ഹരിയാന: കഴിഞ്ഞയാഴ്ചയാണ് ഹരിയാനയിലെ കർഷകർ കാർഷികവിളകൾക്കായുള്ള വളത്തിനായി വളം ഫാക്ടറികളിലേക്ക് മാർച്ച് നടത്തിയത്. കർഷകരുടെ ക്യൂ ഒരു കിലോമീറ്ററിനടുത്ത് നീണ്ടു. കർഷകരുടെ നിര വലിയ ട്രാഫിക്ക് ജാം ഉണ്ടാകുന്നതിന് കാരണമായി. ട്രാഫിക്ക് നിയന്ത്രിക്കാനും കർഷകരെ നിയന്ത്രിക്കാനും പൊലീസിന് ലാത്തി ചാർജ് നടത്തേണ്ടതായി വന്നു. കർഷകരും പ്രതിഷേധിച്ചു.
കർഷകരുടെ പ്രശ്‌നം ഒരു രാജ്യശ്രദ്ധ നേടാൻ അധികം സമയമെടുക്കാറില്ല ആയതിനാൽ ഭൂരിഭാഗം സർക്കാരുകളും പ്രശ്‌നങ്ങൾ അടിച്ചമർത്താനോ ചർച്ചകളിലൂടെ പരിഹരിക്കാനോ ആണ് ശ്രമിക്കാറ്. എന്നാൽ ഹരിയാനയിലെ ഈ കർഷകരുടെ സമരത്തിന് പരിഹാരം കാണാൻ അന്താരാഷ്ട്ര സമൂഹം തന്നെ ഒത്തൊരുമിച്ച് വരേണ്ടതായി വരും. കാരണമിത് രാജ്യത്തിനകത്തെ പ്രശ്‌നമല്ല മറിച്ച് നാലായിരം കിലോമീറ്റർ അപ്പുറത്ത് ഇസ്രായേൽ ഫലസ്തീന് മേൽ തുടരുന്ന വംശഹത്യയുടെ പ്രശ്‌നമാണ്, യുക്രൈന് മേലുള്ള റഷ്യൻ അധിനിവേശത്തിന്റെ പ്രശ്‌നമാണ്.
ഗോതമ്പ്. ബാർലി, പട്ടാണിക്കടല, പയർ വർഗങ്ങൾ എന്നിവയുടെ വിതക്കൽ സീസണാണ് പഞ്ചാബിലും ഹരിയാനയിലും. കൃഷിക്കായി കർഷകർ ആശ്രയിക്കുന്നത് മികച്ച രാസവളമായ ഡൈ-അമോണിയം ഫോസ്‌ഫേറ്റിനെയാണ് (ഡിഎപി). എന്നാൽ മികച്ച ഗുണനിലവാരമുള്ള ഡിഎപി ലഭിക്കാനായി വിദേശരാജ്യങ്ങളെയാണ് വളം ഫാക്ടറികൾ ആശ്രയിക്കാറുള്ളത്.