Saturday, 14 December - 2024

വിവാഹ ഷോപ്പിങ് ദുരന്തയാത്രയായി; വരനും സുഹൃത്തുക്കള്‍ക്കും ദാരുണാന്ത്യം

വിവാഹാവശ്യങ്ങള്‍ക്കായുള്ള വസ്തുക്കള്‍ വാങ്ങാനുള്ള യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തില്‍ വരൻ ഉൾപ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ കാകോരി പൊലീസ് സ്റ്റേഷൻ പരിധിയില്‍ പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. സംഘം സഞ്ചരിച്ചിരുന്ന വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവരുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ജഹാനഗഞ്ചിൽ നിന്നുള്ള ശശാങ്ക് റാത്തോഡ് (24), സുഹൃത്തുക്കളായ ശിവം യാദവ് (24), അനുജ് റാത്തോഡ് (24), ആദിത്യ രാജ്പുത് (22), ശന്തനു സിങ് (24) എന്നിവരാണ് മരിച്ചത്. റെവാരി ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം. ശശാങ്കും ശിവവും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അനൂജ്, ആദിത്യ, ശന്തനു എന്നിവരെ ആശുപത്രിയിലെത്തിച്ചിരുന്നു. അനൂജ് പിന്നീട് മരണത്തിന് കീഴടങ്ങി. പരുക്കറ്റ ശന്തനുവിന്‍റെയും ആദിത്യയുടെയും നില ഗുരുതരമായി തുടരുകയാണ്.

യുപി എക്‌സ്‌പ്രസ്‌വേസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് അതോറിറ്റി (യുപിഇഐഡിഎ) അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി രണ്ട് മണിക്കൂറിലേറെ പ്രയത്നിച്ചാണ് കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. ക്രെയിനുപയോഗിച്ചാണ് ട്രക്കിൽ നിന്ന് കാർ വേർപെടുത്തിയത്. ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥത്തുനിന്നും ഓടി രക്ഷപ്പെട്ടതായാണ് വിവരം. കൂടുതൽ അന്വേഷണത്തിനായി കാറും ട്രക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് മാസം മുമ്പായിരുന്നു ശശാങ്ക് റാത്തോഡിന്‍റെ വിവാഹനിശ്ചയം. അടുത്ത മാസം നടക്കാനിരുന്ന വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു യുവാവ്. ഇതിന്‍റെ ഭാഗമായി സാധനങ്ങള്‍ വാങ്ങാനാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുറപ്പെട്ടത്. സുഹൃത്ത് സംഘത്തിന്‍റെ അപ്രതീക്ഷിതമായ വിയോഗം കുടുംബത്തെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Most Popular

error: