ഗസ്സ: 2023 ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 188 മാധ്യമപ്രവർത്തകർ. അവസാനം കൊല്ലപ്പെട്ട നാല് മാധ്യമപ്രവർത്തകരുടെ പേര് കൂടി ഗസ്സ ആസ്ഥാനമായ സർക്കാർ മീഡിയ ഓഫീസ് പുറത്തുവിട്ടു.
അനഡോലു ന്യൂസ് ഏജൻസിയിലെ സഹ്‌റാ മുഹമ്മദ് അബു സാഖിൽ, അഹമ്മദ് മുഹമ്മദ് അബൂ സാഖിൽ എന്നിവരാണ് കൊല്ലപ്പെട്ട രണ്ടുപേർ. ഗസ്സയിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഇരട്ട സഹോദരങ്ങളായ ഇവർ കൊല്ലപ്പെട്ടത്.
നേരത്തെ കൊല്ലപ്പെട്ട രണ്ട് മാധ്യമപ്രവർത്തകരുടെ മരണം കൂടി ഇന്നലെ ജിഎംഒ സ്ഥിരീകരിച്ചു. മാർച്ച് 31ന് തെക്കൻ ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മാധ്യമപ്രവർത്തകനായ മുസ്തഫ ഖാദർ ബഹ്ർ കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറൻ ഗസ്സയിലെ കരാമയിൽ ഒക്ടോബർ ആറിന് നടന്ന ആക്രമണത്തിലാണ് ഫോട്ടോ ജേണലിസ്റ്റായ അബ്ദുൽ റഹ്‌മാൻ ഖാദർ ബഹ്ർ കൊല്ലപ്പെട്ടത്.
അതേസമയം കഴിഞ്ഞ ദിവസം ജബലിയ്യയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 32 ഫലസ്തീനികൾ കൊല്ലപ്പെട്ടു. വീടുകൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം. ഗസ്സയിൽ 44 പേരും ലബനാനിൽ 31 പേരുമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ആറ് ലബനീസ് രക്ഷാപ്രവർത്തകരും വിട്ടയക്കപ്പെട്ട മൂന്ന് ഫലസ്തീൻ തടവുകാരും കൊല്ലപ്പെട്ടവരിൽപ്പെടും.
ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യയിൽ ഇതുവരെ 43,552 പേരാണ് കൊല്ലപ്പെട്ടത്. 102,765 പേർക്ക് പരിക്കേറ്റു. ലബനാനിൽ 3,136 പേർ കൊല്ലപ്പെടുകയും 13,979 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.