Saturday, 14 December - 2024

സഊദി അറേബ്യയുടെ വന്‍ നീക്കം; നവംബര്‍ 11ന് മഹാ ഒത്തുചേരല്‍… ചുക്കാന്‍ പിടിച്ച് ബിന്‍ സല്‍മാന്‍

റിയാദ്: പശ്ചിമേഷ്യയില്‍ പുതിയ ചുവടുവയ്പ്പിന് സഊദി അറേബ്യ ഒരുങ്ങുന്നു. ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സഊദി അറേബ്യ നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്. ലോകത്തെ ഇസ്ലാമിക രാജ്യങ്ങളുടെയും അറബ് രാജ്യങ്ങളുടെയും സമ്മേളനം നടക്കാന്‍ പോകുകയാണ് സഊദി അറേബ്യയില്‍. രണ്ട് ദിവസം നീളുന്ന സമ്മേളനം തലസ്ഥാനമായ റിയാദിലായിരിക്കും സംഘടിപ്പിക്കുക.

പശ്ചിമേഷ്യയിലെ ഓരോ സംഭവങ്ങളും ആഗോള ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്ന ഘട്ടത്തിലാണ് സൗദി അറേബ്യ മുന്നില്‍ നിന്ന് പുതിയ ശ്രമം നടത്തുന്നത്. ഇതിന്റെ അനന്തര ഫലം ഒരു പക്ഷേ, ഇസ്രായേലിന് അനിഷ്ടകരമായേക്കാം. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗദിയിലെ സമ്മേളനത്തിലേക്കുള്ള ക്ഷണം ലഭിച്ചു. ഇറാന്റെയും തുര്‍ക്കിയുടെയും പ്രതിനിധികളും എത്തും.

ഇസ്രഈയേലും ഹമാസും തമ്മിലുള്ള യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാുപിച്ചിരിക്കുകയാണ്. ലബനാന്‍, സിറിയ, ഇറാഖ്, ഇറാന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പ്രതിഫലനങ്ങളുണ്ടായി. ഇറാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും എത്തിയിരിക്കുന്നു. ഇനിയും തടഞ്ഞില്ലെങ്കില്‍ മേഖല യുദ്ധക്കളമാകുമെന്നും ലോകം തകരുമെന്നും സഊദി അറേബ്യയും സഖ്യരാജ്യങ്ങളും മനസിലാക്കുന്നു.

ഈ സാഹചര്യത്തിലാണ് നവംബര്‍ 11, 12 ദിവസങ്ങളില്‍ റിയാദില്‍ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് പ്രഥമ പരിഗണാ വിഷയം. പലസ്തീന്‍ രാഷ്ട്രരൂപീകരണവും അജണ്ടയിലുണ്ട്. ലോക സമൂഹത്തിന്റെ പിന്തുണ നേടുന്നതിന് അടുത്തിടെ സൗദി ഒരു യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

2023ല്‍ അറബ് ഇസ്ലാമിക് ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. സഊദി രാജാവ് സല്‍മാനും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ചുക്കാന്‍ പിടിച്ചാണ് അന്ന് സമ്മേളനം നടത്തിയത്. ഇതിന്റെ തുടര്‍ യോഗമാണ് അടുത്താഴ്ച. ഇതിന് പിന്നിലും സൗദി ഭരണാധികാരികള്‍ തന്നെ. ആദ്യ സമ്മേളനം നടന്ന വേളയിലുള്ള രാഷ്ട്രീയ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. കൂടുതല്‍ രൂക്ഷമായ യുദ്ധത്തിന്റെ വക്കിലാണ് നിലവില്‍ പശ്ചിമേഷ്യ. അതുകൊണ്ടുതന്നെ വലിയ പ്രധാന്യമുള്ള യോഗമാണ് നടക്കാന്‍ പോകുന്നത്.

ഗാസയില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ ഐക്യത്തോടെ ശ്രമിക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ സമ്മേളനം നിലപാട് എടുത്തിരുന്നു. സൗദി, ഈജിപ്ത്, ഖത്തര്‍, ജോര്‍ദാന്‍, ഇന്തോനേഷ്യ, നൈജീരിയ, തുര്‍ക്കി തുടങ്ങിയ നിരവധി രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്ത സെഷനിലായിരുന്നു ഈ തീരുമാനം. എങ്കിലും ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം തടയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സമാധാന ചര്‍ച്ചകളുമായി ഖത്തറും ഈജിപ്തും മുന്നിലുണ്ടെങ്കിലും യുദ്ധം തുടരുകയാണ്.

നിലവിലെ യുദ്ധത്തില്‍ സൈനികമായി ഏറെ മുന്നിലാണ് ഇസ്റാഈൽ. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും മുതിര്‍ന്ന നേതാക്കളെ ഇസ്രായേല്‍ വധിച്ചു. ഇസ്റാഈൽ സൈന്യത്തിനും തിരിച്ചടിയേറ്റിട്ടുണ്ട്. അതേസമയം, രാഷ്ട്രീയമായി ഇസ്രായേല്‍ വലിയ പ്രതിസന്ധി നേരിടുന്നു. ഹമാസിന്റെ തടവിലുള്ളവരെ മോചിപ്പിക്കാന്‍ സാധിക്കാത്തത് നെതന്യാഹുവിനെതിരായ വികാരം ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അറബ് രാജ്യങ്ങളുമായി സഖ്യമുണ്ടാക്കാനുള്ള ഇസ്രായേലിന്റെ ശ്രമവും പാതിവഴിയില്‍ നിലച്ച മട്ടാണ്.

Most Popular

error: