18 വർഷത്തിന് ശേഷമുള്ള പുനഃസമാഗമം: അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, ജയിലിൽ വെച്ച്

0
2852

റിയാദ്: ഒടുവിൽ അബ്ദുറഹീമിനെ ഉമ്മ നേരിൽ കണ്ടു, പതിനെട്ടു വർഷത്തിന് ശേഷം. റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മ ഫാത്തിമ ഇന്നാണ് ജയിലിൽ എത്തി സന്ദർശിച്ചത്. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിൽ എത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്.

കഴിഞ്ഞ ദിവസം റിയാദ് ജയിലിൽ ഇവർ എത്തിയിരുന്നെങ്കിലും അന്ന് റഹീമിനെ കാണാൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ പത്തിന് റിയാദിലെ ഇന്ത്യൻ എംബസിയിൽ റഹീമിന്റെ ഉമ്മ എത്തിയിരുന്നു. വധശിക്ഷയിൽ ഇളവ് ലഭിച്ച് മോചനം കാത്ത് സഊദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും നാല് ദിവസം മുമ്പ് ജയിലിലെത്തിയിരുന്നെങ്കിലും റഹീം ഉമ്മയെ നേരിട്ട് കാണാൻ കൂട്ടാക്കിയിരുന്നില്ല.

ഒടുവിൽ ജയിലിൽ എത്തിയ മാതാവ് ഫാത്തിമ വീഡിയോ കോൺഫ്രൻസ് വഴി റഹീമിനെ കണ്ട് മടങ്ങുകയായിരുന്നു. റഹീമിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന റിയാദിലെ റഹീം നിയമസഹായ സമിതി അറിയാതെയാണ് റഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിലെത്തിയിരുന്നത്.

തന്റെ മോചനത്തിന് ആവശ്യമായ തുക സ്വരൂപിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച റഹീം നിയമസഹായ സമിതിയുടെ പിന്തുണയില്ലാതെ സന്ദർശനം നടത്തരുതെന്ന് നേരത്തെ തന്നെ റഹീം ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഉമ്മയെ കാണാൻ റഹീം വിസമ്മതിച്ചത്. അബ്‌ദുൽ  റഹീമിന്റെ മോചനഹരജി നവംബർ 17ന് കോടതി വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത‌ അതേ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്. നവംബർ 21ന് കേസ് പരിഗണിക്കുമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും റഹീമിന്റെ അഭിഭാഷകരുടെ അപേക്ഷപ്രകാരം 17- ലേക്ക് മാറ്റുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക