ഉമർ ഫൈസിയെ പിന്തുണച്ച് സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ, കെ.എം ഷാജി സമസ്തയുടെ പണ്ഡിതസഭയെ അപമാനിച്ചെന്ന് ഹമീദ് ഫൈസി അമ്പലക്കടവ്

0
653

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശനത്തിൽ മുക്കം ഉമർ ഫൈസിയെ പിന്തുണച്ച് സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ. മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി സമസ്തയുടെ പണ്ഡിതസഭയെ അപമാനിച്ചെന്ന് എസ്‌വൈഎസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സിഐസി വിഷയത്തിൽ ഷാജി ഇടപെടേണ്ടെന്നും സമസ്തയെ അസ്ഥിരപ്പെടുത്താനുള്ള സലഫി-ജമാഅത്തെ ഇസ്‌ലാമി ഗൂഢാലോചന തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമസ്തയിൽ സിപിഎം സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുവെന്ന ഷാജിയുടെ ആരോപണം അത്യന്തം ഭീകരമാണ്.

സമസ്ത കേരളത്തിലെ സമുന്നതരായ ആത്മീയ പണ്ഡിതനേതൃത്വമാണ്. അവർക്കിടയിൽ സിപിഎം പോലെയുള്ള ഭൗതിക രാഷ്ട്രീയ പാർട്ടിയുടെ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട് എന്നു പറയുന്നത് സമസ്തയെയും സംഘടനയെ അംഗീകരിക്കുന്ന ജനലക്ഷങ്ങളെയും അപമാനിക്കലാണ്.

സമസ്തയിൽ ജനലക്ഷങ്ങൾ സ്‌നേഹിക്കുന്ന നേതാവാണ് ഷാജി. അദ്ദേഹത്തെ പോലെയുള്ള ഒരാൾ സമസ്തയെ ഇങ്ങനെ അപമാനിക്കാൻ പാടില്ലായിരുന്നുവെന്നും ഹമീദ് ഫൈസി പറഞ്ഞു.