Saturday, 14 December - 2024

വാഹനറാലി, വഴി തടയൽ, കേക്ക് മുറിക്കൽ; ഡിവൈഎഫ്ഐ പ്രവർത്തകന്റെ പിറന്നാൾ ആഘോഷം

പത്തനംതിട്ട: വഴിതടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാർ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്സ് ജംക്‌ഷനിൽ നടന്ന കാർ റാലിയിൽ ഇരുപതോളം കാറുകൾ അണിനിരന്നു. അൻപതോളം യുവാക്കളാണ് ആഘോഷത്തിൽ പങ്കെടുത്തത്. 

കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ  ക്ലബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നു ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലയിൽ മൂന്നാം തവണയാണ് പൊതുനിരത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പിറന്നാൾ ആഘോഷം നടത്തുന്നത്.

രാത്രി 9.15-നായിരുന്നു ആഘോഷത്തിന്റെ തുടക്കം. വെട്ടിപ്പുറം ഭാഗത്തുനിന്ന് റാലിയായി കാറിലാണ് യുവാക്കള്‍ സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ എത്തിയത്. അവിടെ തെരുവ് വിളക്കിന് വലംവെച്ച് കുരിശടിയുടെ ഭാഗത്ത് കേന്ദ്രീകരിച്ചു. തുടര്‍ന്ന് കാറിന്റെ ബോണറ്റില്‍വെച്ച് കേക്ക് മുറിച്ചു. ആഘോഷങ്ങള്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആഘോഷങ്ങള്‍. വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇസ്റ്റഗ്രാമിലും ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.

പവര്‍ ഓഫ് പത്തനംതിട്ട എന്നത് ബിജെപി-ആര്‍എസ്എസ് ബന്ധമുള്ള യുവാക്കളുടെ കൂട്ടായ്മയാണ്. ഇവരും സമാനരീതിയില്‍ ഗതാഗതം തടസപ്പെടുത്തി രാത്രിയില്‍ പ്രവര്‍ത്തകരുടെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്താണ് അവര്‍ പ്രവര്‍ത്തകരിലൊരാളുടെ പിറന്നാള്‍ ആഘോഷിച്ചത്. ഇതിന് മറുപടിയായുള്ള ശക്തി പ്രകടനം എന്ന രീതിയിലായിരുന്നു ശനിയാഴ്ചത്തെ ആഘോഷം.

നേരത്തേ മലയാലപ്പുഴയിൽ കാപ്പ കേസ് പ്രതി ശരൺ ചന്ദ്രന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. അടൂരിലെ പറക്കോട് ഡിവൈഎഫ്ഐയുടെ പ്രാദേശിക ഭാരവാഹിയുടെ ജന്മദിനം ലഹരിക്കേസിലെ പ്രതികളോടൊപ്പം ആഘോഷിച്ചതും വിവാദമായി. അടൂരിലെ സംഭവം പാർട്ടി അന്വേഷിച്ചുവരികയാണ്.

Most Popular

error: