ഡൽഹിയിലെ എട്ടും മുംബൈയിലെ നാലും അടക്കം 18 ഏജൻസികൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പേര് വിവരങ്ങൾ പുതുക്കി പ്രസിദ്ധീകരിച്ചു. 18 ഇന്ത്യൻ ഏജൻസികളും 160 കുവൈത്ത് കമ്പനികളുമാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അൽ മനാർ സ്റ്റാർ കമ്പനി ഫോർ ഡെലിവറിങ് കൺസ്യൂമർ ഓർഡേഴ്‌സ്, ഹുദാസ് സെൻ്റർ ഫോർ ഏർലി ലേണിങ് കമ്പനി ഫോർ മാനേജിങ് നഴസ് എന്നിവ ഉൾപ്പെടെ ഡൽഹിയിലെ എട്ടും മുംബൈയിലെ നാലും അടക്കം 18 ഏജൻസികളാണ് പുതുക്കിയ പട്ടികയിലുള്ളത്.
ജനറൽ ട്രേഡിങ്, കോൺട്രാക്ടിങ്, കേറ്ററിങ്, റെസ്റ്റോറന്റുകൾ, മെഡിക്കൽ, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ മേഖലകളിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന 160 കമ്പനികളും കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. തൊഴിലാളിയുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കൽ, ശമ്പളം നൽകാതിരിക്കൽ, ശാരീരിക
പീഡനം മുതലായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനങ്ങളെ ഇന്ത്യൻ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരാതികൾ പരിഹരിക്കാത്ത സാഹചര്യങ്ങളിൽ കമ്പനികളെ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴിലാളികളോട് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യും. ഇതിനു പുറമെ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളിലേക്ക് പുതിയ ഇന്ത്യൻ തൊഴിലാളികളെ നേരിട്ടോഅല്ലെങ്കിൽ ഓൺ ലൈൻ വഴിയോ റിക്രൂട്ട് ചെയ്യുന്നതിന് എംബസി നിരോധനം ഏർപ്പെടുത്തുകയും ചെയ്യും..