ഹമാസ് തലവനായിരുന്ന സിൻവാർ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

0
1518

ഹമാസ് തലവനായിരുന്ന യഹ്‍യ സിൻവാർ അവസാനമായി ഭക്ഷണം കഴിച്ചത് മരണത്തിന്റെ മൂന്ന് ദിവസം മുമ്പെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇസ്രായേലി ഫോറൻസിക് ഡോക്ടർമാർ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ഒക്ടോബർ 16നാണ് യഹ്‍യ സിൻവാർ കൊല്ലപ്പെടുന്നത്. മരിക്കുന്നതിന്റെ 72 മണിക്കൂർ മുമ്പ് വരെ അദ്ദേഹം ഒന്നും കഴിച്ചിട്ടില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതായി ‘ഇസ്രായേൽ ഹായോം’ റിപ്പോർട്ട് ചെയ്യുന്നു. ഡിഎൻഎ സാമ്പിൾ ലഭിക്കാനായി സിൻവാറിന്റെ കൈവിരൽ മുറിച്ചതായും ഇ​സ്രായേലി നാഷനൽ ഫോറൻസിക് ഇൻസിറ്റിറ്റ്യൂട്ട് ഡയറക്ടർ ചെൻ കൂഗെൽ പറഞ്ഞു.

മുമ്പ് ജയിലിൽ കഴിഞ്ഞതിനാലും മെഡിക്കൽ റെക്കോർഡ് ഉള്ളതിനാലും ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. തലയ്ക്ക് വെടിയേറ്റെങ്കിലും ഏറെനേരം അതിജീവിച്ച സിൻവാർ മസ്തിഷ്ക ക്ഷതം കാരണം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കുഗൽ കൂട്ടിച്ചേർത്തു. പോസ്റ്റുമോർട്ടത്തിനുശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്.