ഭാര്യയും തേങ്ങി. ഇവരെ ജില്ലാ ഗവ. പ്ലീഡറുടെ ഓഫീസിലെത്തിച്ച ശേഷം നടപടി ആരംഭിച്ചു. തൊണ്ടിമുതലുകൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽനിന്ന് ക്രൈംനമ്പർ നോക്കി തലയോട്ടിയുടെ ഭാഗമെടുത്തു. ശിരസ്തദാരുടെ മുറിയിൽവെച്ച് അത് പൊതിഞ്ഞു. രേഖകളിൽ മാതാപിതാക്കൾ ഒപ്പുവെച്ചശേഷം പൊതി പെട്ടിയിലാക്കി കൈമാറുകയായിരുന്നു.

ശരീരാവശിഷ്ടം മുഹിമ്മാത്തിൽ മയ്യത്ത് നിസ്കാരത്തിനുശേഷം സഫിയയുടെ ജന്മനാടായ അയ്യങ്കേരിയിലെ ജുമാമസ്ജിദിൽ കബറടക്കി.

സഫിയയെ കാണാതാകുന്നത് 2006-ൽ

കാസർകോട് മുളിയാർ മാസ്തിക്കുണ്ടിലെ കരാറുകാരനായ കെ.സി.ഹംസയുടെ വീട്ടിൽ ജോലിക്ക്‌ നിന്നിരുന്ന സഫിയയെ 2006 ഡിസംബറിലാണ് കാണാതായത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗോവയിൽ കരാറുകാരനായ ഹംസ, ഭാര്യ മൈമൂന എന്നിവർ അറസ്റ്റിലായി. 2008-ൽ ഗോവയിലെ അണക്കെട്ടിന് സമീപത്തുനിന്നാണ് അസ്ഥികൾ കണ്ടെടുത്തത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേൽക്കുകയും സംഭവം പുറത്തറിയാതിരിക്കാൻ കൊന്ന് കഷണങ്ങളായി മുറിച്ച് കുഴിച്ചുമൂടുകയും ചെയ്തെന്ന് പ്രതികൾ സമ്മതിച്ചു.

കേസിൽ ഒന്നാംപ്രതി കെ.സി.ഹംസയെ വധശിക്ഷയ്ക്കും ഹംസയുടെ ഭാര്യയും മൂന്നാം പ്രതിയുമായ മൈമൂനയെയും നാലാം പ്രതി മൈമൂനയുടെ സഹോദരൻ എം.അബ്ദുല്ലയെയും മൂന്നുവർഷം കഠിനതടവിനും ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. രണ്ടാം പ്രതി ദൊഡ്ഡപ്പിള്ളി മൊയ്തു ഹാജി, അഞ്ചാം പ്രതി മുൻ എ.എസ്.ഐ. പി.എൻ.ഗോപാലകൃഷ്ണൻ എന്നിവരെ വെറുതേ വിട്ടു. ഹൈക്കോടതി ഹംസയുടെ ശിക്ഷ ജീവപര്യന്തമാക്കി. മൈമൂന, അബ്ദുല്ല എന്നിവരെ വെറുതേ വിട്ടു. ഹംസ ഇപ്പോൾ ജയിലിലാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക