ബയോഡേറ്റുകളും മറ്റു വിവരങ്ങളും ‘വിശ്വസനീയമല്ലെന്ന്’ എ ഐ; തനിക്ക് ജോലി നഷ്ടമായെന്ന പരാതിയുമായി യുവതി

0
748

തൊഴിലിടങ്ങളിലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും ഒക്കെ എ ഐ സാങ്കേതികവിദ്യ വലിയതോതിൽ ആഘോഷിക്കപ്പെടുന്നുണ്ട്. പാചക സഹായിയായി ഉപയോഗിക്കുന്നത് മുതൽ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുക വരെ ചെയ്യുന്ന മനസ്സാക്ഷി സൂക്ഷിപ്പുകാരുടെ സ്ഥാനത്തേക്ക് വരെ ഇന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്‍റെ അനന്തസാധ്യതകളെ ആളുകൾ പ്രതിഷ്ഠിച്ചു കഴിഞ്ഞു.

എന്തിനും ഏതിനും എ ഐ പ്രതിവിധി നൽകുമെന്ന വിശ്വാസം സമീപകാലത്തായി വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും, സാങ്കേതികവിദ്യയിലെ ഈ പുരോഗതി നിലവിലുള്ള പല ജോലികൾക്കും ഭാവിയിൽ വെല്ലുവിളി ഉയർത്തുമോ എന്ന ആശങ്കയും ചെറുതല്ല. ഈ വിഷയം ഗൗരവതരമായി തന്നെ കാണേണ്ടതാണ് എന്ന് തെളിയിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടു. 

ജോലിക്കായി സമർപ്പിച്ച ബയോഡേറ്റുകളും മറ്റു വിവരങ്ങളും ‘വിശ്വസനീയമല്ലെന്ന്’ എ ഐ ചാറ്റ് ബോട്ട് സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് തനിക്ക് അഭിമുഖത്തിൽ ജോലി നഷ്ടപ്പെട്ടു എന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് സ്വദേശിയായ ഒരു വനിത.

സാങ്കേതികവിദ്യയുടെ ഇത്തരം കടന്നു കയറ്റങ്ങൾ മനുഷ്യന്‍റെ കഴിവുകൾക്കും അവസരങ്ങൾക്കും വിലങ്ങ് തടി ആകുമോ എന്ന സംശയവും തന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ട് അവർ ഉയർത്തി. ദാമിഷ ഇർഫാൻ എന്ന വനിതയാണ് ലിങ്ക്ഡ്ഇനിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. എ ഐ ഡിറ്റക്ടറുകൾ കാരണം എനിക്ക് എന്‍റെ ജോലി നഷ്ടമായി എന്നായിരുന്നു ഇവരുടെ പോസ്റ്റ്.