Saturday, 14 December - 2024

യാത്രക്കിടെ വിമാനത്തിലെ എമർജെൻസി വാതിൽ തുറക്കാൻ ശ്രമം, പരിഭ്രാന്തി; യാത്രികനെ തടഞ്ഞ് സഹയാത്രികർ, മർദ്ദനം

പനാമ: കോപ്പ എയർലൈൻസ് വിമാനത്തില്‍ എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം. വിമാനത്തിനുള്ളില്‍ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ സഹയാത്രികര്‍ തടയാന്‍ ശ്രമിച്ചത് കയ്യാങ്കളിയില്‍ കലാശിച്ചു. ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോ‌ർട്ട് പ്രകാരം ബ്രസീലിൽ നിന്ന് പനാമയിലേക്ക് പോയ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് യാത്രികൻ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുന്നത്. ഇതിന് പിന്നാലെ സഹയാത്രികർ ഇയാളെ തടയുകയും മർദ്ദിക്കുകയുമായിരുന്നു.

എമ‌ർജൻസി വാതിലിനടുത്തേക്ക് പാഞ്ഞ യാത്രികൻ ആദ്യം ഫ്ലൈറ്റ് അറ്റൻ്ഡിനെ ബന്ദിയാക്കാൻ ശ്രമിക്കുകയായിരുന്നു. ഭക്ഷണ ട്രേയിലെ കത്തി ഉപയോഗിച്ചാണ് ഫ്ലൈറ്റ് അറ്റൻഡിനെ ബന്ദിയാക്കാൻ ഇയാൾ ശ്രമിച്ചത്. ഫ്ലൈറ്റ് അറ്റൻഡിൻ്റെ നിലവിളി ശബ്ദം കേട്ട് ആളുകളെത്തിയപ്പോഴേക്കും എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ആളുകളെത്തി ഇയാളെ തടയുകയും മർദ്ദിക്കുകയും ചെയ്തത്. സമൂഹമാധ്യമമായ എക്സിൽ ഉൾപ്പടെ വൈറലാവുന്ന വിഡിയോയിൽ രക്തം പുരണ്ട മുഖവുമായി നിൽക്കുന്ന ഇയാളെ കാണാൻ സാധിക്കും.

പനാമയിൽ ഇറങ്ങിയ ശേഷം “ദേശീയ സുരക്ഷാ സംഘം വിമാനത്തിൽ പ്രവേശിച്ച് യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തതായി എയർലൈൻസ് അറിയ്യിച്ചു. ജീവനക്കാരുടെയും യാത്രികരുടെയും സമയോജിതമായ പ്രവർത്തനങ്ങളാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചതെന്നും സ്ഥിതി നിയന്ത്രണ വിധേയമാക്കിയതെന്നും എയർലൈൻ വക്താവ് അറിയിച്ചു.

Most Popular

error: